മനമറിയാതെ

KARNNAN SURIYAPUTRAN

മനമറിയാതെ .. ❤❤❤

കാർ ഒന്ന് കുലുങ്ങിയപ്പോൾ കൃഷ്‌ണേന്ദു കണ്ണുകൾ തുറന്ന് പുറത്തേക്ക് നോക്കി… ഏതോ കയറ്റം കയറുകയാണ്… സൂര്യൻ അസ്തമിച്ചു കഴിഞ്ഞു… റോഡിന്റെ വശത്ത് വലിയൊരു ചരിവ് ആണ്.. അതിനപ്പുറം മലനിരകളുടെ നിഴൽ രൂപം…. അങ്ങിങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം പോലെ വെളിച്ചത്തിന്റെ പൊട്ടുകൾ കാണാം…നിത്യ അവളുടെ ചുമലിലേക്ക് തല ചായ്ച്ച് നല്ല ഉറക്കത്തിലാണ്…കാറിന്റെ ഡ്രൈവറും അടുത്തിരിക്കുന്ന ഗണേശനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…ഇടയ്ക്ക് അയാളൊന്ന് തിരിഞ്ഞു നോക്കി..

“മോള് ഉറങ്ങിക്കോ… ഇനിയും കുറേ ദൂരം പോകാനുണ്ട്… എത്തുമ്പോ രാത്രിയാകും..”

കൃഷ്‌ണേന്ദു അയാളെ തന്നെ ശ്രദ്ധിച്ചു… തന്റെ ഇളയച്ഛൻ ആണിത്… അച്ഛന്റെ ഒരേയൊരു അനുജൻ… അവൾക്ക് ചിരി വന്നു… അച്ഛൻ….. ആ മുഖം പോലും മനസ്സിൽ നിന്നും മാഞ്ഞു …. എപ്പോഴാണ് അവസാനമായി കണ്ടത്?….

നിറം മങ്ങിതുടങ്ങിയ ചില ഓർമകളുണ്ട്… ആദ്യത്തേത് അമ്മയുടെ തറവാട് വീടിന്റെ പൂമുഖത്ത് ഒരു സന്ധ്യാനേരമാണ്… അപ്പൂപ്പനും മാമന്മാരും നാട്ടിലെ പ്രമാണിമാരുമെല്ലാം അവിടെ ഇരിക്കുന്നുണ്ട്… മുറ്റത്ത് ഒരു കുറ്റവാളിയെ പോലെ കൈകൾ നെഞ്ചിൽ കെട്ടി, തലകുനിച്ച് നില്കുകയായിരുന്നു അച്ഛൻ…..വടക്കേമുറിയിൽ അമ്മൂമ്മയുടെ കുഴമ്പുമണക്കുന്ന കട്ടിലിൽ കിടന്നുകൊണ്ട് അവൾ കാതോർത്തു.. ഒന്നിച്ചുള്ള ആക്രോശങ്ങൾക്കിടയിൽ സംഭാഷണങ്ങൾ വ്യക്തമല്ല…. അച്ഛൻ മാപ്പർഹിക്കാത്ത എന്തോ തെറ്റ്‌ ചെയ്തെന്നു മാത്രം മനസിലായി….കൃഷ്‌ണേന്ദുവിന് അന്ന് അഞ്ചോ ആറോ വയസാണ് പ്രായം…അവൾ അമ്മൂമ്മയെ തോണ്ടി വിളിച്ചു..

“എന്താ മോളേ?”

“എന്തിനാ അച്ഛനെ വഴക്കു പറയുന്നേ?”

മറുപടി നൽകാതെ അവരവളെ ചേർത്തു പിടിച്ചു…അമ്മയും താനും തങ്ങളുടെ വീട്ടിൽ നിന്നും എന്തിനാണ് തറവാട്ടിലേക്ക് താമസം മാറിയതെന്ന് അവൾക്ക് അറിയില്ലായിരുന്നു… പക്ഷേ ഇവിടം അവൾക്ക് ഒത്തിരി ഇഷ്ടമായി..ഒരുപാട് ആളുകൾ… വലിയ വീട്…. വിശാലമായ പറമ്പ്…. കളിക്കാൻ ആ വീട്ടിലും അടുത്ത വീടുകളിലുമൊക്കെ സമപ്രായക്കാരായ കുട്ടികൾ ഉണ്ട്… അച്ഛൻ കൂടെ ഇല്ല എന്ന കുറവ് മാത്രം…. തറവാടിന്റെ അടുത്തുള്ള സ്കൂളിലേക്ക് മാറ്റി ചേർത്തതോടെ ഇനിയെന്നും ഇവിടെ തന്നെയാകുമെന്ന് അവൾ ഊഹിച്ചു…… ഏകദേശം ഒന്നരവർഷത്തിന് ശേഷം അപ്പൂപ്പന്റെ ബന്ധുവായ വിനയചന്ദ്രന്റെ കൂടെ പുഷ്പഹാരമണിഞ്ഞ് അമ്മ ആ വീട്ടിലേക്ക് കയറിവന്നപ്പോൾ അവൾ അന്തം വിട്ടു..

“കുഞ്ഞിന്റെ അമ്മയുടെ കല്യാണം കഴിഞ്ഞതാ… ഇനി ഇതാണ് കുഞ്ഞിന്റെ അച്ഛൻ…”

വീട്ടുജോലി ചെയ്യുന്ന സരോജിനി അവളോട് പറഞ്ഞു .. അതെങ്ങനെ ശരിയാകും?.. ഇതല്ലല്ലോ തന്റെ അച്ഛൻ?.. ഒരുപാട് ചോദ്യങ്ങൾ ഉണ്ടായെങ്കിലും അവൾ മൗനം പാലിച്ച് ഒതുങ്ങിക്കൂടി… വിനയചന്ദ്രൻ അവളെ സ്വന്തം മോളെപ്പോലെ സ്നേഹിച്ചു… അയാളുടെ കുടുംബക്കാരൊക്കെ ദൂരെയെതോ നാട്ടിലാണെന്നും അടുത്തുള്ള ബാങ്കിൽ ജോലികിട്ടിയതിനാൽ തറവാട്ടിൽ തന്നെയാകും അയാൾ താമസിക്കുകയെന്നും മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ നിന്നും കൃഷ്‌ണേന്ദു മനസിലാക്കി… വർഷം ഒന്ന് കഴിഞ്ഞപ്പോഴാണ് നിത്യ ജനിച്ചത്…. അരയ്ക്ക് കീഴ്പ്പോട്ട് വളർച്ചയില്ലാത്ത കുഞ്ഞ്….!!! ആ തറവാട്ടിൽ ദുഃഖം തളം കെട്ടി….. അമ്മൂമ്മയും അപ്പൂപ്പനും കുഞ്ഞിനേയും കൊണ്ട് സകലക്ഷേത്രങ്ങളിലും കയറിയിറങ്ങിയെങ്കിലും ജീവിതത്തിലൊരിക്കലും നിത്യയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി… അതോടെ വിനയചന്ദ്രൻ മാനസികമായി തളർന്നു….

അമ്മയ്ക്ക് വേറൊരാളിൽ ജനിച്ച കുഞ്ഞിനെ ഉൾകൊള്ളാൻ ആദ്യമൊക്കെ കൃഷ്‌ണേന്ദുവിന് സാധിച്ചില്ല… പക്ഷേ അവളുടെ നിഷ്കളങ്കമായ ചിരി പതിയെ ഉള്ളിലെ വെറുപ്പ് മാറ്റി… ഇത്‌ തന്റെ അനിയത്തിയാണെന്ന് അവൾ സ്വയം പറഞ്ഞു…. യഥാർഥ്യവുമായി എല്ലാവരും പൊരുത്തപ്പെട്ടു തുടങ്ങിയപ്പോഴാണ് വിധി അടുത്ത ആഘാതം ഏൽപ്പിച്ചത്… ഒരപകടത്തിൽ വിനയചന്ദ്രൻ മരിച്ചു… ഒരു മരണം എങ്ങനെ ജീവിച്ചിരിക്കുന്നവരെ ബാധിക്കും എന്നത് തീരെ ചെറിയ പ്രായത്തിൽ തന്നെ കൃഷ്‌ണേന്ദു തിരിച്ചറിയുകയായിരുന്നു… ആ വീടിൽ എപ്പോഴും ഭയാനകമായ നിശബ്ദത നിറഞ്ഞു… അമ്മൂമ്മ രുഗ്മിണി മാത്രം പടിഞ്ഞാറ്റയിലെ ദൈവങ്ങളുടെ ഫോട്ടോ നോക്കി നെടുവീർപ്പിട്ടു…..നിത്യ കുറച്ചു വലുതായപ്പോൾ കൃഷ്‌ണേന്ദു പഠിക്കുന്ന സ്കൂളിൽ തന്നെയാണ് ചേർത്തത്… രാവിലെയും വൈകിട്ടും വീൽ ചെയർ തള്ളുന്നത് കൃഷ്‌ണേന്ദുവാണ്… വലിയവീട്ടിൽ നാരായണന്റെ പേരക്കുട്ടികൾ എന്ന ബഹുമാനവും പരിഗണനയും സ്കൂളിലും നാട്ടിലും കിട്ടിയിരുന്നു…സമ്പന്നനായ നാരായണന്റെ മൂത്ത മകളാണ് ജയലക്ഷ്മി… അവളുടെ അമ്മ…ഒരിക്കൽ പോലും അമ്മയുടെ ചിരിക്കുന്ന മുഖം അവൾ കണ്ടിട്ടില്ല… അവളെന്നല്ല, ആരും….അവർ കരയാറുമില്ല… രണ്ടാം ഭർത്താവായ വിനയചന്ദ്രൻ മരിച്ചപ്പോഴും അവർ ശിലപോലെ ഇരിക്കുകയായിരുന്നു… ആ കണ്ണുകൾ നിറഞ്ഞത് പോലുമില്ല..ലോകത്തോട് മുഴുവൻ വെറുപ്പും പകയും കൊണ്ടുനടക്കുന്ന ജയലക്ഷ്മിയോട് ആരും അധികം സംസാരിക്കാറില്ല… അപ്പൂപ്പൻ മരിച്ചതോടെ ആ വീട് ജയലക്ഷ്മിയുടെ ഭരണത്തിലായി… തറവാട്ട് വക വെളിച്ചെണ്ണ മില്ലും, ജയലക്ഷ്മി മോട്ടോർസ് എന്ന പേരിൽ ഓടുന്ന നാല് ബസുകളും അവർ ഏറ്റെടുത്തതിൽ അമ്മായിമാർ അതൃപ്തി പ്രകടിപ്പിച്ചു….

“പ്രതാപനും മനോഹരനും പറമ്പിലെ കാര്യങ്ങൾ നോക്കി നടത്തട്ടെ… മില്ലും ബസുമെല്ലാം ഇപ്പൊ തന്നെ നഷ്ടത്തിലാ… ജയ അത് വേണ്ടരീതിയിൽ കൈകാര്യം ചെയ്തോളും… അവൾക്ക് എഴുതി കൊടുത്തിട്ടൊന്നുമില്ലല്ലോ… നാല് കാശ് കിട്ടിയാൽ എല്ലാർക്കും കൂടി തന്നെയല്ലേ?”

അമ്മൂമ്മ എല്ലാവരുടെയും വായടപ്പിച്ചു… തന്റെ ആൺമക്കൾ ഉത്തരവാദിത്തം ഇല്ലാത്തവരും ആഡംബരപ്രിയരായ ഭാര്യമാരുടെ താളത്തിന് തുള്ളുന്നവരുമാണെന്ന് അവർക്ക് അറിയാമായിരുന്നു..

“എന്നാലും അമ്മേ, ബസ് സർവീസ് വല്യേച്ചിക്ക് ശരിയാവില്ല…ആണുങ്ങൾക്ക് തന്നെ പാടാണ്… അപ്പോഴാ ഒരു പെണ്ണ്…”

ഇളയ അനിയൻ പ്രതാപൻ പറയുന്നത് കേട്ട് ജയലക്ഷ്മി കലിതുള്ളിക്കൊണ്ട് അങ്ങോട്ട് വന്നു..

“അതെന്താടാ പെണ്ണെന്നു പറയുമ്പോ നിനക്കൊരു പുച്ഛം?…. ടൗണിലൊരു സൂപ്പർമാർക്കറ്റ് അന്തസോടെ നടത്തിയവളാ ഞാൻ.. നീയൊക്കെ ഈ നാട് വിട്ട് പുറത്തേക്ക് പോയിട്ടുണ്ടോ?..ഞാൻ കണ്ട ലോകവും ആൾക്കാരെയുമൊന്നും നീ കണ്ടിട്ടില്ല… ഇതൊക്കെ എനിക്ക് കൂടി അവകാശപ്പെട്ടതാ.. ഞാനെവിടെനിന്നും വലിഞ്ഞു കേറി വന്നതുമല്ല….”

അവർ അട്ടഹസിച്ചു..

“നീയൊക്കെ നോക്കി നടത്തി നശിപ്പിച്ച സ്വത്തിന്റെ കണക്കുകൂടി പറയട്ടെ?”

അതോടെ അനിയന്മാർ നിശബ്ദരായി…ചേച്ചിയെ ദേഷ്യം പിടിപ്പിച്ചാൽ നഷ്ടം തങ്ങൾക്കാണെന്ന് അവർക്ക് മനസിലായി…
പിന്നീടങ്ങോട്ട് ജയലക്ഷ്മിയുടെ വളർച്ച ആയിരുന്നു.. നല്ല വിദ്യാഭ്യാസവും ബുദ്ധിയും ഉണ്ടായിരുന്ന അവരുടെ കഴിവ് കൊണ്ട് ബിസിനസുകൾ ലാഭത്തിലായി… ആർക്കും തളർത്താൻ പറ്റാത്ത, അസാമാന്യ മനക്കട്ടിയുള്ള പെണ്ണായ അവർ തന്റെ മക്കളോട് ഒരിക്കൽ പോലും സ്നേഹത്തിൽ പെരുമാറിയിട്ടില്ല…തനിച്ചായതും, ഇളയ മകളുടെ വൈകല്യവും ഒന്നും തന്നെ യാതൊരു വിധത്തിലും ബാധിക്കാത്തത് പോലെ അവർ തന്റേത് മാത്രമായ ഒരു ലോകത്ത് ജീവിച്ചു…അതുകൊണ്ട് തന്നെ നിത്യയുടെ എല്ലാ ചുമതലകളും കൃഷ്‌ണേന്ദു സ്വയം ഏറ്റെടുത്തു… ആ വീട്ടിൽ വേറാരും അവളെ ശ്രദ്ധിക്കില്ല എന്ന് കൃഷ്‌ണേന്ദുവിന് അറിയാമായിരുന്നു….

“ഓൾടെ അഹങ്കാരത്തിനു ദൈവം കൊടുത്തതാ ഇങ്ങനത്തെ ഒന്നിനെ..”

വലിയമ്മായി ശാന്തി ഒരിക്കൽ പറയുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത നോവ് അനുഭവപ്പെട്ടു… നന്നായി പഠിക്കുന്ന കുട്ടിയാണ് നിത്യ….. അധ്യാപകരും സഹപാഠികളും കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം പോലും വീട്ടിൽ നിന്ന് കിട്ടാറില്ല…

“അമ്മയ്ക്ക് എന്താ നമ്മളെ ഇഷ്ടമല്ലാത്തത് ചേച്ചീ?”

ഒരു അവധി ദിവസം വൈകുന്നേരം അമ്പലത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ നിത്യ ചോദിച്ചു…അതിന്റെ ഉത്തരം കൃഷ്‌ണേന്ദുവിന് അജ്ഞാതമായിരുന്നു.മറുപടി പറയാതെ അവൾ വീൽചെയർ തള്ളി..റോഡിന്റെ ഒരു വശം വിശാലമായ പാടമാണ്… അവിടെ കുറേ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്….

“കുറച്ചു കഴിഞ്ഞ് പോകാം?”

നിത്യയുടെ ആവശ്യം അവൾ അംഗീകരിച്ചു… ആർത്തുവിളിക്കുന്ന കുട്ടികളെ നോക്കിയിരിക്കവേ നിത്യ അവളെ തോണ്ടി…

“ചേച്ചീ..”

“ന്താ മോളേ?”

“എനിക്കും ക്രിക്കറ്റ് കളിക്കണം..”

“അയ്യോ… അത് പറ്റില്ല.. ചെക്കന്മാരുടെ കളിയാ… നമ്മളെ കൂട്ടില്ല..”

“ഇച്ചിരി നേരം മതി ചേച്ചീ…” നിത്യ കെഞ്ചി..

“പറയുന്നത് മനസിലാക്ക് മോളേ… നമുക്ക് വീട്ടിൽ പോയി ചെസ്സ് കളിക്കാം…”

“ന്നെപ്പോലെ വയ്യാത്ത കുട്ടികൾക്ക് അതേ പറ്റൂ… അല്ലേ?”

ആ ചോദ്യം കൃഷ്‌ണേന്ദുവിന്റെ നെഞ്ചിൽ തറച്ചു…. എന്തു പറയണമെന്നറിയാതെ വിഷണ്ണയായി നിൽകുമ്പോഴാണ് അവിടെ കളിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് ഓടിവന്നത്….

“നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ?. വല്ലതും കാണാതെ പോയോ?”

അവൻ കിതച്ചു… കൃഷ്‌ണേന്ദുവിന് അവനെ അറിയാം….അവരുടെ വീടിന്റെ അടുത്തുള്ള ഗോവിന്ദൻകുട്ടിയുടെ മകൻ ജയേഷ്….. ജയലക്ഷ്മി ട്രാവൽസിലെ സ്ഥിരം ഡ്രൈവറാണ് ഗോവിന്ദൻകുട്ടി…. ജയേഷ് കോളേജിൽ പഠിക്കുന്നു….. എവിടെങ്കിലും വച്ച് കണ്ടാൽ ഒന്ന് പുഞ്ചിരിക്കുമെന്നല്ലാതെ സംസാരിക്കുന്നത് ഇത്‌ ആദ്യമായാണ്…

“ഇല്ല… വെറുതെ കളിക്കുന്നത് നോക്കി നിന്നതാ… അപ്പൊ ഇവൾക്കും കളിക്കണമെന്ന്…”

ജയേഷ് ഉറക്കെ ചിരിച്ചു..

“അതാണോ ഇത്രവല്യ കാര്യം?.. വാ…”

അവൾക്ക് തടയാൻ കഴിയും മുമ്പേ ജയേഷ് നിത്യയുടെ വീൽ ചെയർ വയലിലേക്ക് തള്ളിക്കൊണ്ടു പോയി..സ്റ്റമ്പിന് മുന്നിൽ അവളെ നിർത്തി അവൻ ഒരു കുട്ടിയുടെ കയ്യിൽ നിന്നും ബാറ്റ് വാങ്ങി…

“ഇതിന് നല്ല കനമുണ്ട്… മോൾക്ക് വേറെ തരാം…”

അവൻ വയലിന്റെ കരയിലെ തെങ്ങിൻചോട്ടിൽ നിന്നും ഒരു ഓലമടൽ എടുത്തു… അതിനടുത്തുള്ള വീട്ടിൽ പോയി കത്തി വാങ്ങി മടലിനെ ബാറ്റിന്റെ രൂപത്തിൽ വെട്ടിയൊതുക്കി കൊണ്ടുവന്നു.. അത് നിത്യയുടെ കയ്യിൽ പിടിപ്പിച്ചു…അതിന് ശേഷം അവൾക്ക് അടിക്കാൻ പാകത്തിന് ബോൾ ചെയ്തു.. മറ്റുകുട്ടികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.. വേറൊരു കുട്ടിയെ ബോൾ ചെയ്യാൻ ഏൽപ്പിച്ച് അവൻ കൃഷ്‌ണേന്ദുവിന്റെ അരികിലെത്തി..

“കണ്ടോ… അനിയത്തി ഹാപ്പിയായി…തനിക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടെന്ന് അവൾക്ക് ഫീൽ ചെയ്യാതെ നോക്കേണ്ട ഉത്തരവാദിത്തം ചുറ്റുമുള്ളവർക്കാ… ഇതുപോലുള്ള നിസാരമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മളെ കൊണ്ട് എന്താ പ്രയോജനം?”

ജയേഷിന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്‌ണേന്ദുവിന് സ്വയം പുച്ഛം തോന്നി..അവൾക്ക് താനല്ലാതെ വേറാരും ഇല്ല.. എന്നിട്ടും…..

കുറച്ചു നേരം കളിച്ചപ്പോഴേക്കും നിത്യ ക്ഷീണിച്ചു…

“ഇന്ന് ഇത്രയും മതി…മോൾക്ക്‌ ഇനി കളിക്കണമെന്ന് തോന്നിയാൽ ഇങ്ങോട്ട് വന്നോ.. ചേട്ടന്മാർ ഉണ്ടാകും…”

വീൽ ചെയർ റോഡിലേക്ക് തിരികെ എത്തിച്ച ശേഷം ജയേഷ് പറഞ്ഞു… നിത്യ സന്തോഷത്തോടെ തലയാട്ടി… കൃഷ്‌ണേന്ദുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവൻ വയലിലേക്ക് നടന്നു…
പിന്നെ അതൊരു പതിവായി… സ്കൂൾ വിട്ട് തിരിച്ചു വരുമ്പോൾ വൈകുന്നേരങ്ങളിൽ അരമണിക്കൂറോളം വയലിൽ ചിലവഴിക്കും… ജയേഷ് ഇല്ലെങ്കിലും അവന്റെ പലപ്രായത്തിനുള്ള കൂട്ടുകാർ നിത്യയെ കളിക്കാൻ കൂടെ കൂട്ടും…

തറവാട്ടിലെ മുറ്റത്തിന്റെ ഇടതു ഭാഗത്ത് ഒരു ഷെഡ്‌ ഉണ്ട്… ആദ്യം അത് കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും വളവുമൊക്കെ വയ്ക്കാനായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്.. പക്ഷേ കൃഷ്‌ണേന്ദുവിന്റെ അപ്പൂപ്പൻ മരിച്ച ശേഷം അമ്മാവന്മാർ തനിച്ചോ, കൂട്ടുകാർക്കൊപ്പമോ മദ്യപിക്കാറുള്ളത് അതിനകത്ത് ഇരുന്നാണ്…. വീട്ടിലെ സ്ത്രീകൾ അതൊന്നും കാര്യമാക്കാറില്ല.രാത്രി വൈകുവോളം അവിടെനിന്നും ബഹളങ്ങളൾ കേൾക്കാറുണ്ട്..

ഒരു വൈകുന്നേരം വയലിലെ കളിയും കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയതായിരുന്നു നിത്യയും കൃഷ്‌ണേന്ദുവും..വേഗം അകത്തു കയറാനായിരുന്നു അവരുടെ ശ്രമം.

“നിൽക്കെടീ….” ഒരു അലർച്ച കേട്ട് രണ്ടുപേരും ഞെട്ടി… ഷെഡിൽ നിന്നും വലിയമ്മാവൻ മനോഹരൻ ഇറങ്ങി വന്നു… അയാളുടെ കയ്യിൽ പുളിമരത്തിന്റെ കമ്പ് കണ്ടപ്പോൾ അവരുടെ ഉള്ള് വിറച്ചു..

“സ്കൂളിൽ നിന്നും ഇവിടേക്ക് പത്തു മിനിറ്റ് പോലും വേണ്ട… എന്താ വൈകിയത്?”

അയാളുടെ മുഖത്ത് നോക്കാൻ അവർക്ക് പേടി തോന്നി.മദ്യത്തിന്റെ രൂക്ഷമായ ഗന്ധമടിച്ച് കൃഷ്‌ണേന്ദുവിന് മനംപിരട്ടി… അവൾ എന്തോ പറയാൻ ശ്രമിക്കും മുൻപ് മനോഹരൻ കമ്പ് വീശി… ഇടത് തോളിലാണ് അടി കൊണ്ടത്…. കൃഷ്‌ണേന്ദു വേദനകൊണ്ട് പുളഞ്ഞ് പോയി….

“കണ്ട തെണ്ടി പിള്ളേരോടൊപ്പം പാടത്ത് നിരങ്ങാൻ നിനക്കൊന്നും നാണമില്ലേ?.. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനുണ്ടായ അസത്തുക്കൾ…”

അയാൾ കൈ കുഴയുന്നത് വരെ അടിച്ചു… നിത്യയ്ക്കും കിട്ടി അടി…അവശതകൾ വകവയ്ക്കാതെ അമ്മൂമ്മ മുറ്റത്തിറങ്ങി തടസം പിടിക്കുന്നത് വരെ മർദനം തുടർന്നു..

“നീ കുട്ടികളെ കൊല്ലാൻ നോക്കുകയാണോ ടാ?”

അവർ ശാസിച്ചു..

“അമ്മ മാറി നിക്ക്… പെൺപിള്ളേരായാൽ അടങ്ങിയൊതുങ്ങി ജീവിക്കണം….. “

“അത് പറഞ്ഞാൽ പോരേ?.. തല്ലണോ?”

“തല്ലേണ്ട സമയത്ത് തല്ലണം.. ഇല്ലെങ്കിൽ തള്ളയെ പോലെ ആരെയും കൂസാത്ത സ്വഭാവം ആകും..”

“എന്റെ മോൾക്ക് ഇവളുടെ പ്രായം തന്നെയല്ലേ?.. കളിക്കണമെങ്കിൽ അവളുടെ കൂടെ ആകാമല്ലോ?.. രണ്ട് പറമ്പ് അപ്പുറമല്ലേ വീട്?… ആണ്പിള്ളേരുടെ കൂടെ പോകുന്നത് എന്തിനാ?”

ചെറിയമ്മാവൻ പ്രതാപന്റെ കൂട്ടുകാരനായ മധു എരിതീയിൽ എണ്ണയൊഴിച്ചു…
ഷെഢിലുണ്ടായിരുന്ന മറ്റുള്ളവരും അത് ഏറ്റ് പിടിക്കുന്നുണ്ടായിരുന്നു…. അമ്മൂമ്മ ഒരുവിധത്തിൽ അവരെ അവിടുന്ന് രക്ഷിച്ച് അകത്തേക്ക് കൊണ്ടുപോയി..പ്രതാപൻ വന്നപ്പോൾ അയാളുടെ പങ്കും കൃഷ്‌ണേന്ദുവിന് കിട്ടി.. വടിക്ക് പകരം കൈ കൊണ്ടായിരുന്നു എന്ന് മാത്രം… കവിളും പൊത്തിപ്പിടിച്ച് നിൽക്കുമ്പോഴും നിത്യക്ക് അടികിട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു…

രാത്രി ഒൻപതരമണിക്ക് കാർ സ്വയം ഡ്രൈവ് ചെയ്തുകൊണ്ട് ജയലക്ഷ്മി വരുന്നതും കാത്ത് രണ്ടുപേരും ഇരുന്നു..

“അമ്മ ഇതുകണ്ടോ?… “

തന്റെയും അനിയത്തിയുടെയും പാടുകൾ അവൾ കാട്ടി..

“നന്നായിപ്പോയി… തിന്നിട്ട് എല്ലിന്റിടയിൽ കേറിയിട്ടല്ലേ..?”

അതായിരുന്നു ജയലക്ഷ്മിയുടെ പ്രതികരണം.. കാര്യങ്ങളെല്ലാം എരിവും പുളിയും ചേർത്ത് ആരോ അവരുടെ കാതിൽ എത്തിച്ചിരുന്നു…

“നിങ്ങൾക്ക് ഇവിടെ എന്തിന്റെ കുറവാ?..ഇഷ്ടപ്പെട്ട ഭക്ഷണം, തരാതരം ഡ്രസ്സ്‌… മറ്റുള്ള വീട്ടിലൊക്കെ അവിടുത്തെ കുട്ടികൾ ജോലി ചെയ്യാറുണ്ട്… ഇവിടെ എല്ലാത്തിനും സർവെന്റ്… സുഖസൗകര്യങ്ങൾ കൂടിയതിന്റെ കുഴപ്പമാ ഈ അഹങ്കാരം….”

അതോടെ കൃഷ്‌ണേന്ദു അനിയത്തിയെയും കൊണ്ട് അവരുടെ മുറിവിട്ടിറങ്ങി… ആ വീട്ടിൽ തങ്ങളുടെ ഭാഗം നിൽക്കാൻ ആരുമില്ല എന്നവൾക്ക് മനസിലായി…

“അച്ഛനുണ്ടായിരുന്നെങ്കിൽ ആരും അടിക്കില്ലായിരുന്നു… അല്ലേ ചേച്ചീ?”

രാത്രി അവളെ കെട്ടിപ്പിടിച്ചുകിടക്കുമ്പോൾ നിത്യ ചോദിച്ചു…കൃഷ്‌ണേന്ദുവിന്റെ മനസിലേക്ക് വിനയചന്ദ്രന്റെയും സ്വന്തം അച്ഛന്റെയും രൂപം തെളിഞ്ഞു… നിത്യയുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ആരും അടിക്കില്ല… പക്ഷേ അദ്ദേഹം മരണപ്പെട്ടു.. തന്റെ അച്ഛനോ?… ഈ വീട്ടിൽ തടവുകാരിയെ പോലെ ജീവിക്കാൻ തന്നെ വിട്ടിട്ട് എങ്ങോട്ടോ പോയി.. ദൂരെയെങ്ങോ വേറെ വിവാഹം കഴിച്ച് സന്തോഷമായി കഴിയുന്നുണ്ടെന്ന് അമ്മായിമാർ പറയുന്നത് അവൾ പലപ്പോഴും കേട്ടിട്ടുണ്ട്….മക്കളോട് സ്നേഹമുള്ള ഒരച്ഛനും ഇങ്ങനെ ചെയ്യില്ല… ആ രാത്രി മുതൽ അവൾ അച്ഛനെന്ന വ്യക്തിയെ വെറുക്കാനും മറക്കാനും തുടങ്ങി…

അടുത്ത ദിവസം മുതൽ അവരെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചു വരാനും ജയലക്ഷ്മി പ്രതാപനെ ഏൽപ്പിച്ചു.. അയാളുടെ ജീപ്പിൽ വരുമ്പോൾ വയലിൽ കളിക്കുന്ന കുട്ടികളെ സങ്കടത്തോടെ നിത്യ നോക്കി.. ഇനിയൊരിക്കലും അവിടെ ചെല്ലാനോ, കളിക്കാനോ തനിക്ക് പറ്റില്ല… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. കൃഷ്‌ണേന്ദുവും അതേ അവസ്ഥയിലായിരുന്നു… ജയേഷിന്റെയും കൂട്ടുകാരുടെയും നിഷ്കളങ്കമായ സൗഹൃദം ആണ് നഷ്ടമായത്… അവരുടെ കൂടെയിരിക്കുന്ന അരമണിക്കൂറോളം സമയം ഒത്തിരി സന്തോഷം അനുഭവിക്കുന്നതാണ്… അതില്ലാതായി…
അന്ന് വൈകിട്ട് ടൈലർ സുമതിയുടെ കടയിൽ തന്റെ ഡ്രസ്സ്‌ വാങ്ങാൻ പോകുകയായിരുന്നു കൃഷ്‌ണേന്ദു…തോടിനടുത്തു കൂടി പോയാൽ പെട്ടെന്ന് കവലയിൽ എത്തുമെന്നത് കൊണ്ട് അവൾ ആ വഴി തിരഞ്ഞെടുത്തു… ഇരുവശങ്ങളിലും കൈതചെടികൾ വളർന്നു നിൽക്കുന്ന തോട്ടിൻ കരയിലൂടെ നടക്കുമ്പോഴാണ് പുറകിൽ നിന്നൊരു വിളി..

“കൃഷ്ണേ…” അവൾ തിരിഞ്ഞു നോക്കി.. ജയേഷ്… കൂടെ അവന്റെ അച്ഛൻ ഗോവിന്ദൻകുട്ടിയും..

“നീ എവിടെ പോകുവാ?”

“സുമതി ചേച്ചിയുടെ കടയിൽ .. നിങ്ങളോ?”

“ഞങ്ങള് വെറുതേ ചൂണ്ടയിടാൻ ഇറങ്ങിയതാ…”
മറുപടി പറഞ്ഞത് ഗോവിന്ദൻകുട്ടിയാണ്… അയാൾ ചൂണ്ടക്കൊളുത്തിൽ ഇര കോർത്ത് തൊട്ടിലേക്ക് ഇട്ട് അവിടെയിരുന്നു…

“വയലിൽ കളിക്കാൻ വന്നതിന് നല്ലോണം കിട്ടി… അല്ലേ?”

ജയേഷ് ചോദിച്ചു..

“എങ്ങനറിഞ്ഞു..?”

“നിന്റെ ദേഹത്ത് പാട് കാണുന്നുണ്ടല്ലോ..”

അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു..

“മനോഹരേട്ടനും കൂട്ടുകാരും അവിടെ വന്ന് ചീത്തവിളിച്ചു എന്ന് പിള്ളേര് പറഞ്ഞു..അതും പോരാഞ്ഞിട്ട് ഇനി മുതൽ ബസിൽ ജോലിക്ക് വരണ്ട എന്ന് അച്ഛനോടും പറഞ്ഞു..”

“ഞങ്ങൾ കാരണം നിങ്ങൾ ഒത്തിരി ബുദ്ധിമുട്ടി അല്ലേ?. സോറി…”

അവൾ വിഷമത്തോടെ ഗോവിന്ദൻകുട്ടിയെ നോക്കി..

“എന്ത് ബുദ്ധിമുട്ട്?.. മോള് വെറുതേ സങ്കടപ്പെടണ്ട…കാലം കുറെയായി ഞാൻ വളയം പിടിക്കാൻ തുടങ്ങിയിട്ട്… ഇതല്ലെങ്കിൽ വേറെ ബസിൽ ജോലി കിട്ടും..”

“എന്നാലും അതിനു മാത്രം എന്ത് തെറ്റാ ചെയ്തത്?… “

ഗോവിന്ദൻകുട്ടി ചിരിച്ചു..

” ഈ സമൂഹത്തിലെ മനുഷ്യന്മാർക്കിടയിൽ അദൃശ്യമായ പല മതിലുകളും ഉണ്ട്… ജാതി, മതം, പണം.. അങ്ങനെ പലതു കൊണ്ടും നിർമിച്ച മതിലുകൾ… മോൾക്ക് അതു കാണാനുള്ള പ്രായം ആയിട്ടില്ല.. അതോണ്ടാ ഇങ്ങനെ ചോദിച്ചത്… സാരമില്ല.. ജീവിതം ഒരുപാട് ബാക്കിയല്ലേ..? “

അയാൾ പറഞ്ഞതിന്റെ അർത്ഥം ആ പത്താം ക്ലാസ്സുകാരിക്ക് അന്ന് മനസിലായില്ല…

“മോള് പൊയ്ക്കോ… വൈകിയാൽ അതിനും അടി വാങ്ങണ്ട..”

അവരോട് യാത്രപറഞ്ഞ് കവലയിലേക്ക് നടക്കുമ്പോൾ കൃഷ്‌ണേന്ദുവിന്റെ മനസ് ആകെ കലങ്ങിയിരുന്നു… ഒരാളുടെ ജീവിതമാർഗമാണ് തന്റെ വീട്ടുകാർ ഇല്ലാതാക്കിയത്..മകൻ വികലാംഗയായ പെൺകുട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിന് അച്ഛന്റെ ജോലി കളഞ്ഞ് പ്രതികാരം ചെയ്തിരിക്കുന്നു…. എന്തൊരു ക്രൂരത..!!!ദേഷ്യം മുഴുവൻ കാലുകളിലേക്ക് ആവാഹിച്ച് അവൾ വേഗത്തിൽ നടന്നു…
നിത്യയോട്‌ ഒന്നും പറഞ്ഞില്ല… അവളെ വെറുതേ എന്തിന് സങ്കടപ്പെടുത്തണം?.. എത്ര ശ്രമിച്ചിട്ടും അന്ന് കൃഷ്‌ണേന്ദുവിന് ഉറങ്ങാൻ കഴിഞ്ഞില്ല..

കുറച്ചു നാളുകൾ കൂടി കഴിഞ്ഞു…. പ്രതാപന്റെ കൂട്ടുകാരൻ മധുവിന്റെ ഭാര്യ രമ ഒരു ടീച്ചറാണ്,.. കൃഷ്‌ണേന്ദുവിനും നിത്യയ്ക്കും ട്യൂഷനെടുക്കാൻ ജയലക്ഷ്മി അഭ്യർത്ഥിച്ചപ്പോൾ രമ സമ്മതിച്ചു… ആദ്യമൊക്കെ താല്പര്യം ഇല്ലായിരുന്നെങ്കിലും പിന്നീട് രണ്ടുപേരും ട്യൂഷന് പോകാൻ തുടങ്ങി… അതിന്റെ പിറകിൽ ഗൂഢമായ മറ്റൊരു ഉദ്ദേശം കൂടെയുണ്ടായിരുന്നു…. പോകുന്ന വഴിയിലാണ് ജയേഷിന്റെ വീട്… ട്യൂഷൻ കഴിഞ്ഞു നേരെ ജയേഷിന്റെ വീട്ടിലേക്ക് വരും… അവന്റെ ഉമ്മറത്ത് കുറച്ചു നേരം ചിലവഴിച്ച ശേഷമേ തിരിച്ചു പോരൂ… അവൻ ഒരു ചെറിയ ലൈബ്രറി തന്നെ ആ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്…. വായനയെ ഒത്തിരി സ്നേഹിക്കുന്ന നിത്യയ്ക്ക് അവിടം സ്വർഗമാണ്… ഓരോ ദിവസവും അവൾ ഓരോ ബുക്ക്‌ അവിടെ നിന്നും എടുക്കും… അത്രയും നേരം കൃഷ്‌ണേന്ദു ജയേഷുമായി സംസാരിക്കും..അപ്പോൾ അമ്മയോടും മാമന്മാരോടും പ്രതികാരം ചെയ്യുന്ന സുഖം അവൾക്ക് കിട്ടാറുണ്ട്…

“ഇതുകൂടി തന്റെ വീട്ടുകാരറിഞ്ഞാൽ ബാക്കി വച്ചേക്കില്ല..”

ഒരിക്കൽ അവൻ പറഞ്ഞു… അവന്റെ വീടിന്റെ അടുക്കളവശത്തെ വേപ്പ് മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു അവർ… നിത്യ എന്നത്തേയും പോലെ അകത്ത് പുസ്തകങ്ങൾ തിരയുകയാണ്..

“ഇതിലെന്താ ജയേഷേട്ടാ ഇത്രവലിയ തെറ്റ്‌?.. ഒരേ നാട്ടുകാരല്ലേ നമ്മൾ?..”

“അന്ന് അച്ഛൻ പറഞ്ഞത് നിനക്കോർമ്മയില്ലേ കൃഷ്ണേ?. അദൃശ്യമായ മതിലുകൾ… അത് തന്നെയാ കാരണം.. വലിയവീട്ടിൽ നാരായണന്റെ മകളുടെ മക്കൾ ഗോവിന്ദൻകുട്ടിയുടെ മകനുമായി സൗഹൃദത്തിൽ ആകുന്നത് അവർക്ക് സഹിക്കില്ല… ഞങ്ങൾ കീഴ്ജാതിയാ… പണ്ടത്തെ കാലമായിരുന്നെങ്കിൽ നിങ്ങളുടെ മുറ്റത്ത് കയറാൻ പോലും അനുവാദം വേണ്ടവർ… പോരാഞ്ഞിട്ട് ദരിദ്രരും…..”

“അത് പണ്ടല്ലേ?. സാമ്പത്തികമായ അന്തരം ഉണ്ടായാലും എല്ലാ ഇന്ത്യൻ പൗരന്മാരും ഒരേപോലെയാണ് എന്ന് സ്കൂളിൽ സാർ പറഞ്ഞല്ലോ..?”

“അതൊക്കെ പറച്ചിലിൽ മാത്രമേയുള്ളൂ… ഇനിയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാൽ ഇതിനൊക്കെ മാറ്റം ഉണ്ടാകുമായിരിക്കും… നിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. രണ്ട് പെൺകുട്ടികൾ… അതിലൊരാൾക്ക് നടക്കാനുള്ള ശേഷിയില്ല,…. വയലിൽ ആണ്പിള്ളേരുടെ കൂടെ കളിച്ചു നടക്കുമ്പോൾ നിങ്ങൾക്ക് വല്ലതും സംഭവിക്കുമോ എന്ന പേടി കാരണമാകും… മാമന്മാരുടെ കാര്യമല്ല നിന്റെ അമ്മയെയാ ഉദ്ദേശിച്ചത്… ഏത് അമ്മയ്ക്കും പെണ്മക്കളെക്കുറിച്ച് ആധി ഉണ്ടാകുമല്ലോ…”

“എന്റെ അമ്മയ്ക്ക് അതൊന്നുമില്ല… ഇന്ന് വരെ എന്നെയോ നിത്യമോളെയോ ചേർത്തു നിർത്തി ഒന്ന് സംസാരിച്ചിട്ട് പോലുമില്ലാത്ത ആളാണ്‌ അമ്മ… പലപ്പോഴും തോന്നിയിട്ടുണ്ട് ഞങ്ങൾ അമ്മയുടെ മക്കളല്ല എന്ന്….ആകെ അമ്മൂമ്മ മാത്രമാ ഒരാശ്രയം… പക്ഷേ പാവത്തിന് ഇപ്പൊ തീരെ വയ്യ… അമ്മയുടെ മുന്നിൽ വച്ചു വരെ അമ്മായിമാർ എന്തൊക്കെ ചീത്ത വിളിക്കുന്നു.. എന്നാലും അമ്മ ഒന്നും മിണ്ടില്ല… എപ്പോഴും തിരക്ക്… ഇപ്പൊ ടൗണിൽ ഒരു പെട്രോൾ സ്റ്റേഷൻ വാങ്ങിയിട്ടുണ്ട്.. അതിന്റെ പിറകെയാ..”

അവനൊന്നും മിണ്ടിയില്ല..

“ജയേഷേട്ടാ.. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?. വേറെ ആരോടും എനിക്ക് ചോദിക്കാൻ പറ്റാത്തത് കൊണ്ടാ..”

“എന്താ?”

“എന്റെ അച്ഛനും അമ്മയും എന്തിനാ പിരിഞ്ഞത്?”

അവൻ കുറച്ചു നേരം അവളെത്തന്നെ നോക്കിയിരുന്നു..

“ശരിക്കും കാരണം അവർക്കേ അറിയൂ കൃഷ്ണേ… എനിക്കൊക്കെ കേട്ടറിവേ ഉളളൂ… ജയലക്ഷ്മി ചേച്ചിക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയമുണ്ടായിരുന്നു.. അന്യമതക്കാരനായത് കൊണ്ട് നിന്റെ അപ്പൂപ്പൻ എതിർത്തു…. എല്ലാവരും ചേർന്ന് നിന്റെ അച്ഛന് വിവാഹം ചെയ്തു കൊടുത്തു… ഒരേ ജാതിയും സാമ്പത്തികവും ഒക്കെ ഉണ്ടായിരുന്നു എങ്കിലും നിന്റെ അച്ഛന് വിദ്യാഭ്യാസവും സൗന്ദര്യവും കുറവായിരുന്നു.. മുരടൻ സ്വഭാവവും…. സിറ്റിയിൽ ഒരു സൂപ്പർമാർക്കറ്റ് രണ്ടാളുടെയും പേരിൽ തുടങ്ങി… ജയലക്ഷ്മി ചേച്ചിയായിരുന്നു അതിന്റെ മേൽനോട്ടം… പുള്ളിക്കാരിയുടെ സ്വഭാവം നിനക്കറിയാല്ലോ…സ്റ്റാഫിനോടൊക്കെ എന്നും ദേഷ്യപ്പെടും…. ആരേലും എതിർത്തു പറഞ്ഞാൽ പക മനസിലിട്ട് നടക്കും… പക്ഷേ നിന്റെ അച്ഛൻ നേരെ വാ നേരെ പോ എന്ന ടൈപ്പാ… ചൂടായാലും ആ സമയത്ത് മാത്രം…. ഇവര് തമ്മിൽ ഓരോ കാരണത്തിന് വഴക്കിടുന്നത് പതിവായിരുന്നു… അവിടെ ജോലി ചെയ്യുന്ന ഏതോ സ്ത്രീയുമായി നിന്റെ അച്ഛന് ബന്ധമുണ്ടായിരുന്നത് ജയലക്ഷ്മി ചേച്ചി കണ്ടുപിടിച്ചു…”

അവനൊന്ന് നിർത്തി…

“പിന്നെ നിനക്ക് ഊഹിക്കാമല്ലോ… ബന്ധം പിരിയാണമെന്ന് വാശി പിടിച്ചത് നിന്റെ അമ്മയാണ്….”

“അച്ഛനിപ്പോ ആ സ്ത്രീയുടെ കൂടെയാണ് അല്ലേ?”

“അങ്ങനാ കേട്ടത്… സൂപ്പർമാർക്കറ്റും ഇവിടുള്ള സ്വത്തും എല്ലാം വിറ്റ് ദൂരെ എങ്ങോട്ടേക്കോ പോയി… എവിടാണെന്നൊന്നും അറിയില്ല….. നിന്റെ അച്ഛനോടുള്ള വാശിക്ക് വിനയചന്ദ്രൻ ചേട്ടനെക്കൊണ്ട് ജയലക്ഷ്മി ചേച്ചിയെ കെട്ടിച്ചു.. അത് ഇങ്ങനെയുമായി…”

അവൻ നിശ്വസിച്ചു…

“ഒന്നാലോചിച്ചാൽ നിന്റെ അമ്മയുടേത് ഒരു വല്ലാത്ത വിധിയല്ലേ കൃഷ്ണേ?… ആത്മാർത്ഥമായി സ്നേഹിച്ചവനെ പിരിയേണ്ടി വന്നു… വീട്ടുകാരുടെ നിർബന്ധം കൊണ്ട് വിവാഹം… അത് പരാജയപ്പെട്ടപ്പോൾ വേറൊരാൾ….. ആ വ്യക്തി അകാലത്തിൽ മരിച്ചു പോകുക….ഒരാൾ മാനസികമായി തകരാൻ ഇത്രയൊക്കെ പോരേ?”

“ഇതൊന്നും ഞങ്ങളെ അവഗണിക്കുന്നതിന് കാരണമാവില്ലല്ലോ ജയേഷേട്ടാ… അച്ഛനില്ലാത്ത കുട്ടികളെ കൂടുതൽ സ്നേഹിക്കുകയല്ലേ വേണ്ടത്?.. ഗോവിന്ദേട്ടൻ ജയേഷേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്നത് ജയേഷേട്ടന് അമ്മ ഇല്ലാത്തത് കൊണ്ടല്ലേ?….”

അവന് ഉത്തരം മുട്ടി…

“എന്റെ കാര്യം പോട്ടെ… നിത്യമോളോട് പോലും അധികം സംസാരിക്കില്ല… എന്തെങ്കിലും ആവശ്യം പറഞ്ഞാൽ പൈസ തരും… അവൾക്ക് ഡ്രസ്സ്‌ വാങ്ങുന്നത് വരെ ഞാനാ…… സ്കൂളിൽ പേരന്റസ് മീറ്റിംഗിന് പോലും മാമനാ വരുന്നത്… കാശുണ്ടാക്കുന്നത് മാത്രമാണോ ജീവിതം?..”

“സാരമില്ല… അത് വിട്..”

അവളുടെ ശബ്ദം ഇടറുന്നത് കണ്ട് ജയേഷ് ഇടപെട്ടു…

“രമ ടീച്ചറുടെ ട്യൂഷനൊക്കെ എങ്ങനെ പോകുന്നു?”

“നല്ലതാ .. പക്ഷേ മധുവേട്ടൻ…”

അവൾ പാതിയിൽ നിർത്തി..

“എന്തുപറ്റി?”

“അയാളുടെ നോട്ടവും സംസാരവുമൊന്നും ശരിയല്ല ജയേഷേട്ടാ… അറിയാത്തത് പോലെ ദേഹത്ത് മുട്ടും… എനിക്ക് ഇഷ്ടമല്ല…”

“അതിന് അയാൾ അവിടെ ഉണ്ടാവാറുണ്ടോ?”

“ഇടയ്ക്കൊക്കെ.. ഞങ്ങടെ വീട്ടിൽ വന്നാലും അങ്ങനൊക്കെ തന്നാ… എല്ലാവർക്കും അയാളെ വല്യ കാര്യമാ… കള്ളുകുടിച്ചാൽ ഏതൊക്കെ വൃത്തികെട്ട പാട്ടാ പാടുന്നതെന്ന് അറിയാമോ?.. ഞാൻ നിത്യമോളുടെ ചെവി പൊത്തും…”

ജയേഷിന് മധുവിനെ കുറിച്ച് നന്നായി അറിയാം… പ്രതാപന്റെ അത്രയൊന്നും സമ്പന്നൻ അല്ലെങ്കിലും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മധുവിന് ഉന്നതന്മാരുമായി നല്ല ബന്ധമാണ്… ആ കാരണം കൊണ്ടുതന്നെയാണ് പ്രതാപൻ അയാളെ കൂടെ കൊണ്ടുനടക്കുന്നതും…സ്ത്രീകളോടുള്ള മധുവിന്റെ മോശം പെരുമാറ്റം നാട്ടിൽ പാട്ടാണ്…

“നീ അയാളെ മൈൻഡ് ചെയ്യണ്ട… അതുപോലെ അയാൾ മാത്രം ഉള്ളപ്പോൾ ആ വീട്ടിൽ ഇരിക്കുകയും വേണ്ട..”

“ഉം… ഗോവിന്ദേട്ടൻ ജോലിക്ക് പോയോ?”

“ഉവ്വ്…. ഒൻപതു മണിയാകും വരാൻ..”

ജയലക്ഷ്മി ട്രാവൽസിൽ നിന്നും പിരിച്ചു വിട്ട ശേഷം ഗോവിന്ദൻകുട്ടി സിമന്റ് കൊണ്ടുപോകുന്ന ലോറിയിലാണ്…. ജയേഷ് രാത്രിയിൽ ഒരു സ്വകാര്യബാങ്കിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നുണ്ട്…ഗോവിന്ദൻ എതിർത്തെങ്കിലും ഫലമുണ്ടായില്ല..പകൽ പഠനവും രാത്രിയിലെ ഉറക്കമിളച്ചുള്ള ജോലിയും അവനെ ക്ഷീണിതനാക്കിയത് പോലെ കൃഷ്‌ണേന്ദുവിന് തോന്നി…

“ചേച്ചീ… പോകാം… നേരം വൈകി..” അകത്തു നിന്നും നിത്യ വിളിച്ചു പറഞ്ഞു…

വീട്ടിലേക്ക് നിത്യയുടെ വീൽചെയർ തള്ളുമ്പോൾ കൃഷ്‌ണേന്ദു ജയേഷിനെ കുറിച്ചാണ് ചിന്തിച്ചത്… എല്ലാ കാര്യങ്ങളെക്കുറിച്ചും അവന് അറിയും… കവിതകളും കഥകളും എഴുതും…. മോശം കൂട്ടുകെട്ടൊന്നുമില്ല…. ആരോടും വഴക്കിടില്ല… മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കില്ല… അവന്റെ ലോകമെന്നത് അച്ഛനാണ്…. ആ ലോകത്ത് തനിക്ക് എന്താ സ്ഥാനം?… അവൾ സ്വയം ചോദിച്ചു… എന്തുകൊണ്ടാണ് അവനെ ഒരുദിവസം പോലും കാണാതിരിക്കാൻ കഴിയാത്തത്?… ക്ലാസിൽ ഇരിക്കുമ്പോഴും ഒന്ന് വേഗം വൈകുന്നേരമാകാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണ്?.. അവന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ഇടനെഞ്ചിൽ ഒരു നോവ് അനുഭവപ്പെടുന്നതും ദൂരെയെത്തി തിരിഞ്ഞു നോക്കുന്നതും എന്തുകൊണ്ടാണ്?… സകല ചോദ്യങ്ങൾക്കും ഹൃദയം ഒറ്റവാക്കിൽ മറുപടി നൽകി….’പ്രണയം..’ കൃഷ്‌ണേന്ദൂ… നിനക്ക് ജയേഷിനോട് പ്രണയമാണ്… ആദ്യാനുരാഗം…. ജാതിയുടെയും പണത്തിന്റെയും അദൃശ്യമായ മതിലുകളൊന്നും അവൾ കണ്ടില്ല… പകരം കൗമാരക്കാരിയായ പെൺകുട്ടിക്ക് യാതൊരു കുറ്റങ്ങളും പറയാനില്ലാത്ത ഒരു യുവാവിനോട് തോന്നുന്ന ഇഷ്ടം മഴവില്ലുപോലെ തെളിഞ്ഞു നിന്നു…..


മാസങ്ങളും വർഷങ്ങളും കടന്നു പോയി… എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളും സംഭവിച്ചു…. കൃഷ്‌ണേന്ദു ടൗണിലെ കോളേജിൽ ഡിഗ്രിക്ക് ചേർന്നു…നിത്യയെ അംഗപരിമിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് മാറ്റി…സ്കൂളിന്റെ വാഹനത്തിൽ തന്നെയാണ് പോകുന്നതും തിരിച്ചു വരുന്നതും…ഗോവിന്ദൻകുട്ടി ഡ്രൈവർ ജോലി മതിയാക്കി നാട്ടിലൊരു ഹോട്ടൽ തുടങ്ങി.. ജയേഷ് ചെറിയ ചില ജോലികൾ ചെയ്തും പി എസ് സി പരീക്ഷകൾ മുടങ്ങാതെ എഴുതിയും കഴിഞ്ഞു കൂടുകയാണ്… ഗോവിന്ദൻകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമാണ് മകനെ ഗവണ്മെന്റ് ജോലിക്കാരനായി കാണുക എന്നത്.. വിദേശത്തേക്ക് ചില അവസരങ്ങൾ വന്നെങ്കിലും അച്ഛനെ പിരിയാൻ പറ്റാത്തത് കൊണ്ട് ജയേഷ് അത് ഉപേക്ഷിച്ചു…

കൃഷ്‌ണേന്ദുവിന്റെ മനസിലെ പ്രണയം പടർന്നു പന്തലിച്ചു കഴിഞ്ഞു.. പക്ഷേ അവനോട് പറയാനൊരു മടി… പരസ്പരം കണ്ടുമുട്ടലുകൾ കുറഞ്ഞെങ്കിലും ദിവസവും ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിക്കും…. ഒരിക്കൽ അവളുടെ പിറന്നാൾ ദിനത്തിൽ ജയേഷ് ടൗണിൽ ചെന്ന് അവളെ കണ്ടു… കയ്യിൽ ചെറിയൊരു ഗിഫ്റ്റ് ബോക്സും ഉണ്ടായിരുന്നു..

“ഹാപ്പി ബർത്ത് ഡേ കൃഷ്ണേ..”

അവൻ ഗിഫ്റ്റ് ബോക്സ് നീട്ടി..അവളത് സന്തോഷത്തോടെ വാങ്ങി..

“ലോകം അവസാനിക്കാറായെന്ന് തോന്നുന്നു..”

“അതെന്താടീ?”

“നമ്മൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായില്ലേ?.. ആദ്യമായിട്ടാ ഇതുപോലെ ഒരു ഗിഫ്റ്റ്..”

അവൻ ചിരിച്ചു.

“ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി… പിന്നെ നാട്ടിൽ ആണെങ്കിൽ തരാൻ കഴിയില്ലല്ലോ… ആരെങ്കിലും കണ്ടാൽ തീർന്നു.. പിന്നെ നൂറു കഥയുണ്ടാക്കും…”

“എന്ത് കഥ?”

“ഗോവിന്ദൻകുട്ടിയുടെ മോൻ വലിയവീട്ടിൽ ജയലക്ഷ്മിയുടെ മോൾക്ക് സമ്മാനം കൊടുത്തത് ആരെങ്കിലും അറിഞ്ഞാൽ പറയണോ?”

“നാട്ടുകാരെ ബോധിപ്പിക്കാനാണോ ജയേഷേട്ടാ നമ്മൾ ജീവിക്കേണ്ടത്?.. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യണമെന്ന് ജയേഷേട്ടൻ തന്നെയല്ലേ പണ്ട് പറഞ്ഞത്?”

“അതെ… പക്ഷേ നമ്മുടെ ശരികൾ കൊണ്ട് വേറൊരാൾക്ക് ദുഃഖം ഉണ്ടാകരുത്… എനിക്ക് പ്രശ്നമൊന്നുമില്ല.. പക്ഷേ നിന്റെ അവസ്ഥ അങ്ങനെയല്ലല്ലോ.. വെറുതെ ചീത്തപ്പേര് വരുത്തരുത്…”

“എന്നോടുള്ള പരിഗണനയ്ക്ക് എന്താ കാരണം?”

“സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് കാണുന്നതല്ലേ നിന്നെ?.. എല്ലാ കാര്യങ്ങളും അറിയാം… നമ്മൾ നല്ല ഫ്രെണ്ട്സും ആണല്ലോ?”

“അത്രയേ ഉളളൂ??”

ജയേഷ് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..

“എന്താ കൃഷ്ണേ?.. “

“ഒരു ഫ്രണ്ട് എന്ന പരിഗണന മാത്രമാണോ എന്നോട്?”

“അതെ … എന്തേ?”

“ഏയ്‌ ഒന്നുമില്ല…”

അവൾ നോട്ടം മാറ്റി..

“നീ കാര്യം പറയെടീ..”

“ഒന്നുമില്ല…”

“ദേ.. എന്നെ ദേഷ്യം പിടിപ്പിക്കരുത്….”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ?.. ഞാനൊരു മണ്ടി…. വെറുതെ ഓരോന്ന്…”

അവളുടെ കണ്ഠമിടറി… നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അവൾ പണിപ്പെട്ടു…

“ശരി … ഞാൻ പോട്ടെ?.. ഹോട്ടലിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്… നിത്യയോട്‌ അന്വേഷണം പറയണം കേട്ടോ.. കുറേ ആയി അവളെ കണ്ടിട്ട്…. ഓരോ തിരക്കുകൾ…”

“ഉം…”

“നിനക്കെന്തു പറ്റി?”

“ഒന്നുമില്ല ജയേഷേട്ടാ… ഞാൻ പോകുകയാ.. ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നു..”

അവൾ തിരിഞ്ഞു നടന്നു… കയ്യിലെ ഗിഫ്റ്റ് ബോക്സ്‌ അവൾ മുറുകെ പിടിച്ചു… കോളേജിന്റെ ഗേറ്റിൽ ചെന്ന് അവൾ തിരിഞ്ഞു നോക്കുമ്പോഴും അവൻ അവിടെ തന്നെ നിൽപ്പുണ്ട്… ഒന്ന് ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവൾ വേഗത്തിൽ കോളേജിലേക്ക് നടന്നു…


ജീവിതത്തിന്റെ ഗതി അതിവേഗം മാറുന്നത് കൃഷ്‌ണേന്ദു അനുഭവത്തിലൂടെ അറിയുകയായിരുന്നു…. എന്നും ഉണ്ടാകാറുള്ള തലവേദന അസഹ്യമായപ്പോഴാണ് ജയലക്ഷ്മി ഡോക്ടറെ കാണാൻ പോയത്…. കാൻസർ തലച്ചോറിനെ കീഴടക്കിതുടങ്ങിയിട്ട് കുറേ ആയെന്ന തിരിച്ചറിവ് ജീവിതത്തിൽ ആദ്യമായി അവരെ തളർത്തി… പുരുഷമേധാവിത്വത്തെ മറികടന്ന് ഉയരങ്ങളിലേക്ക് കുതിച്ച തന്റെ പതനം ആരംഭിച്ചു എന്നവർക്ക് മനസിലായി…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു… കീമോ തെറാപ്പി മനസിനെയും ശരീരത്തെയും ശോഷിപ്പിച്ചു… മൊട്ടയടിച്ച തല സാരിത്തുമ്പ് കൊണ്ട് മറച്ചു വച്ച് അവർ തന്റെ മുറിയിൽ തന്നെ കഴിഞ്ഞു.. അതോടെ പ്രതാപനും മനോഹരനും അധികാരം കൈക്കലാക്കി… ബസുകളും മില്ലും പെട്രോൾ സ്റ്റേഷനുമെല്ലാം അവരുടെ നിയന്ത്രണത്തിലായി… വീട്ടുഭരണം അവരുടെ ഭാര്യമാരും ഏറ്റെടുത്തു…രുഗ്മിണിയമ്മ നിശബ്ദമായി ദൈവങ്ങളോട് പരാതിപ്പെട്ടു കൊണ്ടിരുന്നു…… ജയലക്ഷ്മിയുടെ ചികിത്സയ്ക്ക് ചിലവാകുന്ന പൈസയ്ക്ക് വരെ അനിയന്മാർ കണക്കുപറയാൻ ആരംഭിച്ചു…പ്രൈവറ്റ് സ്കൂളിലായിരുന്ന നിത്യയുടെ പഠിത്തം നിർത്തിച്ചതും അവർ തന്നെ..

“ഇവള് പഠിച്ചിട്ട് കലക്ടർ ഒന്നുമാകില്ലല്ലോ..”

ഒരു സന്ധ്യാനേരം പ്രതാപൻ പറഞ്ഞു..

“ഒന്നാമത് ബിസിനസ് എല്ലാം നഷ്ടത്തിലാ… രണ്ട് പെട്രോൾ സ്റ്റേഷനാ നമ്മുടേതിന്റെ അടുത്ത് പുതിയതായി തുടങ്ങിയിട്ടുള്ളത്…ബസിന്റെ കാര്യം പറയാനില്ല… നാലിനും ടാക്സ് അടക്കാനുള്ള കാശ് പോലും കിട്ടുന്നില്ല…ഇടയ്ക്കിടെ വർക് ഷോപ്പിൽ കയറ്റുന്നതിന്റെ ചിലവ് വേറെയും.. മില്ലിന്റെ കാര്യവും പോക്കാ … ഇതിന്റിടയിൽ ഇവളീ പല്ലക്കിൽ കിടന്ന് പഠിക്കാൻ പോകുന്നതൊക്കെ വെറുതെയാ…. ഇവിടിരുന്നും പഠിക്കാലോ…മൂത്തവൾ എന്തായാലും ഡിഗ്രി പൂർത്തിയാക്കട്ടെ… എന്നിട്ട് കെട്ടിച്ചു വിടാം….”

“നിന്റെ മക്കൾ പഠിക്കുന്നില്ലേടാ..?.. അതുപോലെ തന്നെയല്ലേ ഈ കൊച്ചും?”

രുഗ്മിണിയമ്മ നേർത്ത ശബ്ദത്തിൽ ചോദിച്ചു… അതിനെ നേരിട്ടത് പ്രതാപന്റെ ഭാര്യ വിമലയാണ്…

“അതേയ്…. എന്റെ മക്കൾ പഠിക്കുന്നത് എന്റെ വീട്ടുകാരുടെ കാശിനാ.. ഇവിടുന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല… അതിന് വല്യേച്ചി സമ്മതിച്ചിട്ടുമില്ലല്ലോ?…. സകല ബിസിനസും കയ്യടക്കി വച്ചു… ഞങ്ങൾക്ക് അടിവസ്ത്രം വാങ്ങാൻ പോലും വല്യേച്ചിയുടെ മുന്നിൽ കൈ നീട്ടണ്ട ഗതികേട് ആയിരുന്നില്ലേ?.. സ്വന്തം അനിയന്മാരോട് കഴിച്ച ഭക്ഷണത്തിന് പോലും കണക്ക് പറഞ്ഞത് കൊണ്ടാ ദൈവം ഈ ഗതിയിൽ ആക്കിയത്…”

“അവളുണ്ടായിരുന്നത് കൊണ്ടാ വിമലേ ഇന്ന് നിന്റെ ഭർത്താവ് അടക്കം ഞെളിഞ്ഞു നടക്കുന്നത്… അല്ലെങ്കിൽ കടം കയറി മുടിഞ്ഞേനെ…”

“ആര് കടമുണ്ടാക്കി?.. ഞങ്ങൾക്ക് വേണ്ടിയാണോ?… ഞാനും ശാന്തി ചേച്ചിയുമൊക്കെ അന്തസായി ഈ കുടുംബത്തിലേക്ക് കയറി വന്നതാ… ആരെകൊണ്ടും മോശം പറയിച്ചിട്ടുമില്ല… വല്യേച്ചി അങ്ങനാണോ?.. ഏതോ നസ്രാണിയെ പ്രേമിച്ച് അവന്റെ കൂടെ കുറേ കറങ്ങിനടന്നു… പിന്നെ വേറൊരുത്തനെ കെട്ടി… അവനെ മടുത്തപ്പോ ഓരോ കാരണമുണ്ടാക്കി ബന്ധം പിരിഞ്ഞ് ഇവിടേക്ക് തിരിച്ചു വന്നു.. മാറ്റാരെങ്കിലും ആണേൽ പിന്നെ അടങ്ങിയൊതുങ്ങി കഴിഞ്ഞേനെ… സ്വന്തം കൂടപ്പിറപ്പുകളുടെയും അവരുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും നാണക്കേട് ഓർക്കാതെ പിന്നെയും കല്യാണം കഴിച്ചു…. അയാള് ചത്തപ്പോ സകലതും ഒറ്റയ്ക്ക് വിഴുങ്ങാനായി ശ്രമം… എന്നിട്ട് അസുഖം വന്നപ്പോൾ എല്ലാ ഭാരവും ഞങ്ങള് ചുമക്കണമെന്ന് പറയാൻ അമ്മയ്ക്ക് നാണമില്ലേ?”

“നിർത്തെടീ…” രുഗ്മിണിയമ്മ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു..

“ആരെക്കുറിച്ചാ പറയുന്നതെന്ന് ഓർമ്മ വേണം.. നിങ്ങൾക്ക് അതിനുള്ള അർഹതയില്ല..”

“ഞങ്ങളെയും കൂടി ബാധിക്കുന്ന പ്രശ്നമാ… ഞങ്ങൾ പറയും…”

ശാന്തി മുന്നോട്ട് വന്നു..

“വിനയചന്ദ്രന്റെ പണവും സ്വത്തുമെല്ലാം വല്യേച്ചി എന്തു ചെയ്തു?.. അത് അമ്മ പറ…അതിനെപ്പറ്റി ഇന്നുവരെ മിണ്ടുന്നതു ഞങ്ങളാരും കണ്ടിട്ടില്ല… എന്നിട്ട് ഇപ്പൊ എല്ലാർക്കും അവകാശപ്പെട്ട മുതലെടുത്ത് വല്യേച്ചിയെയും മക്കളെയും മൂടാനുള്ള ശ്രമമാണെങ്കിൽ ഞങ്ങൾ ഇടപെടും…”

“ഇതിന്റെയൊക്കെ അവകാശി ഞാനാ… എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും..”

രുഗ്മിണിയമ്മ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു..

“അതൊക്കെ പണ്ടത്തെ കാലം… ഈ നാട്ടിൽ കോടതിയും നിയമവുമൊക്കെ ഉണ്ട്… സ്വത്തിൽ എല്ലാവർക്കും തുല്യമായ അവകാശമാണ്…. ഞങ്ങളൊരു കേസ് കൊടുത്താൽ വിധി വരാൻ വർഷങ്ങൾ എടുക്കും… അതുവരെ വല്യേച്ചി ഉണ്ടാവില്ലല്ലോ..”

മനോഹരൻ പരിഹാസത്തോടെ പറഞ്ഞു..

“നീയൊക്കെ മനുഷ്യനാണോ?..” രുഗ്മിണിയമ്മ കരഞ്ഞു പോയി..

“അവളുടെ ചികിത്സയും കുട്ടികളുടെ പഠിത്തവും മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ…”

“ആശുപത്രിയിൽ കൊണ്ടുപോകില്ല എന്നൊന്നും ഞങ്ങളാരും പറഞ്ഞില്ല… മൂത്തവളെ നമ്മുടെ അന്തസിനു ചേർന്ന പയ്യനെ കൊണ്ട് കെട്ടിക്കുകയും ചെയ്യും… പക്ഷേ രണ്ടാമത്തേതിനെ നേരം പോക്കിന് പഠിപ്പിക്കാനൊന്നും ഞങ്ങളെക്കൊണ്ട് വയ്യ… ചക്രക്കസേരയിൽ അവള് പോകുന്നത് കാണുമ്പോ ഞങ്ങൾക്ക് അഭിമാനമൊന്നും തോന്നാറില്ല… ഇവിടെ ഇരുന്നോട്ടെ… കറണ്ടിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷീനൊക്കെ ഇറങ്ങിയിട്ടുണ്ട്.. കാലിന്റെ ആവശ്യമില്ല… അവൾക്ക് അതൊക്കെ മതി…”

രുഗ്മിണിയമ്മയ്ക്ക് ഒന്നും പറയാനുള്ള ശേഷി ഉണ്ടായിരുന്നില്ല..

“മുറിയിൽ അടയിരിക്കുന്ന വല്യേച്ചിക്ക് കാറിന്റെ ആവശ്യമില്ലല്ലോ…അത് വിൽക്കാം…ഹോസ്പിറ്റലിൽ പോകാൻ എന്റെ കാറുണ്ട്.. പ്രതാപന്റെ ജീപ്പുണ്ട്…പരമാവധി ചിലവുകൾ ചുരുക്കിയാലേ പിടിച്ചു നില്കാൻ പറ്റൂ… അല്ലേൽ വലിയവീട്ടിൽ നാരായണന്റെ മക്കൾ കവലയിൽ ചുമടെടുക്കേണ്ടി വരും…. അത് തറവാട്ടിന് നാണക്കേടാ…”

പുറത്തെ സംഭാഷണങ്ങൾ കേട്ടുകൊണ്ട് നില്കുകയായിരുന്ന കൃഷ്‌ണേന്ദു ജയലക്ഷ്മിയുടെ മുറിയിലേക്ക് നടന്നു… അവർ കട്ടിലിൽ കിടന്ന് ഇമചിമ്മാതെ ഫാനിൽ നോക്കുകയാണ്… അവൾ വാതിൽ ചാരി..

“അമ്മ എല്ലാം കേട്ടല്ലോ?..അമ്മയുടെ മാത്രമല്ല, എന്റെയും നിത്യമോളുടെയും ജീവിതം ഇപ്പൊ അവരുടെ കൈയിലാ…. “

പ്രതികരണമില്ല…

“ഞങ്ങൾ എന്ത് തെറ്റാ ചെയ്തത് എന്നൊന്ന് പറഞ്ഞു തരാമോ?.. ജന്മം തന്നത് നിങ്ങളല്ലേ?.. പിന്നെന്തിനാ ഇത്രയും കാലം അവഗണന കാണിച്ചത്?.. തെക്കേ പറമ്പിലെ മാവിൻ ചുവട്ടിൽ ഒരു പട്ടി പ്രസവിച്ചു കിടക്കുന്നുണ്ട്… ആരെങ്കിലും അടുത്തേക്ക് പോയാൽ അത് കുരയ്ക്കും… കടിക്കാൻ വരും… തന്റെ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം കാരണമാ….. ആ ജീവിക്കുള്ള സ്നേഹം പോലും അമ്മയ്ക്ക് ഞങ്ങളോട് ഉണ്ടായിട്ടുണ്ടോ?.. “

ജയലക്ഷ്മി അടിയേറ്റത് പോലെ ഒന്ന് പുളഞ്ഞു…

“അമ്മൂമ്മ ഒഴിച്ച് സകലരും ഞങ്ങളെ ചവിട്ടിയരയ്ക്കുന്നത് കണ്ടിട്ടും അമ്മ ഒരിക്കൽ പോലും പ്രതികരിച്ചില്ല… അമ്മയ്ക്ക് കാമുകന്റെ കൂടെ ജീവിക്കാൻ കഴിയാഞ്ഞത് ഞങ്ങൾ കാരണമാണോ?.. എന്റെ അച്ഛൻ വേറൊരു സ്ത്രീയുമായി ബന്ധം ഉണ്ടാക്കിയത് ഞങ്ങൾ കാരണമാണോ?.. വിനയചന്ദ്രനങ്കിൾ മരിച്ചത് ഞങ്ങൾ കാരണമാണോ?..അമ്മയുടെ വയറ്റിൽ ജനിച്ചുപോയി എന്നൊരു തെറ്റല്ലേ ഞങ്ങൾ ചെയ്തിട്ടുള്ളൂ?.. അതിന് ഇത്രയും വലിയ ശിക്ഷ വേണോ?..”

കരയില്ല എന്ന വാശിയിൽ കൃഷ്‌ണേന്ദു ചുണ്ട് കടിച്ചു പിടിച്ച് കുറച്ചു നേരം നിന്നു..

“അമ്മയെപ്പോലെ ഒറ്റയ്ക്ക് എല്ലാം വെട്ടിപ്പിടിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല…. എന്നാലും കഴിയുന്നത് പോലെ ഞാനും ശ്രമിക്കും… ചെറുതെങ്കിലും ഒരു ജോലി… അമ്മയുടെ ചികിത്സയും നിത്യമോളുടെ പഠിത്തവും മുടങ്ങാതിരിക്കാൻ അത് മതി….മാമന്മാരെയും അമ്മായിമാരെയും എതിർത്ത് എനിക്കതിന് കഴിയുമോ എന്നറിയില്ല.. പക്ഷേ ഞാൻ പോരാടും… എനിക്ക് വേണ്ടിയല്ല… അമ്മയ്ക്കും നിത്യമോൾക്കും വേണ്ടി…. നിങ്ങളല്ലാതെ എനിക്ക് വേറാരുമില്ലല്ലോ…. പകരം വേറൊന്നും ചെയ്തു തരേണ്ട… നിത്യമോളോട് കുറച്ചു സ്നേഹം കാട്ടിയാൽ മതി….”

അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു.. ജയലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ കവിളിലൂടെ ഒലിച്ചിറങ്ങി…ബെഡ്ഷീറ്റ് മുഖത്തേക്ക് വലിച്ചിട്ട് കട്ടിലിൽ തലയിടിച്ച് അവർ ശബ്ദമില്ലാതെ കരഞ്ഞു…

കൃഷ്‌ണേന്ദു മുറിയിലേക്ക് ചെല്ലുമ്പോൾ നിത്യ എന്തോ ആലോചനയിലാണ്..

“മോളുറങ്ങിയില്ലേ?”

“ഉറക്കം വരുന്നില്ല ചേച്ചീ..”

“എന്തുപറ്റി?”

“എന്നെ ഇനി സ്കൂളിൽ വിടില്ല… അല്ലേ?” അവൾ വിഷാദത്തോടെ കൃഷ്‌ണേന്ദുവിനെ നോക്കി…

“അതൊക്കെ വെറുതെ പറയുന്നതാ…”

“അല്ല… എനിക്കറിയാം…”

കൃഷ്‌ണേന്ദു വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്ത് അവളുടെ അരികിൽ കിടന്ന് ചേർത്തു പിടിച്ചു…

“മോള് ചേച്ചി പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.. അമ്മയുടെ അസുഖത്തിന്റെ കാര്യം മോൾക്ക്‌ അറിയാല്ലോ….?.. ഒരിക്കലും അത് മാറില്ല…..നമ്മളോട് സ്നേഹം കാണിച്ചില്ലെങ്കിലും അമ്മ ഉള്ളത് കൊണ്ടാ നമുക്ക് ഇത്രയെങ്കിലും പഠിക്കാൻ പറ്റിയത്… പക്ഷേ ഇപ്പൊ അമ്മയ്ക്ക് വയ്യ… തല്ക്കാലം മാമന്മാർ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ല… ചേച്ചി ആരുമറിയാതെ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കട്ടെ… കിട്ടിയാൽ മോളെ പഠിപ്പിച്ചോളാം.. ഇപ്പൊ ഇവരെ എതിർത്താൽ നമ്മൾ തോറ്റു പോകുകയേ ഉളളൂ…”

“ചേച്ചിയെ ജോലിക്ക് പോകാൻ ഇവര് സമ്മതിക്കുമോ ?”

“അത് അപ്പോഴത്തെ കാര്യമല്ലേ?.. ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും..”

“ദൈവമൊന്നും ഇല്ല ചേച്ചീ… ഉണ്ടെങ്കിൽ എന്നെ ഇങ്ങനെയാക്കുമോ?.. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ..”

കൃഷ്‌ണേന്ദു അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു..

“അങ്ങനെ പറയല്ലേ… ദൈവമാ എനിക്ക് നിന്നെ തന്നത്… എന്റെ ആകെയുള്ള സന്തോഷം നീയല്ലേ…?..മോള് ഉറങ്ങിക്കോ.. ഓരോന്ന് ആലോചിച്ച് മനസ് വിഷമിപ്പിക്കണ്ട…”

അവൾ നിത്യയുടെ മുതുകിൽ പതിയെ തട്ടിക്കൊണ്ടിരുന്നു… അനിയത്തിയെ ആശ്വസിപ്പിച്ചെങ്കിലും മുന്നോട്ടുള്ള ജീവിതം ദുരിതപൂർണമായിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു… ജയേഷിന്റെ ഉപദേശം തേടുന്നതാണ് നല്ലത്… അവൾ ഉറപ്പിച്ചു… നിത്യ ഉറങ്ങിയ ശേഷം അവൾ ജയേഷിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു..

“ഞാനെന്തു ചെയ്യും?.. ജയേഷേട്ടൻ പറ?”

“പെട്ടെന്നൊരു പരിഹാരം കാണാൻ ബുദ്ധിമുട്ടാണ്… ജോലി കണ്ടെത്തുന്നതിന് പ്രശ്നമില്ല.. പക്ഷേ നിന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല… “

“പിന്നെന്താ ഒരു വഴി..”

“ആലോചിക്കാൻ സമയം വേണം… അതുവരെ നീ പിടിച്ചു നിൽക്ക്…”

“ഉം…”

“അതുപോലെ ജയലക്ഷ്മി ചേച്ചിയോട് ഒരു ദേഷ്യവും കാണിക്കരുത്… നീ പറയുന്നത് വച്ചു നോക്കുമ്പോ അവർ ആകെ തകർന്നിരിക്കുകയാ… നീ വേണം ആത്മവിശ്വാസം നൽകാൻ… മരുന്നിനു കഴിയാത്തത് സ്നേഹത്തിന് കഴിയും…എന്തായാലും സ്വന്തം അമ്മയല്ലേ… മരിക്കുന്നത് വരെ അവർ സ്നേഹമെന്തെന്ന് അറിയട്ടെ…”

“ഉം…”

“കൃഷ്ണേ…..” അത്രമേൽ സ്നേഹത്തോടെയുള്ള വിളി… അവളുടെ ഉടലാകെ കോരിത്തരിച്ചു..

“എന്തോ…”

“വിഷമിക്കണ്ട.. ഞാനുണ്ട് കൂടെ…”
വാടിക്കരിഞ്ഞ ഒരു ചെടി നിമിഷാർദ്ധം കൊണ്ട് തളിരിട്ട് പൂവിരിയുന്നത് പോലെ അവളുടെ മനസ്സിൽ പ്രതീക്ഷകൾ പുനർജനിക്കുകയായിരുന്നു…ഈ ലോകത്തിൽ അധികമാരുമില്ലാത്ത ഒരു പെണ്ണിന് ആ വാക്കുകൾ നൽകിയ ഉണർവ്വ് അത്രയ്ക്ക് വലുതാണ്…

“നീ ഉറങ്ങിക്കോ… ഞാൻ അച്ഛനോടും കൂടി ആലോചിക്കട്ടെ… നാളെ വിളിക്കാം…”

കാൾ കട്ട് ചെയ്ത് നിത്യയോട്‌ ചേർന്ന് കിടക്കുമ്പോൾ അവൾ സന്തോഷവതിയായിരുന്നു….ജയേഷ് എന്തെങ്കിലും വഴി കാണുമെന്ന് അവൾ അടിയുറച്ചു വിശ്വസിച്ചു….. പക്ഷേ….വിധി അവർക്ക് സമയം തീരെ നൽകിയില്ല.. മൂന്നാമത്തെ ദിവസം രാത്രിയിലെങ്ങോ ഫാനിൽ കെട്ടിയ തന്റെ വിവാഹസാരിയുടെ തുമ്പിൽ ജയലക്ഷ്മി ജീവിതം അവസാനിപ്പിച്ചു….. വീട്ടുകാർക്കും മക്കൾക്കും ഒരു ഭാരമാകാൻ അവർ ഒരുക്കമല്ലായിരുന്നു…. തോൽക്കാനിഷ്ടമല്ലാത്ത ആ സ്ത്രീയുടെ ശരീരം തെക്കെപ്പറമ്പിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി…..
വലിയവീട്ടിൽ ജയലക്ഷ്മിയുടെ മരണമറിഞ്ഞ് എത്തിയ ജനക്കൂട്ടമെല്ലാം പിരിഞ്ഞു പോയി…. ശ്മശാനമൂകത തളം കെട്ടിയ ആ വീട്ടിലെ മുറിയിൽ കരഞ്ഞു തളർന്നുറങ്ങിയ നിത്യയുടെ അടുത്തിരിക്കുകയായിരുന്നു കൃഷ്‌ണേന്ദു.. അമ്മൂമ്മ പതിയെ അവൾക്കരികിൽ ചെന്നിരുന്നു…

“ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാവും അവൾ…”

മുണ്ടിന്റെ തലപ്പ് കൊണ്ട് അവർ കണ്ണീരൊപ്പി…

“ആരോടും സ്നേഹത്തോടെ സംസാരിക്കാനൊന്നും അവൾക്കറിയില്ല… ഉള്ള് തുറന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… ഒൻപതാം ക്ലാസ്സ്‌ മുതൽ ഉണ്ടായിരുന്ന ഇഷ്ടം അച്ഛന്റെ പിടിവാശിക്ക് മുന്നിൽ വേണ്ട എന്ന് വയ്ക്കുകയായിരുന്നു…. പിന്നീട് ഉണ്ടായ രണ്ട് വിവാഹങ്ങളും അവളുടെ താല്പര്യത്തോടെ അല്ല… അതിവിടുത്തെ ആണുങ്ങളുടെ തീരുമാനമാ…. അവളതിന് നിന്നു കൊടുത്തു…. അന്നും മനോഹരനും പ്രതാപനും സ്വത്തിലാ കണ്ണ്…. നിങ്ങളുടെ അപ്പൂപ്പൻ മരിക്കും മുൻപ് ജയയോട് ആവശ്യപ്പെട്ടതാ എല്ലാം നോക്കിനടത്തണമെന്ന്… അവൾ അനുസരിച്ചു.. പക്ഷേ അതിന്റെ പിറകെ പോകുമ്പോൾ സ്വന്തം ജീവിതവും മക്കളെയും മറന്നു പോയത് വലിയ തെറ്റാ…”

“ജീവിച്ചിരുന്നപ്പോഴും മരിക്കാൻ തീരുമാനിച്ചപ്പോഴും ഞങ്ങളെക്കുറിച്ച് ഓർത്തതേയില്ലല്ലോ അമ്മൂമ്മേ?..”

“നല്ല കുറ്റബോധം ഉണ്ടായിരുന്നു.. അന്ന് നീ സംസാരിച്ചതിൽ പിന്നെ ഉറങ്ങിയിട്ടില്ല,… അവള് കരയുന്നത് ഇത്രേം വർഷത്തിനിടയിൽ ആദ്യമായിട്ടാ… തോൽക്കുകയാണെന്ന് തോന്നിയപ്പോൾ എടുത്തതാവും ഈ തീരുമാനം..”

“തോറ്റത് ഞങ്ങളല്ലേ?.. ” അവൾ രുഗ്മിണിയമ്മയുടെ തോളിലേക്ക് മുഖം വച്ച് പൊട്ടികരഞ്ഞു… അത് ശരിയാണെന്ന് അവർക്കും അറിയാമായിരുന്നു… രണ്ടു പെൺകുട്ടികളുടെ ഭാവിയാണ് ഇരുളടഞ്ഞത്.. സ്വാർത്ഥരായ കുറച്ചാളുകൾക്കിടയിൽ അവരുടെ ജീവിതം ഇനി നരകതുല്യമായിരിക്കും എന്നവർക്ക് ഉറപ്പുണ്ട്…..

“ഇല്ല മോളെ…. ഞാൻ ചത്തിട്ടില്ലല്ലോ… എന്തെങ്കിലും വഴി തെളിയാതിരിക്കില്ല..”

അവർ വെറുതേ ആശ്വസിപ്പിച്ചു..

പക്ഷേ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിക്കുകയായിരുന്നു .. കൃഷ്‌ണേന്ദുവിന്റെ കോളേജ് പഠനം അമ്മാവന്മാർ നിർത്തിച്ചു… ദുർമരണം നടന്ന വീട്ടിൽ ഒരു മംഗളകർമ്മം എത്രയും പെട്ടെന്ന് നടത്തണമെന്ന വിചിത്രമായ ന്യായം പറഞ്ഞ് അവളെ ആരെക്കൊണ്ടെങ്കിലും കെട്ടിക്കാനായിരുന്നു അവരുടെ പദ്ധതി.. അതിന് ശേഷം നിത്യയെ എവിടേക്കെങ്കിലും മാറ്റും… രുഗ്മിണിയമ്മ ശക്തമായി എതിർത്തു…

“ഞാൻ ജീവനോടെ ഉള്ളിടത്തോളം ഇതൊന്നും നടക്കില്ല മനോഹരാ…”

അവർ തീർത്തു പറഞ്ഞു..

“നിന്റെയൊക്കെ ഭാര്യമാരുടെ കാര്യം പോട്ടെയെന്ന് വയ്ക്കാം.. പക്ഷേ സ്വന്തം കൂടപ്പിറപ്പിന്റെ മക്കളോട് ക്രൂരത കാണിക്കാൻ നിനക്കൊന്നും എങ്ങനെ തോന്നുന്നു..?”

“കൂടപ്പിറപ്പുകളാണെന്ന പരിഗണനയൊന്നും വല്യേച്ചി ഞങ്ങൾക്ക് തന്നിട്ടില്ലല്ലോ?.. വാല്യക്കാരോട് എന്നപോലെയാ പെരുമാറിയിട്ടുള്ളത്.. അപ്പൊ തിരിച്ചും അങ്ങനെയേ ഉണ്ടാകൂ.”

“ഈ കുട്ടികളോ?.. അവരെന്തു തെറ്റാ ചെയ്തത്?”

“അമ്മേ ഞങ്ങൾക്കും മക്കളും കുടുംബവുമൊക്കെയുണ്ട്… ചേച്ചിയുടെ പിള്ളേരേം നോക്കി ജീവിതം പാഴാക്കാനൊന്നും ഞങ്ങൾക്ക് പറ്റില്ല… കൊല്ലാനൊന്നുമല്ലല്ലോ… ഒരുത്തിയെ കെട്ടിച്ചു വിടും.. മറ്റവളെ അവളെപ്പോലെയുള്ള ആളുകൾ കഴിയുന്നിടത്ത് എത്തിക്കും… “

മനോഹരൻ പറഞ്ഞു..

“അവൾക്കും അതായിരിക്കും നല്ലത്…മൂത്തവളുടെ കല്യാണം കഴിഞ്ഞാൽ അവളെ നോക്കാൻ ആരാ ഇവിടുള്ളത്?… അവളുടെ മലവും മൂത്രവും വൃത്തിയാക്കാനൊന്നും വേറാരും മിനക്കെടില്ല.. എന്തിനാ വെറുതേ ആ പാപവും വരുത്തി വയ്ക്കുന്നത്..”

“ഞാനുണ്ടെടാ ഇവിടെ.. നീ അതോർത്ത് തലപുകയ്ക്കണ്ട… എന്റെ കാലം കഴിയുന്നത് വരെ അവർ ഇവിടെ കാണും.. അതിനു ശേഷം ദൈവം നോക്കിക്കോളും..”

രുഗ്മിണിയമ്മയുടെ വാക്കുകൾ കേട്ട് അരിശത്തോടെ മനോഹരൻ പുറത്തിറങ്ങി….

“ജീവിതം വഴിമുട്ടി നില്കുകയാ ജയേഷേട്ടാ… ഇനി എന്ത് എന്നറിയില്ല…”

അന്ന് രാത്രി കൃഷ്‌ണേന്ദു ഫോണിൽ സംസാരിക്കുമ്പോൾ അവൾ പറഞ്ഞു..

“കൃഷ്ണേ… ഇതിപ്പോ ലീഗൽ ആയി നീങ്ങുന്നതാ നല്ലതെന്നാ എനിക്ക് തോന്നുന്നത്… നിന്റെ സമ്മതമില്ലാതെ കെട്ടിക്കാനൊന്നും പറ്റില്ല.. ആ വീട്ടിൽ നിന്നും നിന്നെയും നിത്യമോളെയും ഇറക്കി വിടാനൊന്നും പറ്റുകയുമില്ല.. നിങ്ങൾക്ക് കൂടി അവകാശമുള്ളതാ … പോലീസിൽ കംപ്ലയിന്റ് കൊടുക്കാം… പക്ഷേ എന്തും നേരിടാൻ നിനക്ക് ധൈര്യം വേണം…. അമ്മൂമ്മ ഉള്ളിടത്തോളം കാലം വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ല… കാരണം എല്ലാം ഇപ്പൊ അവരുടെ പേരിലാണല്ലോ എല്ലാം….”

“ജയേഷേട്ടന് മാമന്മാരെ അറിയില്ലേ?.. എന്തും ചെയ്യാൻ മടിയില്ലാത്തവരാ… അവരുടെ ഓരോ പ്രവർത്തികൾ കാണുമ്പോൾ അമ്മ മരിക്കാൻ കാത്തിരിക്കുകയാണെന്ന് തോന്നും… അമ്മയുടെ കാറ് വിറ്റ് ചെറിയമ്മാവൻ പുതിയ ജീപ്പ് വാങ്ങി..അമ്മയുടെ മുറി പൊളിച്ച് അവരുടേതിന് വലിപ്പം കൂട്ടി….അങ്ങനെ ഓരോന്ന് ചെയ്യുകയാ …”

“അതെന്തെങ്കിലും ആയിക്കോട്ടെ.. നീ പതറരുത്…. എന്റെയൊരു ഫ്രണ്ടിന്റെ ചേച്ചി വനിതാസെല്ലിൽ ആണ് ജോലി ചെയ്യുന്നത്… അവരോട് സംസാരിച്ചിട്ട് നിന്നെ വിളിക്കാം….”

അവൻ ധൈര്യം പകർന്നു….കുറച്ചു ദിവസം പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നു പോയി…കൃഷ്‌ണേന്ദുവിന് വീണ്ടും കോളേജിൽ പോകാനുള്ള അനുവാദം ലഭിച്ചു….. നിത്യമോൾ വായനയും എഴുത്തുമൊക്കെയായി വീട്ടിൽ തന്നെ കഴിഞ്ഞു…. തന്റെ ചേച്ചി എന്തെങ്കിലും വഴി കാണുമെന്നും അതോടെ തനിക്കു വീണ്ടും പഠിക്കാമെന്നുമുള്ള പ്രതീക്ഷ അവൾക്കുണ്ടായിരുന്നു….. എല്ലാം തലകീഴായ് മറിഞ്ഞ ആ നാൾ വരെ…..!!!!!

പ്രതാപന്റെ ഭാര്യസഹോദരിയുടെ വിവാഹത്തിന് എല്ലാവരും പോയ ദിവസം….. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന രുഗ്മിണിയമ്മ തലകറങ്ങി വീണു….കൃഷ്‌ണേന്ദു പലതവണ കുലുക്കി വിളിച്ചിട്ടും അവർ കണ്ണു തുറന്നില്ല…. അവൾ ജയേഷിനെ വിളിച്ചു… അവൻ എന്തോ ആവശ്യത്തിന് ദൂരെ പോയതായിരുന്നു… കൂട്ടുകാരനോട് പറഞ്ഞ് ഒരു വണ്ടി ഏർപ്പാടാക്കിയത് അവനാണ്… നിത്യയെ വീട്ടിൽ തനിച്ചാക്കി കൃഷ്‌ണേന്ദു അമ്മൂമ്മയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി… അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത വിവരം മാമന്മാരെ വിളിച്ചറിയിച്ചു..

“വേറെ കുഴപ്പമൊന്നും ഇല്ലല്ലോ?.. കല്യാണത്തിന് വന്നിട്ട് പങ്കെടുക്കാതെ ഇറങ്ങിയാൽ മോശമാ… നാളെ താലികെട്ട് കഴിഞ്ഞ് അങ്ങോട്ട് വന്നോളാം…നീ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ… എല്ലാം നോക്കിയും കണ്ടും ചെയ്യ്…കാശ് മധുവോ സുനിയോ കൊണ്ടു തരും…”

ഇതായിരുന്നു മനോഹരന്റെ പ്രതികരണം…. രാത്രി എട്ടുമണിയോടെ ജയേഷും ഗോവിന്ദൻകുട്ടിയും ഹോസ്പിറ്റലിൽ എത്തി…

“ഡോക്ടർ എന്ത് പറഞ്ഞു?” അവൻ ചോദിച്ചു..

“ബിപി വളരെ കുറവായിരുന്നു..”

“വേറാരും വന്നില്ലേ?”

“അവരൊക്കെ നാളെ വരാമെന്ന്…. മാമന്റെ കൂട്ടുകാർ വന്ന് പൈസ തന്നു.. “

“നിത്യമോളോ?”

“വീട്ടിൽ തന്നെയാ….”

“തനിച്ചോ?”.

“രമടീച്ചറെ വീട്ടിലേക്കു വിടുമെന്ന് മധുവേട്ടൻ പറഞ്ഞു…”

“അതിന് ടീച്ചർ അവിടില്ലല്ലോ?.. അവരുടെ സംഘടനയുടെ സമ്മേളനത്തിന് തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് രാവിലെ കണ്ടപ്പോൾ എന്നോട് പറഞ്ഞതാ..”

അവൻ അന്ധാളിപ്പോടെ അവളെയും അച്ഛനെയും നോക്കി.. കൃഷ്‌ണേന്ദു വേഗം മൊബൈലിൽ നിത്യയെ വിളിച്ചു.. റിങ് ചെയ്തതല്ലാതെ അവൾ എടുത്തില്ല… പലതവണ ശ്രമിച്ചിട്ടും അതുപോലെ തന്നെ…. ജയേഷിന് അപകടം മണത്തു…

“അച്ഛാ… ഞാൻ അങ്ങോട്ട് പോകുകയാ…. അച്ഛൻ ഇവിടെത്തന്നെ ഉണ്ടാകണം… “

കൃഷ്‌ണേന്ദുവിന് മുഖം കൊടുക്കാതെ അവൻ ഹോസ്പിറ്റലിനു പുറത്തേക്കോടി… ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കൃഷ്‌ണേന്ദുവിന്റെ വീട്ടിലേക്ക് ശരവേഗത്തിൽ പായുമ്പോൾ അശുഭകരമായ എന്തോ നടന്നിട്ടുണ്ട് എന്നവന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു…വീട്ടുമുറ്റത്ത് എത്തിയപ്പോൾ തന്റെ ഭയം സത്യമായെന്ന് അവന് മനസിലായി… ഷെഡിൽ പ്രതാപന്റെ കൂട്ടുകാരായ സുനിയും രാജീവനും മദ്യപിക്കുന്നുണ്ട്…. വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്.. പക്ഷേ മധുവിന്റെ ബുള്ളറ്റ് അവിടെ പാർക്ക് ചെയ്തിട്ടുണ്ട്…

“നീയാ ഡ്രൈവർ ഗോവിന്ദന്റെ മോനല്ലേ?..നിനക്കെന്താ ഇവിടെ കാര്യം?”

സിഗരറ്റ് വലിച്ചൂതിക്കൊണ്ട് സുനി ജയേഷിന്റെ അടുത്തേക്ക് വന്നു… അവൻ മറുപടി പറയാതെ ബൈക്ക് സ്റ്റാന്റിൽ ഇട്ട് കാളിങ്ങ് ബെല്ലിൽ വിരലമർത്തിപ്പിടിച്ചു..

“ബെൽ അടിച്ച് പൊട്ടിക്കണ്ട… ഇവിടാരുമില്ല..”

“ആരാ ഉള്ളത് എന്നെനിക്കറിയാം…”

അവൻ പൂമുഖത്തേക്ക് കയറി വാതിലിൽ ആഞ്ഞിടിച്ചു… പലതവണ..

“നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടാ… ഇവിടെ ആരുമില്ല.. വീട്ടിൽ കയറി തോന്നിവാസം കാണിക്കുന്നോ?”

രാജീവൻ അവന്റെ ഷർട്ടിൽ പിടിച്ചു പിറകിലേക്ക് വലിച്ചു..

“ആളില്ലാത്ത വീട്ടിൽ നിനക്കൊക്കെ എന്താടാ കാര്യം?.. മധു എവിടെ?”

ജയേഷ് അയാളെ തട്ടി മാറ്റി..സുനി അവനെ തല്ലാൻ കൈ ഓങ്ങി…. അവൻ ആ കൈ പിടിച്ചു വച്ചു.. പിന്നെ അയാളുടെ മുടിയിൽ പിടിച്ച് തല വാതിലിൽ ഇടിച്ചു… രാജീവനും അവന്റെ കയ്യുടെ ചൂടറിഞ്ഞു.. അപ്പോഴാണ് വാതിൽ തുറക്കപ്പെട്ടത്… മദ്യപിച്ചു ചുവന്ന കണ്ണുകളുമായി മധു…

“എന്താടാ?” ജയേഷ് അയാളെ തള്ളിമാറ്റി അകത്തേക്ക് കുതിച്ചു… രുഗ്മിണിയമ്മയുടെ മുറിയുടെ വാതിൽ ചാരിയിട്ടുണ്ട്… അത് തള്ളി അകത്തേക്ക് കയറിയ അവൻ ഞെട്ടിത്തരിച്ചു പോയി… കട്ടിലിൽ ചതഞ്ഞരഞ്ഞ പുഷ്പം പോലെ കിടക്കുകയാണ് നിത്യ… അവളുടെ വസ്ത്രങ്ങൾ നിലത്തു ചിതറിയിട്ടുണ്ട്… വളർച്ചയില്ലാത്ത ശോഷിച്ച കാലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തം അരക്കെട്ടിനു ചുറ്റും ബെഡിൽ പരന്നുകിടക്കുന്നു….

ജയേഷ് വേഗം നിലത്തുനിന്നും പാവാട എടുത്ത് അവളുടെ ദേഹത്തേക്ക് ഇട്ടു… പിന്നെ അവളെ കുലുക്കി വിളിച്ചു..

“മോളേ… എഴുന്നേൽക്ക്…” അവളൊന്ന് ഞരങ്ങി…

“എഴുന്നേൽക്ക് മോളേ…”

അവൾ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..

“ഏട്ടാ… വേദനിക്കുന്നു..”

ചങ്ക് തകരുന്നത് പോലെ ജയേഷിന് തോന്നി… അവൻ പണിപ്പെട്ട് അവളെ വസ്ത്രങ്ങൾ ധരിപ്പിച്ചു… പുറത്ത് ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം..

“മോളിവിടെ കിടന്നോ.. ഏട്ടൻ ഇപ്പൊ വരാം… ഇനിയാരും മോളെ ഉപദ്രവിക്കില്ല..”

അവളുടെ കവിളിൽ തഴുകി അവൻ പുറത്തേക്ക് ഓടി… മധു ബൈക്ക് മുന്നോട്ട് എടുക്കാൻ ശ്രമിക്കുകയായിരുന്നു…ഒറ്റ ചവിട്ടിനു ബുള്ളറ്റും അയാളും നിലത്തേക്ക് വീണു…

“കൊല്ലുമെടാ നിന്നെ ഞാൻ…” അലറിക്കൊണ്ട് ജയേഷ് അയാളുടെ നെഞ്ചിൽ കയറിയിരുന്ന് മുഖത്ത് പലതവണ ഇടിച്ചു… സുനിയും രാജീവനും അവനെ പിടിച്ചു മാറ്റി…. മധു എഴുന്നേറ്റ് ദേഹത്തെ മണ്ണ് തട്ടിക്കളഞ്ഞു…

“മിണ്ടാതെ പോകാമെന്നു കരുതിയതാ.. പക്ഷേ ഇതിനിനി നിന്റെ തലയിൽ ഇടും…. ഗോവിന്ദൻകുട്ടിയുടെ മോനും അവളും തമ്മിലുള്ള അവിഹിതം ഞങ്ങള് കണ്ടുപിടിച്ചു… ബാക്കി മനോഹരനും പ്രതാപനും നോക്കിക്കോളും…”

അയാൾ സിഗരറ്റ് പുക അവന്റെ മുഖത്തേക്ക് ഊതി…

“ഇവളുടെ തള്ള ജയലക്ഷ്മിയോട് എനിക്കൊരു പൂതിയുണ്ടായിരുന്നു… ആദ്യത്തെ കെട്ടിയോനെ ഒഴിവാക്കി വന്നപ്പോൾ ഞാനൊന്ന് മുട്ടിനോക്കിയതാ… അന്നവളെന്റെ കരണത്തടിച്ചു… ആരും അറിയാതിരിക്കാൻ ആ പിഴച്ചവളുടെ കാല് പിടിക്കേണ്ടി വന്നു… അമ്മയെ കിട്ടിയില്ല… അതോണ്ട് അവളുടെ മോളെ കിട്ടിയപ്പോൾ ഉപയോഗിച്ചു.. മൂത്തവളെയാ കൊതിച്ചത്.. സാരമില്ല.. ഇനിയും അവസരമുണ്ടല്ലോ…”

ജയേഷ് ശക്തമായി കുതറി … പിന്നെ കാലുയർത്തി ആഞ്ഞു ചവിട്ടി… മധു നിലത്തേക്ക് മലർന്നടിച്ചു വീണു… ചെടിച്ചട്ടികൊണ്ടുള്ള ഏറിൽ സുനിയും വീണപ്പോൾ രാജീവൻ പേടിച്ച് മാറി നിന്നു… മധുവും ജയേഷുമായുള്ള പോരാട്ടം രൂക്ഷമായി ..ആരോഗ്യദൃഢഗാത്രനായ അയാളോട് പിടിച്ചു നിൽക്കാൻ ജയേഷ് പാടുപെട്ടു… നിലത്തേക്ക് വീണ അവനെ പൊക്കിയെടുത്ത് ഷെഡിന്റെ ഭിത്തിയിൽ ചാരി നിർത്തി…

“ആരോടാ കളിക്കുന്നതെന്ന് നീ മറന്നോടാ പട്ടീ..?. “

അയാൾ അവന്റെ വയറിൽ കാൽമുട്ട് കൊണ്ട് ഇടിച്ചു.. ശ്വാസം കിട്ടാതെ അവൻ നിലത്തിരുന്നു…

“ഇവിടെ കണ്ടതെല്ലാം മറന്ന് പോകാൻ പറ്റുമെങ്കിൽ നിനക്ക് പോകാം.. ഇല്ലെങ്കിൽ പ്രായപൂർത്തി ആകാത്ത വികലാംഗയെ നശിപ്പിച്ച കേസിൽ നിനക്ക് അകത്തു കിടക്കാം… എന്തുവേണമെന്ന് നീ ഇപ്പൊ തീരുമാനിക്ക്…”

ജയേഷ് വായിലെ ചോര തുപ്പിക്കളഞ്ഞ് ചാടിയെണീറ്റ് തലകൊണ്ട് അയാളുടെ നെഞ്ചിൽ ഇടിച്ചു.മധു വേച്ചു പോയി.. ഷെഡിന്റെ ഒരു മൂലയിൽ പറമ്പിലെ ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ കൂട്ടിയിട്ടിരുന്നു… അവന് കയ്യിൽ കിട്ടിയത് തേങ്ങ പൊതിക്കുന്ന പാരയാണ്… അതെടുത്ത് അവൻ ആഞ്ഞടിച്ചു.. മധുവിന്റെ കാൽമുട്ടിലാണ് അടി കൊണ്ടത്.. അയാൾ ഉറക്കെ കരഞ്ഞു… അടുത്ത അടി ചുമലിലായിരുന്നു.. രാജീവന്റെയും സുനിയുടെയും നേരെയും അവൻ പാര വീശി.. അവർ ഒഴിഞ്ഞ് മാറിയതിനാൽ ദേഹത്ത് കൊണ്ടില്ല… ജയേഷ് വീണ്ടും മധുവിന്റെ നേരെ തിരിഞ്ഞു.. അയാൾ കാൽമുട്ടിൽ അമർത്തി പിടിച്ച് നിലത്തിരിക്കുകയാണ്.. ജയേഷ് പാര അയാളുടെ തുടയിൽ കുത്തിയിറക്കി… പിന്നെ വലിച്ചൂരിയെടുത്ത് തലങ്ങും വിലങ്ങും അടിച്ചു…

“നിന്റെ മോളുടെ പ്രായമല്ലേടാ നായേ ആ കുഞ്ഞിനും?.. പാതി മരിച്ചു കിടക്കുന്ന അവളെ വേദനിപ്പിച്ചിട്ട് എന്ത് സുഖമാ നിനക്ക് കിട്ടിയത്?… നീയിനി ഈ ഭൂമിയിൽ വേണ്ട…”

മലർന്ന് കിടന്ന് വേദനകൊണ്ട് പുളയുന്ന മധുവിന്റെ വയറിലേക്ക് അവൻ പാര കൊണ്ട് ആഞ്ഞു കുത്തി… രാജീവൻ പുറകെ വന്ന് വട്ടം പിടിക്കാൻ ശ്രമിച്ചുവെങ്കിലും അടിയേറ്റ് അയാൾ തെറിച്ചു വീണു..വല്ലാത്തൊരു ഉന്മാദത്തോടെ ജയേഷ് പാര കൊണ്ട് മധുവിനെ തല്ലി ചതച്ചു … അയാളുടെ മുഖം ചോരക്കട്ടയായി… മാംസം നഷ്ടപ്പെട്ട കവിളിലെ എല്ല് തെളിഞ്ഞു ..സുനിയും രാജീവനും അവരുടെ അടുത്തേക്ക് പോകാൻ പേടിച്ച് മാറി നിന്നു….ബഹളം കേട്ട് ആൾക്കാർ ഓടിവരുന്നുണ്ടായിരുന്നു..

“നീയിനി ജീവിക്കണ്ട….എന്റെ കുഞ്ഞിനെ നോവിച്ച നീയിനി വേണ്ട…”

കൈ കുഴഞ്ഞപ്പോൾ അവൻ അടിക്കുന്നത് നിർത്തി കിതച്ചു.. മധുവിന്റെ കരച്ചിൽ നേർത്ത ഞരക്കമായി മാറി… ജയേഷ് ശ്വാസം വലിച്ചെടുത്തു…. പിന്നെ പാര അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി… വാരിയെല്ലുകൾക്കിടയിലൂടെ അത് ആഴ്ന്നു പോകുന്നതും ചുടുരക്തം പുറത്തേക്ക് തെറിക്കുന്നതും കണ്ടുനിൽക്കാൻ കഴിയാതെ രാജീവനും സുനിയും കണ്ണുകൾ ഇറുക്കിയടച്ചു… ആരൊക്കെയോ വന്ന് പിടിച്ചു മാറ്റുന്നത് വരെ ജയേഷ് മധുവിന്റെ ചേതനയറ്റ ശരീരത്തിൽ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..

കാർ ഹോണടിക്കുന്ന ശബ്ദം കേട്ട് കൃഷ്‌ണേന്ദു ഞെട്ടി കണ്ണുകൾ തുറന്നു.. ഒരു വലിയ ഒരു വീടിന്റെ പോർച്ചിൽ വണ്ടി നിൽക്കുകയാണ്… ഇരുട്ടിൽ നിന്നും പെട്ടെന്ന് വെളിച്ചം കണ്ണിലടിച്ചത് കൊണ്ട് സ്ഥലകാല ബോധം വരാൻ അവൾക്ക് ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു…

“മക്കള് ഇറങ്ങ്… സ്ഥലമെത്തി…” ഗണേശൻ പറഞ്ഞു… അയാളും ഡ്രൈവറും പുറത്തിറങ്ങി കാറിന്റെ ഡിക്കിയിൽ നിന്നും സാധനങ്ങൾ ഇറക്കുകയാണ്… കൃഷ്‌ണേന്ദു പതിയെ നിത്യയെ തട്ടി വിളിച്ചു..

“മോളേ… എഴുന്നേൽക്ക്…”

അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി..

“എത്തിയോ ചേച്ചീ?”

“ഉവ്വ്…”

“എനിക്കെന്തോ പേടിയാകുന്നു…”

“എന്തിന്?”

“ചേച്ചിയുടെ അച്ഛന് എന്നെ ഇഷ്ടപ്പെടുമോ?. ഞാൻ അദ്ദേഹത്തിന്റെ മോളല്ലല്ലോ..?”

“നീ എന്റെ അനിയത്തി അല്ലേ?.. ഞാൻ എവിടെയാണോ… അവിടെ നീയുമുണ്ടാകും… വാ ഇറങ്ങ്…”

കൃഷ്‌ണേന്ദു പുറത്തിറങ്ങി…. ഡ്രൈവർ വീൽ ചെയർ തയ്യാറാക്കി വച്ചിട്ടുണ്ട്… അവൾ ഡോർ തുറന്ന് നിത്യയെ താങ്ങി വീൽ ചെയറിൽ ഇരുത്തി… പെട്ടെന്ന് വീടിന്റെ വാതിൽ തുറക്കപ്പെട്ടു… ഒരു സ്ത്രീ സിറ്റൗട്ടിലേക്ക് ഇറങ്ങി… പ്രായം അമ്പതിനടുത്ത് ഉണ്ടെങ്കിലും നല്ല സൗന്ദര്യം…. ഒരു നൈറ്റിയാണ് വേഷം…. ഇതാവണം അവർ… അച്ഛന്റെ പഴയ കാമുകി… ഇപ്പോഴത്തെ ഭാര്യ…. കാറിനുള്ളിൽ വച്ച് ഗണേശന്റെ സംഭാഷണ ശകലങ്ങൾക്കിടയിൽ അവരുടെ പേര് സെലീന എന്നാണെന്ന് കൃഷ്‌ണേന്ദു മനസിലാക്കിയിരുന്നു… ഒരു സെയിൽസ് ഗേൾ ആയി വന്ന് തന്റെ അച്ഛനെ അമ്മയിൽ നിന്ന് അകറ്റിയവർ… തന്റെ ജീവിതത്തിൽ പിതൃവാത്സല്യം നിഷേധിക്കാൻ കാരണക്കാരി…. ബദ്ധവൈരിയെ എന്നപോലെ കൃഷ്‌ണേന്ദു അവരെ തുറിച്ചു നോക്കി…. അവർ പക്ഷേ മനോഹരമായി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു… ആദ്യം കുനിഞ്ഞ് നിത്യയുടെ ശിരസിൽ ചുംബിച്ചു… പിന്നെ കൃഷ്‌ണേന്ദുവിന്റെ കൈ പിടിച്ചു..

“യാത്രയൊക്കെ സുഖമായിരുന്നോ?”

അവൾ ആ കൈ തട്ടി മാറ്റി… ഈ സ്നേഹപ്രകടനം കൊല്ലാനാണോ വളർത്താനാണോ എന്നറിയില്ല… അല്ലെങ്കിലും തന്നെ സ്നേഹിക്കാൻ ഇവരാരാണ്?.. സ്വന്തം അമ്മാവന്മാർക്ക് ഇല്ലാത്ത സ്നേഹം അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് ഉണ്ടാകുമോ?. ആരെയും വിശ്വസിക്കരുത് എന്നത് ജീവിതം പഠിപ്പിച്ചതാണ്….

“ഏട്ടൻ എവിടെ?” ഗണേശൻ ബാഗുമെടുത്ത് അങ്ങോട്ട് വന്നു..

“ഇത്രയും നേരം ഇവരെയും നോക്കി ഇരിപ്പുണ്ടായിരുന്നു… ഞാൻ നിർബന്ധിച്ചു കുളിക്കാൻ പറഞ്ഞയച്ചതാ…”

അവർ കൃഷ്‌ണേന്ദുവിനെ നോക്കി…

“അകത്തേക്ക് വാ… ഇത്‌ നിങ്ങളുടെ വീടാ…”

ആര് ആരെ എവിടെക്കാണ് ക്ഷണിക്കുന്നത്?.. നിങ്ങൾക്കിത് പറയാൻ എന്താണാവോ അവകാശം..?. നാവ് തരിച്ചെങ്കിലും എല്ലാം അടക്കി കൃഷ്‌ണേന്ദു വീൽ ചെയറിൽ പിടിച്ചു…

“മോള് അകത്തേക്ക് കയറിക്കോ…” ഗണേശൻ പറഞ്ഞു.. അയാളും ഡ്രൈവറും ചേർന്ന് വീൽചെയർ പൊക്കി നേരെ ഹാളിലേക്ക് നടന്നു.. പിന്നാലെ കൃഷ്‌ണേന്ദുവും….. വിശാലമായ ഹാൾ…. ആ വീടിനു തറവാട് വീടിനെക്കാൾ വലിപ്പമുണ്ടെന്ന് അവൾക്ക് തോന്നി… അത്രയ്ക്ക് പഴക്കവുമില്ല….. പെട്ടെന്ന് ഒരു മുറിയുടെ വാതിൽ തുറക്കപ്പെട്ടു… മുണ്ട് മാത്രം ധരിച്ച ഒരാൾ ടവ്വൽ കൊണ്ട് തല തൂവർത്തിക്കൊണ്ട് പുറത്തിറങ്ങി..കുറച്ചു തടിച്ച ശരീരം…. കഴുത്തിൽ സ്വർണമാല… കഷണ്ടി കയറിയിട്ടുണ്ട്….അവരെ കണ്ടതും അയാൾ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു… മഹാദേവൻ…… തന്റെ അച്ഛൻ… കൃഷ്‌ണേന്ദുവിന്റെ രോമകൂപങ്ങൾ എഴുന്നേറ്റു…. കയ്യിൽ കളിപ്പാട്ടങ്ങളുമായി മകളെ കൊഞ്ചിക്കുന്ന അച്ഛന്റെ രൂപം അവൾ ഓർമയിൽ പരതിനോക്കിയെങ്കിലും കിട്ടിയില്ല…പകരം തെളിയുന്നത് മകളല്ലെങ്കിലും തന്നെ അതുപോലെ സ്നേഹിച്ച, അകാലത്തിൽ മരിച്ചു പോയ വിനയചന്ദ്രന്റെ രൂപമാണ്….

“ദേ… ആളെ ഇവിടെത്തിച്ചിട്ടുണ്ട്… ഞാൻ പോകുവാ….”

ഗണേശൻ സന്ദർഭത്തിന് അയവു വരുത്താനെന്നവണ്ണം പറഞ്ഞു..

“അത്താഴം കഴിച്ചിട്ട് പോകാം ഗണേശാ..”

” വേണ്ട ഏടത്തീ… അവളും പിള്ളേരും വീട്ടിൽ തനിച്ചല്ലേ… അതുമാത്രമല്ല ജോയിക്ക് നാളെ പുലർച്ചെ എയർപോർട്ടിലേക്ക് ഓട്ടമുണ്ട്… ഇത്രേം ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാൻ പറ്റാത്തത് കൊണ്ടാ അവനെ കൂടെ കൂട്ടിയത്… പാവം പോയി ഇച്ചിരി നേരം ഉറങ്ങിക്കോട്ടെ… “

അയാൾ കൃഷ്‌ണേന്ദുവിന്റെയും നിത്യയുടെയും അടുത്ത് വന്നു..

“മക്കളേ… ഞാൻ നാളെ വരാം.. ഇവിടുന്ന് പതിനഞ്ച് മിനിട്ടോളം ദൂരമുണ്ട് എന്റെ വീട്ടിലേക്ക്… ഇന്ന് വന്നതല്ലേയുള്ളൂ… അതോണ്ടാ ക്ഷണിക്കാത്തത്.. ഇനിയും സമയമുണ്ടല്ലോ….”

അയാൾ പോയിക്കഴിഞ്ഞതോടെ അവിടെ നിശബ്ദത കനത്തു… നിത്യ പേടിച്ചരണ്ട മട്ടിൽ ഇരിക്കുകയാണ്… കുറച്ചു നേരത്തിനു ശേഷം മഹാദേവൻ ടവ്വൽ തോളിലൂടെ പുതച്ച് അവർക്ക് അരികിലെത്തി..

“ഒന്ന് കുളിച്ച് ഫ്രഷ് ആയി വല്ലതും കഴിക്ക്…”

ഘനഗംഭീരമായ ശബ്ദം….

“ഇങ്ങോട്ട് എന്നെ കൊണ്ടുവന്നതിന്റെ ഉദ്ദേശമെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം…”

കൃഷ്‌ണേന്ദു പറയുന്നത് കേട്ട് നിത്യ ഞെട്ടി… അവൾ കൃഷ്‌ണേന്ദുവിന്റെ കൈ പിടിച്ചു..

“ചേച്ചീ വേണ്ട…” അവൾ പക്ഷേ അത് ശ്രദ്ധിച്ചില്ല…

“എന്ത് ഉദ്ദേശം?.. എന്റെ മോളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു… അതിന് പ്രത്യേകിച്ച് കാരണം വേണോ?”

“ഞാൻ മോളാണെന്ന് നിങ്ങൾക്ക് എന്താ ഉറപ്പ്… ഇരുപത് വർഷങ്ങൾക്ക് ശേഷം എന്നെ തിരിച്ചറിയാൻ നിങ്ങൾക്ക് സാധിച്ചെങ്കിൽ അതൊരു അത്ഭുതം തന്നെ… സത്യമായും നിങ്ങളാണോ എന്റെ അച്ഛൻ എന്ന് എനിക്ക് അറിയില്ല… കാരണം ഈ കാലയളവിൽ ഒരിക്കലും, എവിടെയും നിങ്ങളുടെ മുഖം ഞാൻ കണ്ടിട്ടില്ല…നിങ്ങളുടെ പേര് പോലും മറന്നു പോയി…”

മഹാദേവൻ തരിച്ചു നിൽക്കുകയാണ്.. സെലീനയും അതേ അവസ്ഥയിൽ തന്നെ..

“ജീവിതം വഴിമുട്ടി നിൽകുമ്പോഴാ ഒരാൾ ഇളയച്ഛൻ ആണെന്നും പറഞ്ഞു കടന്നു വരുന്നത്.. വിശ്വസിച്ചില്ല… അച്ഛനില്ലാത്ത എനിക്ക് എന്ത് ഇളയച്ഛൻ…?!!!.. അവസാനം അമ്മൂമ്മയാ പറഞ്ഞത് ഇത്‌ ഇളയച്ഛൻ തന്നെ എന്ന്…ഒന്നുറങ്ങാനോ, ഒരു ഉരുള ചോറ് കഴിക്കാനോ സാധിക്കാതെ, മരിക്കുന്നതാ നല്ലത് എന്ന് കരുതിയസമയമായിരുന്നു അത്… എവിടെങ്കിലും പോയി രക്ഷപെടാൻ അമ്മൂമ്മ കൂടി നിർബന്ധിച്ചപ്പോൾ ഒന്നും ആലോചിക്കാതെ ആ മനുഷ്യന്റെ കൂടെ ഇറങ്ങി വന്നു…. വേറൊന്നും ചിന്തിച്ചില്ല….”

അവൾ കിതച്ചു…

“എനിക്കിനി യാതൊരു സ്വപ്നങ്ങളുമില്ല… ഇവളുടെ ഭാവി… അത് ഓർത്ത് മാത്രമാ നിങ്ങളുടെ ഔദാര്യം സ്വീകരിച്ച് ഇങ്ങോട്ട് വന്നത്… എന്തായാലും തന്റെ പഴയ ഭാര്യയ്ക്ക് വേറൊരുത്തനിൽ ജനിച്ച വികലാംഗയായ കുട്ടിയെയും ഏറ്റെടുക്കാൻ കാണിച്ച മഹാമനസ്കതയ്ക്ക് നന്ദി….”

അവൾ സെലീനയെ നോക്കി…

“കിടക്കാൻ എവിടെങ്കിലും സ്ഥലം തരാമോ?.. ഇവൾക്ക് നട്ടെല്ലിന് പ്രശ്നമുണ്ട്… ഇത്രയും നേരം കാറിൽ ഇരുന്നതല്ലേ… പെയിൻ ഉണ്ടാകും…”

സെലീന തലയാട്ടി… പിന്നെ വീൽ ചെയർ ഉരുട്ടി ഹാളിന്റെ അങ്ങേ തലയ്ക്കലെ മുറിക്ക് നേരെ നടന്നു..മഹാദേവനെ ഒന്ന് നോക്കിയ ശേഷം കൃഷ്‌ണേന്ദു അവരെ അനുഗമിച്ചു… നല്ല വലിപ്പമുള്ള ഒരു മുറിയായിരുന്നു അത്… ഏസിയും അറ്റാച്ഡ് ബാത്റൂമും ഒക്കെയുണ്ട്… അവരുടെ ബാഗുകൾ ഗണേശനും ഡ്രൈവറും ചേർന്ന് അവിടെ അടുക്കി വച്ചിരുന്നു…

“വേഗം ഫ്രഷ് ആയിവാ… അത്താഴം തണുത്തിട്ടുണ്ടാകും.. ഞാൻ പെട്ടെന്ന് ചൂടാക്കാം..”

“വേണ്ട… വിശപ്പില്ല… ഒന്ന് കിടന്നാൽ മതി…”

“കുടിക്കാനുള്ള വെള്ളം മേശപ്പുറത്തുണ്ട്…”

കൃഷ്‌ണേന്ദു തലയാട്ടി… അവർ പുറത്തിറങ്ങിയ ഉടനെ അവൾ ഡോർ ലോക്ക് ചെയ്തു… ബാഗിൽ നിന്നും നിത്യയുടെ വസ്ത്രങ്ങളെടുത്ത് ബാത്‌റൂമിൽ കൊണ്ടുവച്ചു.. പിന്നെ വീൽചെയർ ബാത്റൂം ഡോറിനരികെ എത്തിച്ച് നിത്യയുടെ വസ്ത്രങ്ങൾ ഊരി… അവളെ താങ്ങിയെടുത്ത് ബാത്റൂമിൽ ഇരുത്തി…. എല്ലാം കഴിഞ്ഞ് നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച് അവളെ എടുത്ത് ബെഡിൽ കിടത്തി…

“നടുവേദന ഉണ്ടോ മോളെ?”

“ഏയ്‌ ഇല്ല ചേച്ചീ…”…. ഉണ്ടായാലും അവൾ പറയില്ല എന്ന് കൃഷ്‌ണേന്ദുവിന് അറിയാം… ബാത്‌റൂമിലേക്ക് അവളെ എടുത്തു കൊണ്ടുപോകാൻ തനിക്ക് ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ഭാരം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കിയ കുട്ടിയാണ് നിത്യ…അവൾ നിത്യയെ ചരിച്ചു കിടത്തി നടുവിന് മരുന്ന് തേച്ചു പിടിപ്പിച്ചു..

“ചേച്ചിയെന്തിനാ ആ സാറിനോട് അങ്ങനൊക്കെ പറയാൻ പോയത്?.. ഞാനാകെ പേടിച്ച് പോയി..”

“അത്രയെങ്കിലും ഞാൻ പറയണ്ടേ?”..

“ഇവരൊക്കെ പാവങ്ങളാണെന്ന് തോന്നുന്നു ചേച്ചീ..”

“കണ്ടറിയാം… ഇത്രേം നാൾ ഇല്ലാത്ത സ്നേഹം ഇപ്പൊ പൊട്ടിമുളച്ചു വരുന്നതിനു എന്തെങ്കിലും കാരണമുണ്ടാകും…നീ ഉറങ്ങിക്കോ… രാത്രി വിശന്നാൽ പറയണം.. ബാഗിൽ ബിസ്കറ്റ് ഉണ്ട്…”

അവൾ ലൈറ്റ് ഓഫ് ചെയ്തു..

“നമ്മൾ ഇവിടെത്തിയ കാര്യം അമ്മൂമ്മയോട് വിളിച്ചു പറയണ്ടേ?”

“രാവിലെ പറയാം.. ഇപ്പൊ അമ്മൂമ്മ ഉറങ്ങിയിട്ടുണ്ടാകും.മരുന്ന് കഴിക്കുന്നതല്ലേ.. വെറുതെ ശല്യം ചെയ്യണ്ട..”

പിന്നെ മൗനം,… പുറത്തു ചീവീടുകളുടെ ശബ്ദം കേൾക്കാം…

“ചേച്ചീ..”

“എന്താ മോളെ..?”

“ജയേഷേട്ടനെ കാണാൻ പോകണ്ടേ…?”

ആ പേര് കേട്ടപ്പോൾ കൃഷ്‌ണേന്ദുവിന് ഹൃദയം മുറിയുന്നത് പോലെ തോന്നി..

“ശ്രമിക്കാഞ്ഞിട്ടാണോ മോളേ…?.. നമ്മളെ കാണാൻ സമ്മതിക്കാത്തത് കൊണ്ടല്ലേ..?”

“പാവം… ഞാൻ കാരണമല്ലേ ഏട്ടൻ ജയിലിൽ കിടക്കുന്നത്?… എന്നെകൊണ്ട് എല്ലാർക്കും ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളൂ…”

“നീ അങ്ങനൊന്നും ചിന്തിക്കണ്ട… എല്ലാം ശരിയാകും.. ഉറങ്ങിക്കോ…”

അവൾ നിത്യയുടെ മുടിയിലൂടെ വിരലോടിച്ചു…. സങ്കടങ്ങൾ ഉള്ളിൽ തിളച്ചു മറിയുകയാണ്… തന്റെ പ്രാണനായവൻ ഇന്ന് ഇരുമ്പഴികൾക്കുള്ളിലാണ്… അതും തന്റെ അനിയത്തിയെ പിച്ചിചീന്തിയ ഒരു മൃഗത്തിനെ കൊന്നകുറ്റത്തിന്… കരച്ചിൽ പുറത്തേക്ക് വരുമോ എന്ന് ഭയന്ന് അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി വച്ചു..

മാമന്മാർ അറിയാതെ ഒരു തവണ ജയിലിൽ അവനെ കാണാൻ പോയിരുന്നു.. പക്ഷേ അവളെ കണ്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു തിരിഞ്ഞു നടന്നു… പിന്നീട് ഗോവിന്ദൻകുട്ടിയോട്, തന്നെ കാണാൻ ആരും വരരുത് എന്നവൻ പറഞ്ഞയച്ചു…

“നിന്റെ മുഖം കാണുമ്പോൾ അവന് കഴിഞ്ഞത് എല്ലാം ഓർമ്മ വരുന്നത് കൊണ്ടാവും…അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല..”

ഗോവിന്ദൻകുട്ടി പറഞ്ഞു… അയാൾ തീരെ അവശനായിരുന്നു…

“ഗോവിന്ദേട്ടൻ ക്ഷമിക്കണം… ഞങ്ങൾക്ക് വേണ്ടിയാ ജയേഷേട്ടൻ ഈ അവസ്ഥയിലായത്…..മാപ്പ്…”

അവൾ കൈകൾ കൂപ്പി വിങ്ങിപ്പൊട്ടി..

“അയ്യേ… എന്താ കുഞ്ഞേ ഇത്‌…?..” അയാൾ അവളുടെ കണ്ണുനീർ തുടച്ച് കളഞ്ഞു..

” പെൺകുട്ടികളെ നശിപ്പിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്ന വാർത്തകൾ കാണുമ്പോൾ ഒരു സാധാരണ മലയാളിയെ പോലെ ഞാനും രോഷം കൊണ്ടിട്ടുണ്ട്… അവന്മാരെ കൊല്ലണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്… ഇവിടെ എന്റെ മോൻ അത് നടപ്പിലാക്കി… നിത്യ അവന്റെ അനിയത്തിയാണെന്ന് അവനെപ്പോഴും പറയും… ഒരു ഏട്ടന്റെ കടമ അവൻ ചെയ്തു…അതിന് അവൻ ജയിലിൽ കിടക്കുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ….. ഈ നാട്ടിൽ ഇങ്ങനെ വേട്ടയാടപ്പെടുന്ന രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ കുടുംബക്കാർ ഇതുപോലെ ചെയ്‌താൽ മതി.. പിന്നെ പെണ്ണിന്റെ ദേഹത്ത് തൊടുമ്പോൾ ഇതുപോലെയുള്ള മൃഗങ്ങൾ ഒന്ന് വിറയ്ക്കും…ഇവിടെ പിടിക്കപ്പെട്ടാൽ കാര്യമായ ശിക്ഷയൊന്നും കിട്ടില്ല എന്ന ധൈര്യം കൊണ്ടല്ലേ ദിവസവും ഇതൊക്കെ ആവർത്തിക്കുന്നത്?…. എന്റെ മോൻ ചെയ്തത് ശരിയാണ്… നൂറുശതമാനം ശരി.. ഇവിടുത്തെ നിയമം അവനെ ശിക്ഷിച്ചാലും പ്രശ്നമില്ല… നിത്യമോളെ പോലെയുള്ള പെൺകുട്ടികൾ ഇതുപോലെ ഒരു ഏട്ടൻ തനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കില്ലേ,…. അത് മതി… ധീരനായ ഒരു മകന്റെ അച്ഛനാ ഞാൻ… അവൻ വരുന്നത് വരെ കാത്തിരുന്നോളാം… “

അയാൾ അവളെ നോക്കി..

“നിന്നെ അവന് ഒത്തിരി ഇഷ്ടമായിരുന്നു… തുറന്നു പറഞ്ഞോ എന്ന് ഞാൻ ഒത്തിരി നിർബന്ധിച്ചതാ.. അനുസരിച്ചില്ല… ഒരിക്കലും ഈ ബന്ധം നിന്റെ വീട്ടുകാർ സമ്മതിക്കില്ല, വെറുതേ ആശിച്ച് ഒടുക്കം ദുഖിക്കേണ്ടി വരുമെന്നായിരുന്നു അവൻ പറയാറ്… നിനക്ക് അവനെ ഇഷ്ടമാണെന്നും അവനറിയാം… മനഃപൂർവം കണ്ടില്ലെന്ന് നടിച്ചതാണ്.. നിന്റെ മനസ് വേദനിപ്പിക്കാതിരിക്കാൻ വേണ്ടി…”

“അറിയാം…” അവൾ കണ്ണീരോടെ പുഞ്ചിരിച്ചു..

“എന്നും എന്റെ നല്ലത് മാത്രമേ ജയേഷേട്ടൻ ചിന്തിച്ചിട്ടുള്ളൂ…ഇതുവരെ ആഗ്രഹിച്ചതൊന്നും കിട്ടാതെ പോയ ഒരു പെണ്ണാ ഞാൻ….. പക്ഷേ ഞാനും ജയേഷേട്ടനെ കാത്തിരിക്കും.. അത് പ്രണയം കൊണ്ട് മാത്രമല്ല…എന്റെ അനിയത്തിയെ എന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുത്താൻ വയ്യ…. ഗോവിന്ദേട്ടൻ ഇനി കാണാൻ പോകുമ്പോ പറഞ്ഞേക്ക് ഇവിടെ രണ്ടുപേർ പ്രാർത്ഥനയോടെ ഉണ്ടെന്ന്… ചിലപ്പോൾ ജയേഷേട്ടൻ വരുമ്പോഴേക്കും ഞങ്ങൾ ഇവിടുണ്ടാവില്ല… ലോകത്തിന്റെ ഏത് കോണിലായാലും മനസ് കൊണ്ട് ഞാൻ ജയേഷേട്ടന്റെ അടുത്തുണ്ടാകും..”

“നിങ്ങൾ എങ്ങോട്ട് പോകുവാ മോളേ?”

“വീട്ടിലെ പ്രശ്നങ്ങൾ അറിയാമല്ലോ… നിത്യമോൾക്ക് സംഭവിച്ചതിലൊന്നും ആർക്കും ദുഖമില്ല… അയാളെ ജയേഷേട്ടൻ കൊന്നതും പോലീസുകാർ ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നതുമാണ് അവർക്ക് സഹിക്കാൻ വയ്യാത്തത്… ആ പേരിൽ എന്നും വഴക്കു തന്നെ… എന്നെ കെട്ടിച്ചു വിടാനും അവളെ ദൂരേക്ക് മാറ്റാനുമുള്ള തീരുമാനം തല്ക്കാലം മാറ്റി വയ്ക്കേണ്ടി വന്നതിലുള്ള കലി വേറെയും…. അപ്പോഴാ അച്ഛന്റെ അനിയനാണെന്നും പറഞ്ഞ് ഒരാൾ വന്നത്… ആദ്യം വന്നപ്പോൾ വലിയമ്മാവൻ ആട്ടിയിറക്കി.. പക്ഷേ രണ്ടാമത്തെ തവണ പോലീസുകാരെയും രാഷ്ട്രീയക്കാരെയും കൊണ്ടാ വന്നത്… എന്നെ കൂടെ പോകാൻ ക്ഷണിച്ചു….എനിക്ക് താല്പര്യമില്ല.. പക്ഷേ നിത്യമോൾക്ക് ഒരു മാറ്റം വേണം… മാനസികമായി അവൾ ആകെ തളർന്നിരിക്കുകയാ.. എഴുന്നേറ്റ് നടക്കാൻ കഴിയുമായിരുന്നെങ്കിൽ അവൾ ആത്മഹത്യ ചെയ്തേനെ…. ഒരുത്തൻ ചവച്ചു തുപ്പിയത് പോരാഞ്ഞിട്ട് വീട്ടുകാരുടെ വൃത്തികെട്ട സംസാരം കൂടി കേൾക്കേണ്ട ഗതികേടിൽ നിന്നും അവളെ രക്ഷിച്ചേ തീരൂ…അവളെയും കൂടെ കൂട്ടാൻ അനുവദിക്കുമെങ്കിൽ മാത്രം ഞാൻ വരാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.. നോക്കാം…”

അവൾ വാച്ചിൽ നോക്കി..

“സമയം വൈകി.. ഞാൻ പോട്ടെ..?”

“പോയി വാ… എവിടെ ആയാലും നിങ്ങൾക്ക് നല്ലതേ വരൂ…”

വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛന്റെ അടുത്തേക്ക് പോകാം എന്നവൾ തീരുമാനിച്ചു…ഒത്തിരി ദൂരെ കൃഷിയും മറ്റുമായി കഴിയുകയാണ് അച്ഛൻ മഹാദേവൻ എന്നാണ് ഗണേശൻ പറഞ്ഞത്… ദൂരയാത്ര ചെയ്യാൻ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് പോലും അനിയനെ വിട്ടത്…. ഇത്രയയും കാലം എന്തുകൊണ്ട് അന്വേഷിച്ചു വന്നില്ല എന്ന ചോദ്യത്തിന് ഗണേശൻ ഒരു ചിരിയിൽ ഉത്തരം ഒരുക്കുകയായിരുന്നു…അയാൾക്ക് രാഷ്ട്രീയത്തിലും മറ്റും അത്യാവശ്യം പിടിപാട് ഉണ്ടെന്ന് രണ്ടാമത്തെ തവണ വന്നപ്പോൾ കൃഷ്‌ണേന്ദുവിന് ബോധ്യപ്പെട്ടതാണ്… പോലീസുകാരോക്കെ വളരെ ബഹുമാനത്തോടെയാണ് അയാളോട് പെരുമാറിയത്..ഭാവിയിൽ ജയേഷിനെ രക്ഷിക്കാൻ അയാൾ സഹായിച്ചേക്കുമെന്ന് അവൾ പ്രതീക്ഷിച്ചു…..ജയേഷ് ഇപ്പോൾ വിചാരണതടവുകാരനാണ്… കൊലപാതകത്തിന് മധുവിന്റെ കൂട്ടുകാരും പിന്നെ ഓടിവന്ന നാട്ടുകാരിൽ ചിലരും ദൃക്സാക്ഷികളായതിനാൽ ശിക്ഷ ഉറപ്പാണെന്ന് പ്രതാപൻ ആരോടോ പറയുന്നത് അവൾ കേട്ടിരുന്നു… സാക്ഷികളെ സ്വാധീനിക്കുമെന്ന കാരണത്താൽ കോടതി ജാമ്യം നിഷേധിക്കുകയാണ്… അവൻ അകത്തു കിടക്കുന്നത് തന്നെയാണ് നല്ലതും… ക്രിമിനലുകളായ ഒരുപാട് കൂട്ടുകാർ മധുവിന് ഉണ്ട്… ആരെങ്കിലും പ്രതികാരം ചെയ്തേക്കാം….

ഓരോന്ന് ആലോചിച്ച് അവൾ വീട്ടിലെത്തി..മനോഹരൻ മുറ്റത്ത് നിൽക്കുന്നുണ്ട്….

“എവിടെ പോയതാടീ?” അയാൾ ശബ്ദമുയർത്തി…

“എവിടെയുമില്ല. “

“തന്തയുടെ കുടുംബക്കാര് വന്നതിലുള്ള അഹങ്കാരമായിരിക്കുമല്ലേ?…”

“ആണെന്ന് കൂട്ടിക്കോ…”

“എന്തു പറഞ്ഞെടീ?”… അയാൾ കൈയോങ്ങി…

“തൊട്ടുപോകരുത്….” അവളുടെ കണ്ണുകൾ ജ്വലിച്ചു..

“ഇത്രേം കാലം നിങ്ങളുടെയൊക്കെ അടിയും തൊഴിയും ചീത്തവിളിയും സഹിച്ചു.. ഇനിയത് ഉണ്ടാവില്ല.. ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയാ ഞാൻ,..എന്നെ ചോദ്യം ചെയ്യാനൊന്നും നിങ്ങൾക്ക് യാതൊരു അധികാരവുമില്ല… ഈ വീട്ടിൽ നിങ്ങൾക്കുള്ള അതേ അവകാശം എനിക്കുമുണ്ട്….. അതുകൊണ്ട് കൂടുതൽ ഭരണമൊന്നും വേണ്ട.. ഞാൻ എന്റെ അച്ഛന്റെ അടുത്തേക്ക് പോകുമെന്നതിൽ നിങ്ങൾക്ക് നല്ല സന്തോഷമുണ്ടാകും അല്ലേ?.. പക്ഷേ ശല്യമൊഴിവാക്കി എന്ന് സന്തോഷിക്കാൻ നിങ്ങളെ ഞാൻ വിടില്ല… ഒരിക്കൽ ഇവിടേക്ക് തിരിച്ചു വരും… എന്റെ അമ്മ ഗതികേട് കൊണ്ട് ജീവിതം അവസാനിപ്പിച്ച, എന്റെ അനിയത്തിയുടെ കണ്ണീര് വീണ, അവൾക്ക് വേണ്ടി ഒരു പാവം മനുഷ്യൻ കൊലപാതകിയായ ഈ വീട് തകർന്നു വീഴുന്നത് കാണാൻ….”

അതൊരു ശപഥമായിരുന്നു… തച്ചു തകർക്കപ്പെട്ടിട്ടും അവിടെ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പെണ്ണിന്റെ ശപഥം……


കോഴി കൂവുന്ന ശബ്ദം കേട്ട് കൃഷ്‌ണേന്ദു കണ്ണുതുറന്നു… മൊബൈലിൽ സമയം നോക്കി… നാലര…. ഭക്ഷണം കഴിക്കാതെ കിടന്നത് കൊണ്ടാവണം, നല്ല വിശപ്പുണ്ട്… രേവതി ഉറക്കം തന്നെയാണ്.. അവൾ എഴുന്നേറ്റ് ജനൽ തുറന്നു…. തണുത്ത കാറ്റ് അകത്തേക്ക് ഇരച്ചു കയറി… പുറത്ത് നല്ല ഇരുട്ട്….അതിലൂടെ ഒരു വെളിച്ചം ചലിക്കുന്നത് കണ്ട് ആദ്യം അവൾക്കൊരു പേടി തോന്നി… ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം മനസിലായത്… അവിടെ ഒരു റബ്ബർതോട്ടമാണ്… ടാപ്പിങ് ചെയ്യുന്ന ആളുടെ ഹെഡ് ലാമ്പിന്റെ വെളിച്ചമാണ്… ഒരു കുന്നിൻ മുകളിലാണ് വീടെന്നും വ്യക്തമായി… അവൾ തോർത്തുമെടുത്ത് ബാത്റൂമിലേക്ക് കയറി… കുളിയൊക്കെ കഴിഞ്ഞ് മുറി വിട്ടിറങ്ങി…. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേൾക്കാം… അവൾ അങ്ങോട്ട് നടന്നു..സെലീന അവിടെ ഉണ്ടായിരുന്നു… അവളെ കണ്ടപ്പോൾ അവരൊന്ന് ചിരിച്ചു..

“എന്തിനാ ഇത്ര നേരത്തേ എണീറ്റത്?..”

കൃഷ്‌ണേന്ദു മിണ്ടിയില്ല…

“ചായയോ കാപ്പിയോ കുടിക്കുന്ന പതിവുണ്ടോ?”

“ഇല്ല… ഞാൻ എന്ത് ജോലിയാ ചെയ്യേണ്ടത്?”

സെലീന അവളെ നോക്കി..

“എന്തൊക്കെ ജോലി അറിയാം?”

“അത്യാവശ്യം എല്ലാം അറിയും… തറവാട്ടിൽ അമ്മ മരിക്കുന്നത് വരെ എല്ലാം ചെയ്യാൻ ജോലിക്കാരുണ്ടായിരുന്നു…. പക്ഷേ അമ്മ പോയ ശേഷം അവരെ പറഞ്ഞു വിട്ടു.. ആരോഗ്യമുള്ള ഒരു പെൺകുട്ടി വീട്ടിലുണ്ടാകുമ്പോൾ ജോലിക്കാരുടെ ആവശ്യമില്ലല്ലോ… അങ്ങനെ ചുരുങ്ങിയ കാലയളവ് കൊണ്ട് എല്ലാം പഠിച്ചു… ഇവിടെയും ചെയ്യും… ഫ്രീ ആയി തിന്നുമുടിക്കുന്നു എന്ന തോന്നൽ വേണ്ട…”

സെലീന അവളുടെ മുന്നിൽ വന്നു നിന്ന് താടിയിൽ പിടിച്ചുയർത്തി…

” ഇങ്ങോട്ട് വിളിച്ചത് ജോലി ചെയ്യിക്കാനല്ല.. നിന്റെ വീട്ടുകാരുടെ അത്രയ്ക്ക് പണമൊന്നും ഇല്ലെങ്കിലും ജോലിക്ക് ആളെ വയ്ക്കാനുള്ള ശേഷിയൊക്കെ ഞങ്ങൾക്കുമുണ്ട്….നിന്റെ ദേഷ്യം ന്യായമായത് കൊണ്ടാ ഇന്നലെ രാത്രിയും ഇപ്പോഴും ഈ വാക്കുകൾ ഞാൻ ശാന്തമായി കേട്ട് നിൽക്കുന്നത്…അമ്മയുടെ സ്ഥാനമൊന്നും തരേണ്ട.. പക്ഷേ ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം… “

കനത്ത ശബ്ദം ആയിരുന്നെങ്കിലും അവരുടെ കണ്ണുകൾ ഈറനണിഞ്ഞു….

“ഞങ്ങൾ നിന്നോട് ചെയ്തത് വലിയ തെറ്റ്‌ തന്നെയാ കുട്ടീ… തിരുത്താൻ ഒരു അവസരം താ… ഒരപേക്ഷയാണ്….”

അവർ പെട്ടെന്ന് തിരിഞ്ഞ് വാഷ്ബേസിനിൽ നിന്നും മുഖം കഴുകി..

“നീയും നിത്യമോളും നോൺ വെജ് കഴിക്കുമോ?”

അവളൊന്ന് മൂളി..

“ശരി.. ജോലിയെടുപ്പിക്കാഞ്ഞിട്ട് പരാതി വേണ്ട… അവിടെ ഉള്ളി ഇരിപ്പുണ്ട്… അരിഞ്ഞ് വച്ചേക്ക്… ഇന്ന് അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം…”

കൃഷ്‌ണേന്ദു അനുസരിച്ചു… ഇടയ്ക്ക് സെലീന അറിയാതെ അവൾ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു…തികച്ചും യാന്ത്രികമായി അവർ ഓരോന്ന് ചെയ്യുകയാണ്… ഇടയ്ക്ക് അവൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്നുമുണ്ട്… അടുക്കള ജോലി കഴിഞ്ഞതോടെ അവൾ മുറ്റത്തേക്കിറങ്ങി….വീട്ടുമുറ്റത്ത് നിന്നും താഴേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്… ഇതിലൂടെയാണോ രാത്രി വന്നത്?. അവൾ അത്ഭുതപ്പെട്ടു…. എങ്ങും പടുകൂറ്റൻ മരങ്ങൾ…. ഒരു വശം നിറയെ റബ്ബർ…. അപ്പുറം തെങ്ങും കവുങ്ങും എല്ലാമുണ്ട്… കണ്ണെത്താദൂരത്തോളം വാഴകൃഷി…മുരിക്ക്മരങ്ങളിൽ പടർന്നു കയറിയ കുരുമുളക് വള്ളികൾ…പോർച്ചിൽ ഒരു ജീപ്പും കാറും ബൈക്കും ഒരു സ്കൂട്ടിയും നിർത്തിയിട്ടുണ്ട്…. അങ്ങ് താഴെ ഒരു ഷെഡ്‌… അതിന്റെ മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന റബ്ബർഷീറ്റുകൾ… അടുത്ത് വേറെ വീടുകളൊന്നും കാണാനില്ല..നല്ല തണുത്ത കാലാവസ്ഥ….. ഒരു ബൈക്ക് വേഗത്തിൽ വന്ന് മുറ്റത്തേക്ക് കയറി…സുമുഖനായ ഒരു ചെറുപ്പക്കാരൻ….

“മഹിയേട്ടൻ ഇല്ലേ?” അവൻ ചോദിച്ചു..കൃഷ്‌ണേന്ദു അകത്തേക്ക് വിരൽ ചൂണ്ടി…

“താൻ ഏതാ ?” അടുത്ത ചോദ്യം…എന്തു പറയണം എന്നവൾ ആലോചിച്ചു..

“കൃഷ്‌ണേന്ദൂ… ആരാ പുറത്ത്?” അകത്തു നിന്നും സെലീന വിളിച്ചു ചോദിച്ചു..

“ചേച്ചീ.. ഞാനാ പീറ്റർ.. കാശ് തരാൻ വന്നതാ… ഞാൻ രണ്ടു ദിവസം നാട്ടിലുണ്ടാകില്ല…”

“അവളുടെ കയ്യിൽ കൊടുത്തേക്ക്… “

“ഇതാരാ ചേച്ചിയേ പുതിയ വിരുന്നുകാരി?”

“ഞങ്ങളുടെ മോളാ….”

അത് കേട്ടപ്പോൾ കൃഷ്‌ണേന്ദുവിന്റെ കാൽവിരൽ മുതൽ തല വരെ ഒരു തരിപ്പ് അരിച്ചു കയറി..

“അയ്യോ… സോറി പെങ്ങളേ… മനസിലാകാഞ്ഞിട്ടാ.. ഇതുവരെ കണ്ടിട്ടില്ലല്ലോ…”

പീറ്റർ ഭവ്യതയോടെ പറഞ്ഞു.. പിന്നെ ഒരു പ്ലാസ്റ്റിക് പൊതിയെടുത്ത് അവൾക്ക് നൽകി..

“ഇത്‌ അച്ഛന് കൊടുത്തേക്ക്… കണക്കൊക്കെ ഞാൻ ഫോൺ ചെയ്ത് പറഞ്ഞോളാം…”

ബൈക്ക് വന്ന വഴി പോയി… അവൾ നേരെ അടുക്കളയിലേക്ക് ചെന്നു… സെലീന അവിടെ കസേരയിൽ ഇരുന്ന് ഫോൺ നോക്കുകയാണ്..

“ഇത് തരാൻ പറഞ്ഞു..”

“മഹിയേട്ടന് കൊടുത്തേക്ക്… ഈ കോഫിയും എടുത്തോ…”

അവൾ ഒന്ന് മടിച്ചു.. പിന്നെ വരുന്നത് വരട്ടെ എന്ന മട്ടിൽ കോഫിയുമെടുത്ത് അവരുടെ മുറിയിലേക്ക് നടന്നു… ചെറിയ വിറയൽ അനുഭവപ്പെടുന്നുണ്ട്… ഡോറിൽ ഒന്ന് തട്ടി അവൾ അകത്തു കടന്നു… ബെഡിൽ ചാരിയിരുന്നു ന്യൂസ് ചാനൽ കാണുകയാണ് മഹാദേവൻ… അവൾ കോഫി അയാൾക്ക് നീട്ടി..

“ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു?”

അത് വാങ്ങിക്കൊണ്ട് അയാൾ ചോദിച്ചു..

“കുഴപ്പമില്ല..”

അവൾ പൈസ ബെഡിൽ വച്ചു…

“ഒരു പീറ്റർ കൊണ്ടു വന്നതാ… കണക്ക് എല്ലാം ഫോണിൽ പറയാമെന്നു പറഞ്ഞു..”

“നീയിവിടെ ഇരിക്ക്…”

“പറഞ്ഞോളൂ.. ഞാൻ കേൾക്കാം…” അവൾ അവിടെ തന്നെ നിന്നു..

“ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലല്ലോ?.. അതിന് വേണമെങ്കിൽ ശ്രമിക്കാം… അല്ലെങ്കിൽ വേറെ വല്ലതും….”

അവൾ നിന്ദകലർന്ന ചിരിയോടെ അയാളെ നോക്കി..

“ഒത്തിരി പഠിക്കാനൊക്കെ ആഗ്രഹം ഉണ്ടായിരുന്നു… നല്ലൊരു ജോലി, സ്വതന്ത്രമായ ജീവിതം…. അത്തരം ആഗ്രഹങ്ങളൊക്കെ ഇല്ലാതായി… ഇപ്പോൾ നിത്യമോളുടെ കാര്യമാ എനിക്ക് വലുത്… അവളെ പഠിപ്പിക്കാൻ പറ്റുമോ?.. വെറുതെ വേണ്ട… ഞങ്ങൾക്ക് വേണ്ടി ചിലവാക്കുന്നതിന്റെ കണക്ക് എഴുതി വച്ചോ… ഞാൻ ഇവിടെ പണി ചെയ്ത് തീർത്തോളാം..”

“വാശി കൊള്ളാം… നിന്റെ അമ്മയുടെ അതേ പോലെ തന്നെ…. അവൾ തോറ്റു പോയി… നിനക്കും ആ ഗതി വരരുത്…”

“അമ്മയെ തോല്പിച്ചത് നിങ്ങളല്ലേ…?. വെറുതെ പറയിക്കരുത്…. അച്ഛനെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്ന മകളൊന്നുമല്ല ഞാൻ… അതെന്നും ഓർമ്മ വേണം… താനൊരു റേപ്പ് വിക്ടിം ആണെന്ന തോന്നൽ എന്റെ അനിയത്തിക്ക് ഇല്ലാതിരിക്കാനാ നിങ്ങളുടെ ഓഫർ സ്വീകരിച്ചത്…”

അയാൾ കോഫി കുടിച്ചു കൊണ്ട് കൗതുകത്തോടെ അവളെ നോക്കിയിരുന്നു.. കുടിച്ച് തീർത്ത് കപ്പ് തിരിച്ചു നൽകി.

“സോ…. കൃഷ്‌ണേന്ദു ജോലി ചെയ്യാനാ വന്നത് അല്ലേ?”

“അതെ…”

“എന്നാൽ റെഡി ആയിക്കോ… ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞയുടൻ ആരംഭിക്കാം… നിത്യയുടെ കാര്യമോർത്ത് വേവലാതിപ്പെടേണ്ട… സെലീന ഇവിടെയുണ്ട്…”

അവൾ പുറത്തേക്കിറങ്ങി… ഒൻപതു മണിയോടെ പ്രാതൽ കഴിഞ്ഞ് മഹാദേവൻ തയ്യാറായി… കൃഷ്‌ണേന്ദു അയാളുടെ അരികിലെത്തി..

“പറഞ്ഞോ. ഞാൻ റെഡി ആണ്..”

“വാ…” അയാൾ പുറത്തേക്ക് ചെന്ന് ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു..രണ്ട് നിമിഷം ആലോചിച്ചു നിന്നിട്ട് അവളും കയറി… ചുരം പോലെയുള്ള റോഡിലൂടെ അത് നീങ്ങി…

“ഈ വീടും എഴുപതേക്കർ സ്ഥലവും നമ്മുടേതാ… “

അയാൾ പറഞ്ഞു..

“അത്യാവശ്യം റബ്ബറും, കുരുമുളകും , തേങ്ങയുമൊക്കെ കിട്ടും…”
അവൾ പുറത്തേക്ക് നോക്കി ഇരുന്നതേയുള്ളു..

ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച് ആർ കെ ഫാം എന്ന ബോർഡ് വച്ച ഒരു ഗേറ്റ് കടന്നു… കുറേ കെട്ടിടങ്ങൾ അവിടെ ഉണ്ടായിരുന്നു… അതിലൊന്നിന്റെ മുന്നിൽ ജീപ്പ് നിർത്തി അയാൾ ഇറങ്ങി… കൃഷ്‌ണേന്ദു ചുറ്റും നോക്കി… രണ്ട് പിക്കപ് വാനും ഒരു മിനിലോറിയും അവിടെ നിർത്തിയിട്ടുണ്ട്… മിനി ലോറിയിലേക്ക് ചിലർ പന്നികളെ കയറ്റുന്നു….

ഓഫീസ് എന്ന് തോന്നിക്കുന്ന കെട്ടിടത്തിനകത്തേക്ക് മഹാദേവൻ അവളെയും കൂട്ടി കയറി… പ്രായമുള്ള ഒരാളും പിന്നെ ഒരു യുവതിയും അവിടെ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്….

“ഇതും നമ്മുടെയാണ്…പന്നി, ആട്, കോഴി , എല്ലാം ഹോൾസെയിൽ ആയി വിൽക്കും… രാവിലെ വന്ന പീറ്റർ കാശ് തന്നില്ലേ…ഇതിന്റെയാ….”

അയാൾ ചെയറിൽ ചാരിയിരുന്നു…

“ജോലിയല്ലേ നിനക്ക് വേണ്ടത്?.. ഇവിടൊരു അകൗണ്ടന്റിന്റെ ഒഴിവുണ്ട്…പറ്റുമോ?. വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല…”

“ഞാൻ ചെയ്യാം…” ഒട്ടും ആലോചിക്കാതെയുള്ള മറുപടി..

“അത് മാത്രമല്ല… എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ ജോലിയും ചെയ്യും…. പണത്തിന് അത്രയും അത്യാവശ്യമുണ്ട്…. “

അയാൾ നേർത്ത ചിരിയോടെ അവളെ നോക്കി..

“നിങ്ങള് രണ്ടിനും വേണ്ടി ചിലവാകുന്ന കാശ് തരാനാണോ? “

“അത് മാത്രമല്ല… എന്റെ അനിയത്തിക്ക് വേണ്ടി ഒരാൾ ജയിലിൽ കിടക്കുന്നുണ്ട്.. അദ്ദേഹത്തിന്റെ അച്ഛനെ എന്നെക്കൊണ്ട് കഴിയുന്നത് പോലെ സഹായിക്കണം..”

“ഓ യെസ്… ഞാൻ കേട്ടിരുന്നു… എന്താ അവന്റെ പേര്?.. ങാ ജയേഷ്….”

മഹാദേവൻ എഴുന്നേറ്റു…

“നിനക്ക് വേണ്ടതൊക്കെ ഞാൻ തരും… ഔദാര്യം ഇഷ്ടമല്ലാത്ത കൃഷ്‌ണേന്ദുവിന് ജോലി ചെയ്ത് കടങ്ങൾ വീട്ടാം…”

അയാൾ ബെൽ അടിച്ചപ്പോൾ നേരത്തേ കണ്ട യുവതി അങ്ങോട്ട് വന്നു…

“മേരീ… ഇവളെ ഇവിടെയൊക്കെ ഒന്ന് കാണിക്കണം… പിന്നെ എല്ലാം ഒന്ന് പഠിപ്പിക്കുകയും ചെയ്യ്…”

അവൾ തലയാട്ടി. പിന്നെ കൃഷ്‌ണേന്ദുവിനോട് പുറകെ വരാൻ കണ്ണുകാട്ടി..അവൾ പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന ഗണേശനെ കണ്ടത്… അയാളെ നോക്കി ഒന്ന് മന്ദഹസിച്ച് കൃഷ്‌ണേന്ദു മേരിയുടെ കൂടെ നടന്നകന്നു…

“ഏട്ടൻ എന്തായീ കാണിക്കുന്നേ?” ഗണേശൻ ദേഷ്യപ്പെട്ടു.

“ഇതിനാണോ അവളെ ഇങ്ങോട്ട് കൊണ്ടുവന്നത്?”

“ഞാൻ പിന്നെ എന്തു ചെയ്യാനാടാ?.. ആത്മാഭിമാനമുള്ള പെണ്ണാ എന്റെ മോള്… പണ്ട് അവളോട് കാണിച്ച തെറ്റിനുള്ള പ്രായശ്ചിത്തമായാണ് ഇങ്ങോട്ട് വിളിച്ചു വരുത്തിയതെന്ന് പറഞ്ഞാൽ അവളെന്റെ മുഖത്ത് തുപ്പും… ഓരോ വാക്കിനും എന്തൊരു മൂർച്ച….!!! അവളെ പറഞ്ഞിട്ടും കാര്യമില്ല.. ഒരു അച്ഛൻ ചെയ്യാൻ പാടില്ലാത്തതല്ലേ ഞാൻ ചെയ്തത്??. അവൾക്ക് നഷ്ടമായത് ഒന്നും എനിക്ക് തിരിച്ചു നൽകാനാവില്ല .. അതുകൊണ്ട് തല്ക്കാലം ആ മനസിലെ കലിയടങ്ങുന്നത് വരെ ഇവിടെ ജോലി ചെയ്യട്ടെ… നിത്യയ്ക്ക് ചെയ്യാൻ എന്തെങ്കിലും കോഴ്സ് നോക്കണം… അധികം ദൂരെയൊന്നും വേണ്ട… പക്ഷേ അവളുടെ ഭൂതകാലം അറിയാവുന്ന ആരും ചുറ്റിലും ഉണ്ടാകരുത്..”

“അതൊക്കെ ഞാനേറ്റു..ഏട്ടൻ സമാധാനപ്പെട്…എല്ലാം ശരിയാകും…”

ഗണേശൻ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് ആരെയോ വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…


ആഴ്ചകളും മാസങ്ങളും കടന്നു പോയി… പുതിയ ജീവിതവുമായി കൃഷ്‌ണേന്ദു പൊരുത്തപ്പെട്ടു കഴിഞ്ഞു… രാവിലെ എഴുന്നേറ്റ് അവൾ അടുക്കളയിലെ ജോലിയെല്ലാം തീർത്ത് മഹാദേവനെ കാത്തിരിക്കും… ഒൻപതു മണിക്ക് അയാളുടെ കൂടെ ഫാമിലേക്ക്… മറ്റു കൃഷികളുടെ കണക്കുകളും അവിടെ വച്ചാണ് പരിശോധിക്കുന്നത്… ഉച്ചയൂണിന്റെ സമയത്ത് മഹാദേവൻ ദൂരെ എവിടെങ്കിലും ആണെങ്കിൽ സെലീന തന്റെ സ്കൂട്ടറിൽ അവൾക്കുള്ള ഭക്ഷണം ഫാമിൽ എത്തിക്കും… നിത്യയെ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തിട്ടുണ്ട്… അവിടേക്ക് കാറിൽ അവളെ കൊണ്ട് പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും സെലീന തന്നെ….അവരും നിത്യയും നല്ല അടുപ്പത്തിലാണ്… തനിക്ക് സംഭവിച്ച ദുരന്തമേൽപ്പിച്ച ആഘാതത്തിൽ നിന്നും അവൾ പുറത്ത് വരാൻ തുടങ്ങിയിരുന്നു…കൃഷ്‌ണേന്ദു മാത്രം അവരോടും മഹാദേവനോടും അകലം പാലിച്ചു…. ഗണേശന്റെ ഭാര്യയും മക്കളും ഇടയ്ക്കിടെ അവിടേക്ക് വരും… ഗണേശനും കൃഷി തന്നെയാണ്…കൂടാതെ കർഷക സംഘടനയുടെ ഭാരവാഹിയും സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്…. അയാൾ കൃഷ്‌ണേന്ദുവിനോടും നിത്യയോടും സ്വന്തം മക്കളോട് എന്ന പോലെ സ്നേഹത്തോടെ പെരുമാറി… മഹാദേവന്റെ മകളാണ് എന്ന ബഹുമാനം ഫാമിലെയും തോട്ടത്തിലെയും തൊഴിലാളികൾക്കും അവളോട് ഉണ്ടായിരുന്നു… ദിവസവും രുഗ്മിണിയമ്മയെയും ഗോവിന്ദൻകുട്ടിയേയും അവൾ ഫോൺ ചെയ്യും…ശമ്പളം കിട്ടിയാൽ അവർ രണ്ടുപേർക്കും എന്തെങ്കിലും അയച്ചു കൊടുക്കണമെന്ന് അവൾ നിശ്ചയിച്ചിരുന്നുവെങ്കിലും മഹാദേവൻ ഒന്നും അവൾക്ക് നൽകിയില്ല… ചോദിക്കാൻ അവൾക്ക് മടി തോന്നി… നിത്യയെ പഠിപ്പിക്കുന്നുണ്ട്.. അവൾക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്നുണ്ട്.. സാധാരണ വീൽചെയറിനു പകരം ഒരു ഇലക്ട്രിക് വീൽചെയർ സെലീന അവൾക്ക് വാങ്ങിക്കൊടുത്തിരുന്നു.. കൂടാതെ ഒരുപാട് പുസ്തകങ്ങളും ഒരു ലാപ്ടോപ്പുംവസ്ത്രങ്ങളും… ഇത്രയൊക്കെ ചെയ്തവരോട് എങ്ങനെ പണം ചോദിക്കും?… അവൾക്ക് നിരാശയായി…

ഒരു ഞായറാഴ്ച…. സെലീന കാറുമെടുത്ത് പള്ളിയിൽ പോയതാണ്…. കൃഷ്‌ണേന്ദു ഉച്ചഭക്ഷണം തയ്യാറാക്കുന്നു… വീൽചെയറിൽ നിത്യ മഹാദേവന്റെ മുറിയിലെത്തി…. അയാൾ കുളി കഴിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്.. ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി…

“എന്തേ?”

“ഇതിനെന്തോ കംപ്ലയിന്റ് ആയി… ചാർജ് കേറുന്നില്ല..”

അവൾ പേടിയോടെ മടിയിലെ ലാപ്ടോപ്പ് തൊട്ടു കാണിച്ചു…

“നോക്കട്ടെ..” അയാളത് വാങ്ങി.. പിന്നെ ചാർജർ കണക്റ്റ് ചെയ്ത് പ്ലഗിൽ കുത്തി…പിന്നെ കുറച്ചു നേരം അത് പരിശോധിച്ചു..

“ചാർജർ കേടായതാകും… സാരമില്ല… വേറെ വാങ്ങാം..”

“സോറി സാർ…”

അവളുടെ ഭയം കണ്ട് മഹാദേവൻ ചിരിച്ചു..

“എന്തിനാ സോറി?”

“സാറ് വാങ്ങി തന്നത് എന്റെ കയ്യിൽ നിന്നല്ലേ കേടായത്?”

“മനുഷ്യന്മാർ വരെ പെട്ടെന്ന് മരിച്ച് പോകാറില്ലേ?. പിന്നാണോ ഇത്‌ ?.. സാരമില്ല…”

അയാൾ തന്റെ ബെഡിൽ ഇരുന്നു..

“ക്ലാസ് ഒക്കെ നന്നായി പോകുന്നുണ്ടോ?”

“ഉവ്വ്..”

“ഫാഷൻ ഡിസൈനിങ് നല്ല സ്കോപ് ഉള്ള ഫീൽഡാണ്.. നമുക്ക് അതിനോട് ഒരിഷ്ടവും ഇച്ചിരി ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്താം..”

“അതൊക്കെയുണ്ട്… പക്ഷേ ഒരു വീലചെയറിന് എത്താൻ പറ്റുന്ന ഉയരങ്ങൾക്ക് പരിധിയുണ്ടല്ലോ സാർ..”

“ആര് പറഞ്ഞു?..സ്റ്റീഫൻ ഹോക്കിങ്, ഫ്രാങ്ക് ലിൻ. ഡി. റൂസ് വെൽറ്റ് തുടങ്ങിയ ഒരുപാട് പേർ വീൽചെയറിൽ ഉയരങ്ങൾ കീഴടക്കിയവരാ… പക്ഷേ മനക്കരുത്ത് വേണം… ജയിക്കണം എന്ന വാശിയും വേണം…. നീ തനിച്ചല്ലല്ലോ… ഞങ്ങളൊക്കെ കൂടെയില്ലേ…?”

“താങ്ക്യൂ സാർ….”

“നിനക്കെന്നോട് ദേഷ്യമുണ്ടോ?”

“യ്യോ എന്തിന്?”

“അല്ല, ഈ സാറ് വിളി കേൾക്കുമ്പോ അങ്ങനെ തോന്നുന്നു..”

“പിന്നെ ഞാനെന്താ വിളിക്കുക?”

“സെലീനയെ എന്താ നീ വിളിക്കാറ്?”

“സെലീനാമ്മേ എന്ന്..”

“എന്നാൽ എന്നെ അച്ഛാ എന്ന് വിളിച്ചോ…”

അവൾ അമ്പരപ്പോടെ മഹാദേവനെ നോക്കി..

“എന്താ ബുദ്ധിമുട്ടുണ്ടോ…?”

അവൾ ഇല്ലെന്ന് തലയാട്ടി… “എന്താവശ്യമുണ്ടെങ്കിലും എന്നോടോ സെലീനയോടോ തുറന്ന് പറയണം… “

അവൾ മൂളിയെങ്കിലും അതൊരു കരച്ചിലിന്റെ തുടക്കമായി പരിണമിച്ചു.. മഹാദേവൻ വീൽചെയർ അടുപ്പിച്ചു.. പിന്നെ അവളുടെ കയ്യിൽ പതിയെ തലോടി… പിന്നെ അവളുടെ കണ്ണുനീർ തുടച്ച് കളഞ്ഞു..

“എന്തിനാ കരയുന്നേ?”

“എന്നെ സ്നേഹിക്കുന്നവർക്ക് എപ്പഴും കഷ്ടകാലമായിരിക്കും,… ജയേഷേട്ടനെപ്പോലെ…”

അവൾ വിതുമ്പി…

“അത് നിന്റെ തോന്നലാ മോളേ… എല്ലാം ശരിയാകും… “

അയാൾ അവളെ ചേർത്തു പിടിച്ചു… ജന്മം തന്നില്ലെങ്കിലും തന്നെ മകളായി അംഗീകരിച്ച ഒരാളുടെ ചുമലിൽ തലവച്ച് നിത്യ എങ്ങലടിച്ചു കരഞ്ഞു…..

കുറേ നേരത്തിനു ശേഷം അടുക്കളയിലേക്ക് വീലചെയറും ഉരുട്ടി നിത്യ ചെന്നു….

“ചേച്ചീ….” സന്തോഷത്തോടെയുള്ള വിളി കേട്ട് കൃഷ്‌ണേന്ദു തിരിഞ്ഞു നോക്കി…

“എന്താടീ അകത്തൊരു കെട്ടിപ്പിടിത്തവും കരച്ചിലുമെല്ലാം കണ്ടല്ലോ…?”

“ഒന്നുമില്ല…” നിത്യ കണ്ണിറുക്കി..

“ബീഫ് ഫ്രൈ റെഡി ആയെങ്കിൽ കുറച്ച് എടുത്ത് ബാൽകണിയിലേക്ക് ചെല്ലാൻ പറഞ്ഞു..”

“ആര്?”

“അച്ഛൻ…” നിത്യയുടെ ശബ്ദത്തിൽ നാണം…

“ആര്?” കൃഷ്‌ണേന്ദു അവളെ സൂക്ഷിച്ചു നോക്കി..

“അച്ഛൻന്ന്…. കേട്ടില്ലേ?”

“കേട്ടു… ഏത് വകയിലാ അങ്ങേര് നിന്റെ അച്ഛനായത്..?. സ്വന്തം മോള് ഇരുപത് വർഷമായി ജീവനോടുണ്ടോ ഇല്ലയോ എന്നുപോലും തിരിഞ്ഞു നോക്കാത്തയാളാ…. ഏതോ സിനിമയിൽ സലിം കുമാർ പറയുന്നത് പോലെ അച്ഛനാണത്രേ അച്ഛൻ….”

“ഈ ചേച്ചിയുടെ ഒരു കാര്യം…” നിത്യ മുഖം വീർപ്പിച്ചു…

“ഒന്ന് കൊണ്ടു കൊടുക്ക് ചേച്ചീ ..”

“ഉം…. ചെയ്യാം… നിനക്ക് ഊണ് കഴിക്കാനായോ?”

“ഇല്ല… സെലീനാമ്മ വരട്ടെ….”

അവൾ വീൽചെയർ തിരിച്ചു… ഒരു പ്ളേറ്റിൽ ബീഫ് ഫ്രൈയും എടുത്ത് കൃഷ്‌ണേന്ദു ബാൽകണിയിലേക്ക് നടന്നു.. അവിടെ ഒരു മദ്യകുപ്പിയും ഗ്ലാസ്സും വെള്ളവുമായി മഹാദേവൻ ഇരിക്കുന്നുണ്ട്….പ്ളേറ്റ് അയാളുടെ മുന്നിൽ വച്ച് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“നിൽക്ക്… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…”

“എനിക്ക് ഈ അവസ്ഥയിൽ ഒന്നും സംസാരിക്കാനില്ല… കള്ളുകുടിയന്മാരെ എനിക്ക് വെറുപ്പാ… ഇതുപോലെ കുടിച്ച ഒരുത്തനാ എന്റെ നിത്യമോളെ….. റിയലി സോറി… സ്വബോധമുള്ളപ്പോൾ സംസാരിച്ചാൽ മതി…”

“ഞാൻ കുടിച്ചു തുടങ്ങിയിട്ടില്ല…” അയാൾ അവളുടെ അടുത്ത് വന്ന് മുഖത്തേക്ക് ഊതി…

“എല്ലാ ഞായറാഴ്ചയും കറക്റ്റ് രണ്ട് പെഗ്… പിന്നെ ഊണ്… അതിനു ശേഷം സ്വസ്ഥമായി ഉറങ്ങും.. വർഷങ്ങളായുള്ള ശീലമാണ് …. നീ ഇതുവരെ ഞാൻ കുടിക്കുന്നത് കാണാത്തത് എന്റെ കുറ്റമാണോ?”

അത് സത്യമാണ്..സാധാരണ ഞായറാഴ്ചകളിൽ ഈ സമയത്ത് അവൾ എന്തെങ്കിലും ജോലി ചെയ്യുകയായിരിക്കും… മഹാദേവൻ അവളുടെ കൈ പിടിച്ച് സെറ്റിയിൽ ഇരുത്തി… തടയണമെന്നുണ്ടായിരുന്നെങ്കിലും കൃഷ്‌ണേന്ദുവിന് കഴിഞ്ഞില്ല..

“നിത്യമോൾ ഇവിടെ ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു… നീ പക്ഷേ അങ്ങനല്ല… എന്താ നിന്റെ പ്രശ്നം?.. എന്തിനാ ഈ പിടിവാശി?… ഇവിടെ വന്നതിന് ശേഷം നീയൊന്ന് ചിരിച്ചു കണ്ടിട്ടില്ല…. ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയാനാണോ ഭാവം?”

“ഈ പ്രായം വരെ ഇങ്ങനല്ലേ കഴിഞ്ഞത്?.. മരണം വരെ ഇങ്ങനെ പോകട്ടെ… അല്ല, എന്നു മുതലാ എന്റെ ചിരി കാണണമെന്ന് നിങ്ങൾക്ക് ആഗ്രഹം തോന്നിയത്?…”

“എന്നും തോന്നിയിട്ടുണ്ട്….. അതിന് വേണ്ടി നിന്റെ അടുത്ത് വന്നിട്ടുമുണ്ട്…., “

അയാളുടെ ശബ്ദം വളരെ മൃദുവായിരുന്നു…

“സ്കൂളിലും കോളേജിലുമൊക്കെ നിന്നെ ദൂരെ നിന്നെങ്കിലും കാണാൻ പലതവണ വന്നിട്ടുണ്ട്…. അടുത്ത് വന്ന് ഞാനാ നിന്റെ അച്ഛൻ എന്ന് പറയാൻ കൊതി തോന്നിയിട്ടുണ്ടെങ്കിലും അടക്കി വച്ചു…അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, വലിയവീട്ടിൽ ജയലക്ഷ്മി വളരെ ക്രൂരമായി പ്രതികരിച്ചേനെ…”

അയാൾ ഗ്ലാസ്സിൽ ഒഴിച്ചു വച്ചിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചു…

“നിന്നോട് സംസാരിക്കാനുള്ള ധൈര്യത്തിന് വേണ്ടിയാ.. ക്ഷമിക്കണം…”

അയാൾ ഒരിക്കൽ കൂടി ഗ്ലാസ്‌ നിറച്ചു….

“എല്ലാവരെയും പോലെ ഒത്തിരി പ്രതീക്ഷകളോടെയാണ് ഞാൻ നിന്റെ അമ്മയെ വിവാഹം കഴിച്ചത്……. എനിക്ക് അച്ഛനും അമ്മയും ഒന്നുമില്ല…. ആകെയുള്ളത് ഗണേശനാ …. അതുകൊണ്ടു തന്നെ വലിയൊരു കുടുംബത്തിൽ നിന്ന് പെണ്ണുകെട്ടിയപ്പോൾ ഒത്തിരി സന്തോഷിച്ചു … ഈ മലമൂട്ടിൽ വന്ന് കിടക്കാൻ നിന്റെ അമ്മയ്ക്ക് താല്പര്യമില്ലാത്തത് കൊണ്ടാ കല്യാണത്തിന് മുൻപേ അവിടെ അടുത്ത് ടൗണിൽ തന്നെ വീട് വാങ്ങിയത് ….. പക്ഷേ….”

മഹാദേവൻ വീണ്ടും മദ്യം ചുണ്ടോട് അടുപ്പിച്ചു….

“ആദ്യമൊക്കെ അവൾ അകൽച്ച കാണിക്കുന്നത് വീട്ടുകാരെ വിട്ടുനിൽക്കേണ്ടി വന്നതിന്റെ സങ്കടം കൊണ്ടാണെന്നാ കരുതിയത്… അതിനാൽ ഞാനവൾക്ക് സ്‌പേസ് കൊടുത്തു.. ഒന്നിലും നിർബന്ധിക്കാറില്ല… അവൾക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാതിരിക്കാൻ മാക്സിമം ശ്രദ്ധിച്ചു.. നീ ജനിക്കുന്നത് വരെ എല്ലാം നോർമൽ ആയിരുന്നു… അല്ല… അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചു….”

അയാൾ കുറച്ചു നേരം കണ്ണടച്ചിരുന്നു…

“ഒരു അച്ഛന് മകളോട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാ.. പക്ഷേ നീ ഒരു പക്വതയുള്ള കുട്ടി ആയത് കൊണ്ടും,.. എല്ലാം മനസിലാകാനുള്ള വിവേകം ഉള്ളത് കൊണ്ടും ഞാൻ പറയാം….. ലോകത്ത് ഒരു ഭർത്താവിനും ഉൾകൊള്ളാൻ കഴിയാത്ത ഒന്ന് നിന്റെ അമ്മയിൽ നിന്നും ഉണ്ടായി… കിടപ്പറയിൽ ഫിസിക്കൽ റിലേഷൻഷിപ്പിനിടെ പൂർവ്വകാമുകന്റെ പേര് അവളുടെ നാവിൽ നിന്നും വീണുപോയി….!!!! ഞാനത് ചോദ്യം ചെയ്തു… ഒഴിഞ്ഞ് മാറാൻ അവൾ നോക്കിയെങ്കിലും ഞാൻ വിട്ടില്ല… വലിയ വഴക്കിനൊടുവിൽ അവൾ പറഞ്ഞു ഓരോ തവണയും ഞാനവളെ തൊടുമ്പോൾ അവളുടെ കാമുകനാണെന്ന് സങ്കല്പിച്ചാ എന്നോട് സഹകരിക്കുന്നതെന്ന്..!”

കൃഷ്‌ണേന്ദു അവിശ്വസനീയതയോടെ അയാളെ നോക്കി..

“എനിക്കതൊരു ഷോക്ക് ആയിരുന്നു… പിന്നെ അവളുടെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാൻ ഞാൻ മിനക്കെട്ടില്ല… കല്യാണത്തിന് മുൻപ് അവനുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നു എന്നവൾ സമ്മതിച്ചു…. വളരെ വേദനയോടെ ആണെങ്കിലും നിനക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു… വിവാഹത്തിന് മുൻപ് അല്ലേ, പോട്ടെ എന്ന് ഞാൻ സ്വയം സമാധാനിച്ചു.. പക്ഷേ അവൾക്ക് അവനെ മറക്കാൻ കഴിഞ്ഞില്ല.. ഞാനറിയാതെ അവനെ കാണുകയും ഫോൺ ചെയ്യാറുമുണ്ട്…. സഹിക്കാൻ പറ്റാതായപ്പോൾ ഒരുദിവസം ഞാനവനെ അന്വേഷിച്ചു കണ്ടെത്തി… ഗണേശനും ഉണ്ടായിരുന്നു കൂടെ.. ഭാര്യയുടെ കാമുകനെ പൂവിട്ട് പൂജിക്കാനുള്ള വിശാലമനസ് ഒന്നും എനിക്ക് ഇല്ലായിരുന്നു…. നിയന്ത്രണം വിട്ടപ്പോൾ രണ്ടെണ്ണം പൊട്ടിച്ചു… അപ്പോഴാ ഞാൻ എത്ര വലിയ വിഡ്ഢി ആണെന്ന് മനസിലായത്… എന്നെ ഉപേക്ഷിച്ചു അവന്റെ കൂടെ പോകാനാ അവളുടെ പ്ലാൻ…. ചുമ്മാ അങ്ങനെ ഇറങ്ങിപ്പോയാൽ വലിയവീട്ടിൽ നാരായണൻ പടിയടച്ചു പിണ്ഡം വയ്ക്കും… ഒരു പിടി മണ്ണ് പോലും കിട്ടില്ല…അതിന് അവൾ കണ്ട വഴി വളരെ ക്രൂരമായതായിരുന്നു… എന്നെ മോശക്കാരനായി ചിത്രീകരിക്കുക.. വൃത്തികെട്ടവനായ എന്റെ കൂടെയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വയ്യാതെ വിവാഹമോചനം നേടുന്നു… അതിന് ശേഷം ഒരു കുട്ടിയുടെ അമ്മ കൂടിയായ സ്വന്തം മകളുടെ ദുരവസ്ഥയിൽ മനം നൊന്ത നാരായണൻ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നു.. അതായത് വേറെ മതക്കാരനായ പഴയ കാമുകന്റെ കൂടെ… എങ്ങനെയുണ്ട്? “

കൃഷ്‌ണേന്ദു നാവിറങ്ങിപ്പോയത് പോലെ ഇരിക്കുകയാണ്… തന്റെ അമ്മയെക്കുറിച്ചാണ് പറയുന്നത്…. വിശ്വസിക്കാൻ കഴിയുന്നില്ല….

“അവൾക്ക് അതിന് കിട്ടിയ ഇരയാണ് സെലീന….ആരുമില്ലാത്ത ഒരു പെണ്ണ്… ഞങ്ങളുടെ സൂപ്പർമാർക്കറ്റിലെ കൗണ്ടർസ്റ്റാഫ് ആയിരുന്നു സെലീന…. അവളെ തിരഞ്ഞെടുക്കാൻ കാരണവുമുണ്ട്… ഒരിക്കൽ അകാരണമായി വഴക്കു പറയുമ്പോ ഞാൻ ഇടപെട്ടാ സെലീനയെ രക്ഷിച്ചത്…. അങ്ങനെ അവളും ഞാനും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു നടന്നു… ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നതിലും നല്ലത് തെറ്റ്‌ ചെയ്യുന്നതാണെന്ന് എനിക്ക് തോന്നി…. അതിനു ശേഷം ഞാൻ സെലീനയുമായി അടുക്കാൻ ശ്രമിച്ചു….”

മഹാദേവൻ കൃഷ്‌ണേന്ദുവിനെ നോക്കി..

“എന്നെ ചതിക്കുന്ന ഭാര്യയെ തിരിച്ചു ചതിക്കാനുള്ള വ്യഗ്രതയിൽ നിന്നെക്കുറിച്ചു ചിന്തിച്ചില്ല എന്നത് ഞാൻ ചെയ്ത വലിയ തെറ്റാ … ദാമ്പത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രണയവും കാമവും എല്ലാം എനിക്ക് നിഷേധിച്ച്, വേറൊരുത്തന്റെ കൂടെയുള്ള ജീവിതവും സ്വപ്നം കണ്ടു കഴിയുന്ന ഒരുത്തിയെ അതേ നാണയത്തിൽ തിരിച്ചടിക്കണമെന്ന വാശി ആയിരുന്നു അന്ന്….പക്ഷേ സെലീന വഴങ്ങിയില്ല….. മോൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണം എന്നവൾ ഉപദേശിച്ചു…എന്നെ കേൾക്കാനും ആശ്വസിപ്പിക്കാനും അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…… നല്ലൊരു സൗഹൃദം… അതിനപ്പുറം ഒന്നും ഇല്ലായിരുന്നു…. പക്ഷേ ജയലക്ഷ്മി അടങ്ങിയിരുന്നില്ല… അവളുടെ പദ്ധതികൾ
വിചാരിച്ച പോലെ നടക്കില്ല എന്ന് കണ്ടപ്പോൾ സെലീനയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു… ഞാൻ അവൾക്ക് വേറൊരിടത്ത് ജോലിയും താമസവും ശരിയാക്കിയ കാര്യം ജയലക്ഷ്മി അവളുടെ അച്ഛനെ അറിയിച്ചു… സാക്ഷി പറയാൻ അവളുടെ വിശ്വസ്ഥരായ ചിലരും… അതോടെ കുടുംബം മറന്ന് അവിഹിതബന്ധം ഉണ്ടാക്കിയ നികൃഷ്ടനായി ഞാൻ മാറി… സ്വയം പ്രതിരോധിച്ചില്ല… കാരണം ബന്ധം തുടരാൻ എനിക്ക് തീരെ താല്പര്യമില്ലായിരുന്നു.. പക്ഷേ വലിയവീട്ടിൽ നാരായണൻ തന്റെ ദേഷ്യവും പകയുമെല്ലാം സെലീനയോട് കാട്ടി… അവളെ പലവിധത്തിലും ഉപദ്രവിച്ചു…. അവള് താമസിക്കുന്ന വീട്ടിൽ ചെന്ന് വേശ്യ എന്ന് വിളിച്ചപ്പോഴാ ഞാൻ പ്രതികരിച്ചത്… ആ പേരിന് അർഹത നിങ്ങളുടെ മോൾക്കാണെന്ന് ഞാൻ അയാളോട് പറഞ്ഞു…. അത് കേട്ട് അയാളെന്നെ തല്ലി.. ഞാൻ തിരിച്ചും…. അതോടെ എല്ലാം വഷളായി…. “

മഹാദേവൻ എഴുന്നേറ്റു…

“വിവാഹമോചനം തരാം പക്ഷേ മോളെ എനിക്ക് വേണമെന്ന എന്റെ ഡിമാന്റ് അവർ അംഗീകരിച്ചില്ല…. ലീഗൽ ആയി ശ്രമിച്ചാലും ഫലമില്ല എന്ന് മനസിലാക്കിയ ഞാൻ ജയലക്ഷ്മിയുടെ കാല് പിടിച്ച് അപേക്ഷിച്ചു…. കാര്യമില്ലായിരുന്നു.. മോളെ കാണാനോ മിണ്ടാനോ ശ്രമിച്ചാൽ ദൂരേക്ക് എവിടെയെങ്കിലും മാറ്റും എന്ന ഭീഷണിക്ക് മുന്നിൽ ഞാൻ തോറ്റു…. എനിക്ക് വേണ്ടി ബലിയാടായ സെലീനയെയും കൂട്ടി ആ നാട് വിട്ടു…. എല്ലാം വിറ്റ് പെറുക്കി ഇവിടെ സ്ഥലവും ഫാമും വാങ്ങി ജീവിതം തുടങ്ങി… പക്ഷേ ഇടയ്ക്കിടെ നിന്നെ കാണാൻ വരും… ദൂരെ നിന്ന് കണ്ട് ചങ്കു തകരുന്ന വേദനയോടെ തിരിച്ചു പോരും… ഒരിക്കൽ നിന്റെ സ്കൂളിൽ വന്ന് മിസ്സിനോട് സംസാരിച്ചു.. അപ്പോഴാ അറിഞ്ഞത് നീ എല്ലാവരോടും പറയാറ് അച്ഛൻ മരിച്ചു പോയി എന്നാണെന്ന്… അത്രയ്ക്ക് വെറുപ്പ് ഉള്ളിൽ കൊണ്ടു നടക്കുന്ന നിന്റെ മുന്നിൽ ഞാനെങ്ങനെ വന്നു നില്കും?.. അമ്മയെ ഉപേക്ഷിച്ചു വേറൊരുത്തിയെയും കൊണ്ട് സ്വന്തം സുഖം നോക്കി പോയവനല്ലേ നിന്റെ മനസ്സിൽ ഞാൻ?….”

അയാൾ അവളുടെ ഇരു തോളിലും കൈ വച്ചു…

“മരിച്ചു പോയ അമ്മയെ മോശക്കാരിയാക്കി നല്ലപിള്ള ചമയാനൊന്നുമല്ല…നടന്നത് നീയറിയണം… അത്രമാത്രം… കാമുകന്റെ കൂടെ പോകാൻ നിന്റെ അമ്മയ്ക്ക് കഴിഞ്ഞുമില്ല.. അവൻ മുങ്ങി… അതിന്റെ കാരണം ഞാനാണെന്ന് അവൾ വിശ്വസിച്ചു…. അതോണ്ടാ നിന്നെ ഒരിക്കൽ പോലും കാണാൻ അവൾ അനുവദിക്കാതിരുന്നത്…. ഒരച്ഛൻ എന്ന നിലയിൽ ഞാനൊരു പരാജയം തന്നെയാ…സ്വയം ന്യായീകരിക്കുന്നുമില്ല…പക്ഷെ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇനിയുള്ള കാലമെങ്കിലും നീയെന്റെ കൂടെ വേണമെന്ന ആഗ്രഹം കൊണ്ടാണ്…. സ്നേഹിക്കണമെന്ന് പറയില്ല.. പക്ഷേ വെറുക്കരുത്…. അതുപോലെ സെലീനയെ ശത്രുവായി കാണരുത്… നിന്നെ എനിക്ക് കിട്ടാൻ വേണ്ടി വർഷങ്ങളായി അവൾ പ്രാർത്ഥിക്കുകയാണ്.ഒരമ്മയാകാനുള്ള കഴിവ് അവൾക്ക് ദൈവം നൽകിയില്ല… പക്ഷേ ഇന്നവൾ സന്തോഷവതി ആയതിന്റെ കാരണം നീയും നിത്യയുമാണ്…ഞങ്ങളുടെ മരണം വരെ നിങ്ങൾ കൂടെ വേണം….”

ആ ശബ്ദം ഇടറിയിരുന്നു… അയാളോട് എന്ത് പറയണമെന്ന് അറിയാതെ കൃഷ്‌ണേന്ദു കുഴഞ്ഞു… അവളുടെ മനസ് ആകെ കലങ്ങി മറിയുകയായിരുന്നു…

“നീ പൊയ്ക്കോ… നാളെ രാവിലെ റെഡി ആകണം… ഒരു ദൂരയാത്ര ഉണ്ട്….”

എവിടേക്ക് എന്നവൾ ചോദിച്ചില്ല… പതിയെ പടികളിറങ്ങി തന്റെ മുറിയിലേക്ക് ചെന്നു…പുസ്തകം വായിക്കുകയായിരുന്ന നിത്യ തലയുയർത്തി നോക്കി…

“ചേച്ചി മുകളിൽ എന്തു ചെയ്യുകയായിരുന്നു?? എത്ര നേരമായി പോയിട്ട്?”

അതിന് മറുപടി പറയാതെ കൃഷ്‌ണേന്ദു ബെഡിലേക്ക് വീണ് കണ്ണുകളടച്ചു… വലിയവീട്ടിൽ നാരായണന്റെയും മകൾ ജയലക്ഷ്മിയുടെയും വാശിയിലും സ്വാർത്ഥതയിലും നഷ്ടങ്ങൾ ഉണ്ടായത് തനിക്ക് മാത്രമാണ്…. അച്ഛനല്ല, അമ്മ തന്നെയാണ് അതിന് കാരണക്കാരി… പക്ഷേ അമ്മയോട് ദേഷ്യമൊന്നും തോന്നുന്നില്ല… ചെയ്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചിട്ട് തന്നെയാണ് സ്വയം മരണം സ്വീകരിച്ചത്… സെലീനാമ്മയുടെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു…


പിറ്റേന്ന് പതിവ് പോലെ ജോലികളെല്ലാം കഴിഞ്ഞ് കൃഷ്‌ണേന്ദു റെഡി ആയി….മഹാദേവൻ വിളിച്ചപ്പോൾ അവൾ ഹാളിലേക്ക് ചെന്നു…

“ഗണേശൻ ഇപ്പൊ വരും… നീ ഒരുങ്ങിയോ?”

“ഉം…”

“നാളെ രാത്രിയിലേ തിരിച്ചെത്തൂ… ഒരു ജോഡി ഡ്രസ്സ്‌ എടുത്തോ…”

അവൾ തന്റെ ബാഗിൽ വസ്ത്രങ്ങൾ വയ്ക്കുമ്പോഴേക്കും മുറ്റത്ത് ഹോൺ ശബ്ദം കേട്ടു,.. അവൾ അടുക്കളയിലേക്ക് നടന്നു… അവിടെ സെലീന നിത്യയ്ക്ക് ഭക്ഷണം വായിൽ വച്ചു കൊടുക്കുകയാണ്.. കൊച്ചു കുഞ്ഞിനെ എന്നപോലെയാണ് അവർ അവളെ പരിപാലിക്കുന്നത്..

“മോളേ.. ഞാൻ പോയി വരാം… “

“എവിടേക്കാ ചേച്ചീ? “

“അറിയില്ല… നാളേയെ എത്തൂ…”

അവൾ സെലീനയെ നോക്കി..

“ഞാൻ പോയി വരട്ടെ?”

അവർ തലയാട്ടി …

“ഇവളുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാ… ഞാനും ഇവിടുണ്ടെന്ന് ഓർമ്മ വേണം..”

സെലീന അമ്പരന്നു..കൃഷ്‌ണേന്ദു അവരുടെ അടുത്ത് ചെന്നു…

“എനിക്കും വായിൽ വച്ചു താ…”

ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം കറിയിൽ മുക്കിയ ദോശ അവർ വായിൽ വച്ചു കൊടുത്തു… ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“എന്തിനാ കരയുന്നേ?”

“ഏയ്‌… ഒന്നുമില്ല…”

“പറ…”

“മക്കളെ എങ്ങനെ സ്നേഹിക്കണം എന്നൊന്നും എനിക്കറിയില്ല.. ഗർഭം ധരിക്കാനോ പ്രസവിക്കാനോ ഭാഗ്യമില്ലായിരുന്നു… നിങ്ങൾ ഇങ്ങോട്ട് വരുമെന്നറിഞ്ഞപ്പോൾ എന്റെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും കുറവുകൾ ഉണ്ടാകുമോ എന്നായിരുന്നു പേടി….”

കൃഷ്‌ണേന്ദു അവരുടെ കവിളിൽ ഉമ്മ വച്ചു…

“ഈ കാണിക്കുന്നത് തന്നെയാ സ്നേഹം… പ്രസവിച്ച എല്ലാവരും നല്ല അമ്മയാവണമെന്നില്ല.. സ്വന്തം അനുഭവത്തിൽ നിന്നാ ഞാൻ പറയുന്നത് …. എന്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിച്ച് നിങ്ങളോടെല്ലാം വെറുപ്പ് മാത്രം കൊണ്ടുനടന്നിരുന്ന കാലം ഉണ്ടായിരുന്നു.. ഈ കുറച്ചു നാളുകൾ കൊണ്ട് അത് മാറി…”

സെലീന പൊട്ടിക്കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു… നിത്യ സങ്കടത്തോടെ അത് നോക്കിയിരിക്കുകയാണ്..

“കഴിഞ്ഞില്ലേ?… ഇപ്പൊ തന്നെ വൈകി ..” മഹാദേവന്റെ ശബ്ദം കേട്ട് അവർ കണ്ണുകൾ തുടച്ച് കൊണ്ട് അകന്നു മാറി..

“മോള് പോയി വാ…”

കൃഷ്‌ണേന്ദു മുറ്റത്തേക്ക് ഇറങ്ങി… മഹാദേവനും അവളും കയറിയതോടെ ആ കാർ റോഡിലൂടെ താഴേക്ക് യാത്ര തുടങ്ങി…


“ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ല..”

മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തിക്കൊണ്ട് പ്രതാപൻ പറഞ്ഞു..

“ഏക്കർ കണക്കിന് പറമ്പ് ഉണ്ടെന്നേയുള്ളൂ.. അതിൽ നിന്നുള്ള വരുമാനമെല്ലാം കണക്കാ… മില്ലും പെട്രോൾ പമ്പും ഏട്ടനല്ലേ കൈകാര്യം ചെയ്യുന്നത്…?.എന്നെയൊന്നു സഹായിക്ക്…”

മനോഹരൻ മിണ്ടാതെ ഒരു സിഗരറ്റ് കത്തിച്ചു… തറവാടിന്റെ മുറ്റത്തെ ഷെഡിൽ ആയിരുന്നു അവർ…

“ഞാനാകെ തലയ്ക്ക് ഭ്രാന്തു പിടിച്ചു നടക്കുകയാ… പിള്ളേർക്ക് മാസാമാസം ഫീസ് കെട്ടാൻ പോലും പറ്റുന്നില്ല… തറവാടിന്റെ അന്തസിനു ചേർന്ന കോളേജിൽ പഠിപ്പിക്കാൻ നോക്കിയതാ തെറ്റ്‌….”

അയാൾ കുറച്ച് കൂടി മദ്യം അകത്താക്കി..

“ഏട്ടനൊന്നും പറയാനില്ലേ?”

“ഞാനെന്ത് കോപ്പാ പറയേണ്ടത്?” മനോഹരൻ ദേഷ്യപ്പെട്ടു..

“നാല് ബസ് ഉണ്ട്… അതിൽ നിന്ന് കിട്ടുന്നത് ആവിയായിപ്പോയോ?”

“എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ… ഓരോ ബസിന്റെയും ഓരോ ട്രിപ്പിലും മുന്നിലും പിറകിലുമായി കെ എസ് ആർ ടി സി ഓടുന്നുണ്ട്.. ഫുൾ ടിക്കറ്റ് എല്ലാം അതിൽ കേറും… സ്കൂൾ പിള്ളേര് മാത്രം ഇതിലും..”

“അതെപ്പോ മുതലാ?”

“കുറച്ചായി… ഞാൻ അന്വേഷിച്ചു.. ആരോ കളിച്ചത് കൊണ്ടാ ഇങ്ങനെ വന്നതെന്നറിഞ്ഞു… നമ്മളോട് അസൂയയുള്ളവർ ഒരുപാട് ഉണ്ടല്ലോ… അവരിൽ ആരെങ്കിലും ആകും.. ഇപ്പൊ പണിക്കാർക്ക് കൂലി കൊടുക്കാനുള്ള പൈസ പോലും കിട്ടുന്നില്ല… അപ്പോഴാ അടുത്ത മാരണം… പറമ്പ് അളക്കാൻ ആള് വരുന്നുണ്ട്.. അതിന്റെ അടുത്ത സ്ഥലത്തിന്റെ ഉടമയില്ലേ ആ കുഞ്ഞിക്കാദറ്?.. അയാള് പരാതി കൊടുത്തിട്ടുണ്ട്.. നമ്മൾ അതിര് കയറ്റി കെട്ടിയെന്ന്..”

“നമ്മളെങ്ങനെ ചെയ്തില്ലല്ലോ?”..

“ആര് പറഞ്ഞു?… അച്ഛനുള്ളപ്പോൾ കുഞ്ഞിക്കാദറിന്റെ വാപ്പയുമായി ഉണ്ടാക്കിയ എന്തോ കരാറാണ്… അവരുടെ സ്ഥലത്ത് കൂടെയല്ലേ നമ്മുടെ പറമ്പിലേക്ക് പോകുന്നത്?.. ആധാരത്തിൽ റോഡ് ഒന്നും നമുക്കില്ല… അന്നത്തെ കാലത്ത് അവര് സുഹൃത്തുക്കൾ ആയത് കൊണ്ട് പ്രശ്നമില്ലായിരുന്നു… പക്ഷേ കുഞ്ഞിക്കാദർ അമ്പിനും വില്ലിനും അടുക്കുന്നില്ല… അവൻ മതില് കെട്ടിയാൽ തീർന്നു.. പിന്നെ പറമ്പിലേക്ക് ആകാശത്തൂടെ പോകേണ്ടി വരും…വിറ്റ് ഒഴിവാക്കാമെന്ന് വച്ചാൽ റോഡ് ഇല്ലാത്ത സ്ഥലത്തിന് ഒന്നും കിട്ടില്ല…”

“ഞാൻ സംസാരിച്ചു നോക്കാം..”

“അതൊക്കെ ഞാൻ ശ്രമിച്ചതാ.. നടക്കുന്നില്ല… അവന് മുടിഞ്ഞ വാശി… ആരോ പറഞ്ഞു ചെയ്യിക്കുന്നത് പോലെ..”

മനോഹരൻ തന്റെ ഗ്ലാസിലെ മദ്യം കുടിച്ചു തീർത്തു..

“നീ വിചാരിക്കുന്നത് പോലെ എനിക്കും വല്യ ലാഭമൊന്നുമില്ല.. പെട്രോൾ പമ്പിനെ കൊണ്ട് മാത്രം ഒപ്പിച്ചു പോകുന്നു… മില്ല് ഞാൻ കിട്ടുന്ന പൈസയ്ക്ക് കൊടുത്തൊഴിവാക്കാൻ നോക്കുകയാ…”

“ഒരു വഴിയുണ്ട്.. നമ്മുടെ കഷ്ടപ്പാടെല്ലാം തല്ക്കാലം തീരും…”

“എന്താടാ?”

“ഈ വീട് വിൽക്കണം… നല്ല കാശ് കിട്ടും.. എടുക്കാൻ ആളുണ്ട്…”

“നടക്കുന്ന കാര്യം വല്ലതും പറ..” മനോഹരൻ ദേഷ്യപ്പെട്ടു..

“നിനക്ക് പറമ്പും ബസുകളും… എനിക്ക് മില്ലും പെട്രോൾ പമ്പും… വീട് അമ്മയ്ക്കും വല്യേച്ചിയുടെ മക്കൾക്കും തുല്യ അവകാശം… ഇങ്ങനെയാ അമ്മ എഴുതി വച്ചിരിക്കുന്നത്… അമ്മയെ മരണം വരെ നോക്കുന്നവർക്ക് അമ്മയുടെ ഷെയറും കിട്ടും… നമ്മള് പിന്നെ എങ്ങനെ വിൽക്കാനാ..?”

“അമ്മയോട് സംസാരിക്കണം… മാറ്റി എഴുതാൻ പാടൊന്നുമില്ലല്ലോ..?”

“പ്രതാപാ.. നിന്റെ ഉദ്ദേശം മനസിലായി.. കിട്ടിയതൊക്കെ മുടിച്ച് എന്റടുത്തു നിന്നും കയ്യിട്ടു വാരണം അല്ലേ?.. മാറ്റി എഴുതുമ്പോ ഇവിടുന്ന് എന്തേലും ചുരണ്ടാനുള്ള പൂതി കൊള്ളാം.. നിന്റെ ഭാര്യയുടെ ബുദ്ധി ആണോ?”

“ഏട്ടൻ അനാവശ്യം പറയരുത്..” പ്രതാപൻ വിരൽ ചൂണ്ടി..

“അമ്മ മരിച്ചാൽ പിന്നെ ഇവിടെ താമസിക്കാൻ പറ്റുമോ?.. ആ പിള്ളേർ പ്രശ്നമുണ്ടാക്കില്ലേ?”

“എന്തിന്?. അവരുടെ ഷെയർ പണമായിട്ട് കൊടുക്കണം… അമ്മയെ നോക്കുന്നത് നമ്മളായത് കൊണ്ട് അമ്മയുടേത് നമുക്ക് കിട്ടും… പോരാഞ്ഞിട്ട് അവളുമാർ ഇങ്ങോട്ട് വരികയൊന്നുമില്ല.. മഹാദേവൻ അത്യാവശ്യം നല്ല സെറ്റപ്പിൽ ജീവിക്കുന്നു എന്നാ കേട്ടത്… ഈ കുഗ്രാമത്തിലെ വീട് അവർക്കെന്തിനാ…?”

“ഞാനെന്തായാലും ബസുകൾ വിൽക്കും.. കിട്ടുന്ന പൈസയ്ക്ക് ഒന്നോ രണ്ടോ ടാക്സികൾ എടുത്തിടാം…”

“ആലോചിച്ചിട്ട് മതി .. എടുത്തു ചാടി ഉള്ളത് കളയണ്ട..”

മനോഹരൻ പറഞ്ഞു… ജയലക്ഷ്മി ഉണ്ടായിരുന്നപ്പോൾ ലാഭത്തിൽ ആയിരുന്ന ബിസിനസുകൾ എല്ലാം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയതെന്ന് അയാൾക്ക് മനസിലായില്ല… അവർ ആരെയും ഒന്നും അറിയിക്കാതെ പരിഹാരങ്ങൾ സ്വയം കണ്ടെത്തുകയായിരുന്നു.. പക്ഷേ തങ്ങൾക്ക് അത് കഴിയുന്നില്ല… തറവാടിന്റെ പേര് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്… അയാൾ അസ്വസ്ഥതയോടെ വീണ്ടും വീണ്ടും മദ്യം അകത്താക്കികൊണ്ടിരുന്നു…


തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ജയേഷ് ഇമചിമ്മാതെ നോക്കി.. പണ്ട് അനിയത്തിയുടെ വീൽചെയറും തള്ളിക്കൊണ്ട് നടന്നിരുന്ന ആളേ അല്ല…. കുറച്ചു തടി വച്ചിട്ടുണ്ട്… സൗന്ദര്യം ഇരട്ടി ആയത് പോലെ…. ആരും തുണയില്ലാതെ കഷ്ടപ്പെടും എന്നാണ് കരുതിയതെങ്കിലും ദൈവം അവളെ കൈ വിട്ടില്ല…

“ഇത്തവണ എങ്കിലും കാണാൻ സമ്മതിച്ചല്ലോ… സന്തോഷം..” ചെറിയ പരിഭവത്തോടെ അവൾ പറഞ്ഞു..

“നിന്നെ കണ്ടാൽ എനിക്ക് സങ്കടം വരും…. അതോണ്ടാ “

അവൾ പതിയെ അവന്റെ വിരലിൽ തൊട്ടു… ജയിലിലെ ഗാർഡ്സ് അവരെ നിരീക്ഷിച്ച് കൊണ്ട് നിൽപ്പുണ്ട്…

“ചെയ്തത് തെറ്റായി എന്ന് ജയേഷേട്ടന് തോന്നുന്നുണ്ടോ?”..

“ഞാനതിനു വല്യ ആനക്കാര്യം ഒന്നും ചെയ്തില്ല … അനിയത്തിയെ തൊട്ടാൽ സ്നേഹമുള്ള ഏതൊരു ഏട്ടനും ഇതേ ചെയ്യൂ….”

അവളുടെ കണ്ണുനീർതുള്ളി ജയേഷിന്റെ കൈകളിൽ വീണു ചിതറി ..

“നിത്യമോൾക്ക് സുഖമാണോ?”

“ഉം… ഫാഷൻ ഡിസൈനർ ആകാനുള്ള ശ്രമത്തിലാ… എന്നും ജയേഷേട്ടനെ ചോദിക്കും… ഇവിടേക്ക് മനഃപൂർവം കൊണ്ടുവരാഞ്ഞതാ… ജയേഷേട്ടനെ ഈ കോലത്തിൽ കണ്ടാൽ അവൾക്കു സഹിക്കാൻ കഴിയില്ല..”

“നന്നായി… “

അവൻ ആകെ ക്ഷീണിച്ചിരുന്നു… കറുപ്പ് രാശി പടർന്ന കൺതടങ്ങളും വരണ്ട മുഖവും അകാലനര ബാധിച്ച മുടിയുമെല്ലാം മാറ്റാരോ ആണെന്ന് തോന്നിച്ചു… കൃഷ്‌ണേന്ദുവിന് വല്ലാത്ത വേദന അനുഭവപ്പെട്ടു… തങ്ങളോടുള്ള സ്നേഹത്താൽ കൊലപാതകി ആയവൻ… കുട്ടിക്കാലം തൊട്ട് കാണുന്നതാണ്…. ആ മനസ് നന്നായി അറിയാം….. രക്തം കണ്ടാൽ തലകറങ്ങുന്ന ഒരുത്ത‌നായിരുന്നു ജയേഷ്… അവൻ ഒരാളെ മൃഗീയമായി കൊലപ്പെടുത്തിയത് എല്ലാവരും അവഗണിച്ച ഒരു പെൺകുട്ടിക്ക് വേണ്ടിയാണ്…. ആ സംഭവത്തിന്‌ ശേഷം ഇന്നുവരെ നിത്യ ഉറങ്ങുന്നത് ജയേഷിന്റെ കൂടെ വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോ നെഞ്ചോട് ചേർത്താണ്… അടുത്തില്ലെങ്കിലും അവനെ കുറിച്ചുള്ള ഓർമ്മകൾ പോലും നിത്യയ്ക്ക് വല്ലാത്തൊരു സുരക്ഷിതത്വം നൽകുന്നുണ്ട്….

“അച്ഛൻ പറഞ്ഞ് കാര്യങ്ങളെല്ലാം അറിയുന്നുണ്ട്… നീയും നിത്യമോളും ഹാപ്പി ആണല്ലോ… അത് മതി..”

നിങ്ങൾ ഇവിടെ കിടക്കുമ്പോൾ എനിക്കെങ്ങനെ സന്തോഷിക്കാനാവും?.. ഓരോ നിമിഷവും നിങ്ങളെ ഓർത്ത് ഞാൻ ഉരുകുകയാണ്…. എന്ന് പറയാൻ അവളുടെ മനം തുടിച്ചു… പക്ഷേ എന്തോ ഭയം…

“ഒരു വക്കീൽ വരും… അച്ഛൻ ഏർപ്പാടാക്കിയതാ… ജയേഷേട്ടൻ അദ്ദേഹം പറയുന്നത് അനുസരിക്കണം….”

“ഏയ്‌ അതൊന്നും വേണ്ട….. എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്..”

“അത് താൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ..”

മാറി നിന്ന് ജയിൽ സൂപ്രണ്ടിനോട് സംസാരിക്കുകയായിരുന്ന മഹാദേവൻ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു. അയാളുടെ കൂടെ ഗണേശനും വന്നു..

“ഇവിടെ ഒടുങ്ങാനുള്ളതല്ല തന്റെ ജീവിതം.. അവൻ ചാകേണ്ടവനാ….ആ പേരിൽ താനെന്തിന് നരകിക്കണം?.. നാളെ അഡ്വക്കറ്റ് ജേക്കബ് സക്കറിയ വരും…. മിടുക്കനാ… വാദിച്ച കേസുകൾ ഇന്നു വരെ തോറ്റിട്ടില്ല…താൻ അയാള് പറയുന്നത് പോലെ കേട്ടാൽ മതി…”

അയാൾ വാച്ചിൽ നോക്കി..

“വാ മോളേ… അനുവദിച്ച സമയം കഴിഞ്ഞു… ഇനി നിന്നാൽ സൂപ്രണ്ടിന് പ്രശ്നമാ…”

അയാൾ ഗണേശന്റെ കൂടെ തിരിഞ്ഞു നടന്നു…

“ഞാൻ പോട്ടെ ജയേഷേട്ടാ?”

“നീ പറഞ്ഞിട്ടാകും നിന്റെ അച്ഛൻ ഞങ്ങളുടെ ബാങ്ക് ലോൺ എല്ലാം അടച്ചു തീർത്തത് അല്ലേ?”

കൃഷ്‌ണേന്ദു ഞെട്ടി.. അത് അവൾക്കൊരു പുതിയ അറിവായിരുന്നു..

“പണം മുടക്കി എന്നെ ചെറുതാക്കരുത് കൃഷ്ണേ…. അതിന് വേണ്ടിയാണേൽ കൂലിക്ക് തല്ലാനോ കൊല്ലാനോ പോയാൽ പോരേ?”

“ഞാനങ്ങനെ ചെയ്യുമെന്ന് ജയേഷേട്ടന് തോന്നുന്നുണ്ടോ.. നിങ്ങൾ പണ്ട് കണ്ട അതേ കൃഷ്‌ണേന്ദുവാ ഇന്നും.. സ്വന്തമായി ഒന്നുമില്ല…”

അവൾ ജയേഷിന്റെ കൈ പിടിച്ചമർത്തി..

“ഞാൻ കാത്തിരിക്കുന്നുണ്ട്.. പെട്ടെന്ന് പുറത്തു വാ… അതിന് വേണ്ടി ഏതറ്റം വരെയും ഞാൻ പോകും….”
അവൾ പുറത്തേക്ക് ഓടി… ജയേഷ് ഗാർഡിന്റെ കൂടെ സെല്ലിലേക്ക് നടന്നു. അകത്തു കയറിയ ഉടനെ ഒരു മൂലയിൽ പോയിരുന്ന് കാൽ മുട്ടുകളിൽ മുഖം പൂഴ്ത്തി അവൻ വാവിട്ട് കരഞ്ഞു…


“ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ ഞാൻ ഇത്‌ പറയാൻ പാടില്ലാത്തതാണ്..”

സർക്കിൾ ഇൻസ്‌പെക്ടർ മുജീബ് റഹ്മാൻ സ്വരം പരമാവധി മയപ്പെടുത്തി.. ജയേഷ് കൊലപ്പെടുത്തിയ മധുവിന്റെ അനിയൻ സുരേഷും സാക്ഷികളായ സുനിയും രാജീവനും അയാളുടെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു.. കൂടാതെ മഹാദേവനും ഗണേശനും..

“അത് നടക്കൂല സാറേ..” സുരേഷ് പറഞ്ഞു..

“എന്റെ ഏട്ടനെ കൊന്നവനെ കഴുവേറ്റാതെ ഇത്‌ തീരില്ല.. ഇനി അഥവാ കോടതി അവനെ വെറുതേ വിട്ടാലും ഞാൻ വിടില്ല..”

“പിന്നേ…. നിന്റെ ഏട്ടൻ പുണ്യാളൻ ആണല്ലോ..”

മുജീബ് റഹ്മാൻ പരിഹാസത്തോടെ ചുണ്ടുകൾ കോട്ടി..

“ആ നായിന്റെ മോൻ ജീവനോടെ ഉണ്ടെങ്കിൽ ഞാൻ വരിയുടച്ച് വിട്ടേനെ… വികലാംഗ ആയൊരു കൊച്ചിനെ.. അതും സ്വന്തം മോളുടെ പ്രായമുള്ളവളെ റേപ്പ് ചെയ്ത അവനൊന്നും ജീവിക്കാൻ അർഹത ഇല്ലെടോ…”

“സാറ് പോലീസുകാരനെ പോലെ സംസാരിക്ക്…..ഒരു കാര്യം ചെയ്യാം.. നമുക്ക് കോടതിയിൽ കാണാം…”

സുരേഷ് വെല്ലു വിളിച്ചു.

“ശരി.. കാണാം…” ഇത്തവണ മറുപടി പറഞ്ഞത് മഹാദേവൻ ആണ്..

“ജയേഷിന് വേണ്ടി നല്ലൊരു വക്കീലിനെ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. പക്ഷേ കേസ് നിൽക്കില്ല.. സാക്ഷികളായ രണ്ടുപേർ… അതായത് ഈ ഇരിക്കുന്ന സുനിയും രാജീവനും ജീവനോടെ ഇല്ലെങ്കിൽ കേസ് തള്ളും… ബഹളം കേട്ട് ഓടിക്കൂടി എന്ന് എഫ് ഐ ആറിൽ പേരുള്ള നാല് പേര് മൊഴി മാറ്റിക്കഴിഞ്ഞു.. പിന്നെയുള്ളത് ഇവരാ… ഞാനത് നോക്കിക്കോളാം…”

അയാളുടെ ശബ്ദം ഉറച്ചതായിരുന്നു…

“എന്റെ മക്കൾക്ക് വേണ്ടി ഞാനത് ചെയ്യും… ഒരു പോലീസ് ഓഫീസറുടെ മുന്നിൽ വച്ച് വെല്ലുവിളിക്കുകയാ.. സുനീ… രാജീവാ… അടുത്ത തവണ നീയൊക്കെ മൊഴി മാറ്റി പറഞ്ഞില്ലേൽ കുടുംബമടക്കം കത്തിക്കും… അതിനുള്ള വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്…. നിനക്കൊക്കെ മക്കളില്ലെടാ കഴുവേറികളേ?.. എഴുന്നേൽക്കാൻ പോലും കഴിയാത്ത ഒരു കുഞ്ഞിനെ അവൻ കടിച്ചു കീറുമ്പോൾ നിങ്ങൾ തടഞ്ഞോ?.. ഒരു തരി പോലും കുറ്റബോധം ഇല്ലാതെ പിന്നേം കന്നം തിരിവ് കാണിക്കാനാ ഉദ്ദേശമെങ്കിൽ എല്ലാത്തിനേം കൊന്നു തള്ളും… അതിന് ചിലവാക്കാനുള്ള പണമൊക്കെ ദൈവം സഹായിച്ച് എനിക്കുണ്ട്.. രാജീവന്റെ മോള് ബാംഗ്ലൂരിൽ പഠിക്കുകയല്ലേ?… അവള് താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഉള്ള റോഡിൽ എന്നും ആക്സിഡന്റ് നടക്കാറുണ്ട്,… ഓർത്തോ..”

രാജീവൻ ഒന്ന് നടുങ്ങി…

“പത്തിരുപതു വർഷങ്ങൾക്ക് ശേഷം എനിക്ക് എന്റെ മോളെ തിരിച്ചു കിട്ടിയതാ… അവൾ ജീവിതത്തിൽ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത് ജയേഷിനെ പുറത്തിറക്കണമെന്നാ… ഞാനത് ചെയ്യും.. അതിന് ഏതറ്റം വരെയും പോകും… ആരുടെ തല വേണമെങ്കിലും എടുക്കും…”

“ഏട്ടാ… മതി .” ഗണേശൻ തടഞ്ഞു..പിന്നെ സുരേഷിനെ നോക്കി…

“കൂടപ്പിറപ്പ് നഷ്ടപ്പെട്ട സങ്കടം ഞങ്ങൾക്ക് മനസിലാകും… പക്ഷേ എങ്ങനെ നഷ്ടപ്പെട്ടു എന്നുകൂടി നിങ്ങൾ ചിന്തിക്കണം… നിങ്ങൾക്ക് രണ്ട് പെണ്മക്കളില്ലേ?.. അവർക്കാ ഇത് സംഭവിച്ചതെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?…നമുക്ക് എല്ലാം നല്ലരീതിയിൽ അവസാനിപ്പിക്കാം..”

“ഇല്ലെങ്കിൽ?” സുരേഷിന്റെ സ്വരത്തിൽ വെല്ലുവിളി കലർന്നു… ഗണേശൻ വന്യമായി ഒന്ന് ചിരിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞിരുന്നു..

“ഇല്ലെങ്കിൽ മധുവിന്റെ ഫോട്ടോയുടെ തൊട്ടടുത്ത് നിന്റെ ഫോട്ടോയും മാലയിട്ട് തൂക്കേണ്ടി വരും… ഇത്‌ ഞാൻ വെറുതെ പറയുന്നതല്ല… ഒരു ഫോൺ കാളിന്റെ ദൂരം മാത്രമേ നീയും മരണവും തമ്മിലുള്ളൂ…”

“സാർ പ്ലീസ്.. നിങ്ങളൊന്നു പുറത്തു നിൽക്ക്…”

സി ഐ അപേക്ഷിച്ചു .. ഗണേശനും മഹാദേവനും പുറത്തേക്ക് നടന്നു..

“ആ പോയ മുതൽ ഏതാണെന്നു അറിയുമോ?”

മുജീബ് റഹ്മാൻ സുരേഷിനെ നോക്കി..

“കാണുമ്പോൾ ഒരു സാധാരണ മനുഷ്യനാ.. പക്ഷേ നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറമാണ് അയാളുടെ റേഞ്ച്… കെ ആർ ഗണേശൻ… ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മാധവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്… രണ്ടാളും ഒരേ സമയത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാ… ഇങ്ങേര് സമ്മതം മൂളിയെങ്കിൽ ഇന്ന് മന്ത്രി ആകുമായിരുന്നു.. സ്ഥാനങ്ങളിൽ താല്പര്യം ഇല്ലാത്തത് കൊണ്ട് മാധവൻ എം എൽ എ യും മന്ത്രിയുമായി.. പക്ഷേ ഏത് മന്ത്രിയുടെ ഓഫീസിലേക്കും അനുവാദമില്ലാതെ കേറിപ്പോകാനുള്ള സ്വാതന്ത്ര്യം ഗണേശന് ഉണ്ട്… അയാൾ പറഞ്ഞാൽ കൊല്ലാനും ചാകാനും തയ്യാറായ പാർട്ടി പ്രവർത്തകർ എല്ലായിടത്തും കാണും….നിങ്ങളോട് അനുരഞ്ജന ചർച്ച നടത്തേണ്ട ആവശ്യമൊന്നും അയാൾക്കില്ല… പക്ഷേ ആ മര്യാദ കാട്ടി… തിരിച്ചു നിങ്ങളും അത് ചെയ്യുക… വാശി കാട്ടിയാൽ നഷ്ടം നിങ്ങൾക് മാത്രമാ….”

സുരേഷ് കുറച്ചു നേരം ആലോചിച്ചു.. പിന്നെ സമ്മതഭാവത്തിൽ തലയാട്ടി…


വലിയവീട്ടിൽ തറവാടിന്റെ മുറ്റത്തേക്ക് ഒരു ആംബുലൻസ് റിവേഴ്സിൽ വന്നു നിന്നു… അതിൽ നിന്ന് അറ്റൻഡർമാരും പിന്നെ ജീൻസും ടി ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരനും ഇറങ്ങി… മനോഹരനും പ്രതാപനും കാര്യം മനസിലാകാതെ പരസ്പരം നോക്കി..

“ചേട്ടന്മാരെ… എന്റെ പേര് പീറ്റർ.. കുറച്ചു ദൂരെ നിന്ന് വരികയാ… ഇവിടൊരു വയ്യാത്ത അമ്മൂമ്മയില്ലേ…? അവരെ കൊണ്ടുപോകണം…”

അവൻ ചിരിച്ചു…

” നിങ്ങൾക്ക് എടുക്കാനുള്ളതെല്ലാം എടുത്തോ…പിന്നെ പറ്റി എന്നു വരില്ല..”

ഒരു കാറും.. അതിന്റെ പിറകിൽ ജീപ്പും പിന്നെ രണ്ട് ജെ സി ബി യും അവിടേക്ക് വന്നു… കാറിൽ നിന്നും മഹാദേവനും കൃഷ്‌ണേന്ദുവും ഗണേശനും ഇറങ്ങി… ജീപ്പിൽ നിന്നും കണ്ടു പരിചയമില്ലാത്ത നാലഞ്ച് ചെറുപ്പക്കാരും….

കൃഷ്‌ണേന്ദു ആരെയും ശ്രദ്ധിക്കാതെ നേരെ വീടിന് അകത്തേക്ക് കയറി…കട്ടിലിൽ രുഗ്മിണിയമ്മ അവശയായി കിടക്കുകയായിരുന്നു….. അവൾ അവരുടെ അടുത്ത്ഇരുന്നു.

“അമ്മൂമ്മേ.” അവൾ വിളിച്ചു.. പലതവണ ആവർത്തിച്ചപ്പോൾ അവർ പണിപ്പെട്ട് കണ്ണുകൾ തുറന്നു..

“ആരാ?” നേർത്ത ശബ്ദത്തിൽ അവർ ചോദിച്ചു..

“ഞാനാ അമ്മൂമ്മേ കൃഷ്‌ണേന്ദു…”

അവർക്ക് കാഴ്ച ശക്തി നന്നേ കുറഞ്ഞിരുന്നു എന്ന് അവൾക്ക് മനസിലായി..

“ന്റെ കുട്ടി വന്നോ..? നിത്യമോൾ എവിടെ?”

“അവളുടെ അടുത്തേക്ക് അമ്മൂമ്മയെ കൊണ്ടുപോകാനാ ഞാൻ വന്നത്..”

“ഏയ്‌… ഞാനെവിടേക്കും ഇല്ല… “

“പറ്റില്ല… എനിക്ക് അമ്മൂമ്മയെ വേണം…”

അവൾ അവരുടെ ചുളിഞ്ഞ കയ്യിൽ പിടിച്ചു…ആ കണ്ണുകളിൽ നിന്നും ചുടുനീർ ഒഴുകി…. അമ്മായിമാർ അവരെ എങ്ങനെയാണ് ശുശ്രൂഷിക്കുന്നതെന്ന് ആ കണ്ണുനീരിൽ ഉണ്ടായിരുന്നു… മലമൂത്രത്തിന്റെ രൂക്ഷമായ ഗന്ധം തളം കെട്ടി നിൽക്കുന്ന മുറി….അവരുടെ വസ്ത്രങ്ങൾ മാറിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും…

“മോള് എനിക്കൊരു ഉപകാരം മാത്രം ചെയ്‌താൽ മതി….”

“അതിനെന്താ.. പറഞ്ഞോ..”

“എനിക്ക് ഇച്ചിരി ചോറ് തരാമോ?.. കിടക്കുന്നിടം വൃത്തികേട് ആക്കുന്നത് കൊണ്ട് ഇവിടുള്ളവർ തരൂല്ല…”

കൃഷ്‌ണേന്ദു പൊട്ടിക്കരഞ്ഞു പോയി…മഹാദേവനും ഗണേശനും അവിടേക്ക് വന്നു…

“എന്തിനാ മോളേ കരയുന്നേ?”

“ഇത് കണ്ടില്ലേ?.. പട്ടിണിക്ക് ഇട്ടിരിക്കുകയാ…”

മഹാദേവൻ ഗണേശനെ നോക്കി..ഗണേശൻ പുറത്ത് നില്കുകയായിരുന്ന അറ്റൻഡർമാരെ അകത്തേക്ക് വിളിച്ചു.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു… സ്‌ട്രെചറിൽ രുഗ്മിണിയമ്മയെ ആംബുലൻസിൽ കയറ്റി… അത് മുന്നോട്ട് നീങ്ങി… കൃഷ്‌ണേന്ദു മുറ്റത്ത് ഇറങ്ങിയപ്പോഴേക്കും അവിടൊരു ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു..ഒരു പോലീസ് ജീപ്പ് കൂടി അവിടേക്ക് വന്നു…

“നിങ്ങളാണോ കൃഷ്‌ണേന്ദു?..” എസ് ഐ സുഭാഷ് മോഹൻ ചോദിച്ചു..

“അതെ…”

“ഈ വീട് നിങ്ങൾ പൊളിച്ചു കളയുമെന്ന് പരാതി കിട്ടി… “

“സത്യമാണ്… എന്റെ വീട് ഞാൻ പൊളിക്കുന്നു… അതിനെന്താ?.. ഇവിടെ താമസിക്കുന്നവരോട് മുൻകൂട്ടി പറഞ്ഞിട്ടുണ്ടല്ലോ?”

അവൾ ഒരു മുദ്രപത്രം അയാൾക്ക് നൽകി..

“എനിക്കും അനിയത്തിക്കും അമ്മൂമ്മയ്ക്കും അവകാശപ്പെട്ടതാണ് ഈ വീട്….”

അയാൾ അത് വാങ്ങി വായിച്ചു നോക്കി.. പിന്നെ തിരികെ നൽകി..

“ശരിയായിരിക്കും… എന്നാലും മാനുഷിക പരിഗണന നൽകണ്ടേ?… നിങ്ങളുടെ അമ്മാവാന്മാരല്ലേ ഇത്‌?”

“ആ പരിഗണന ഇവിടാരും എനിക്ക് തന്നിട്ടില്ല…”

അവൾ കൈകൾ മാറിൽ കെട്ടി കാറിൽ ചാരി നിന്നു… എസ് ഐ നിസഹായനായി മനോഹരനെ നോക്കി..

“നിങ്ങൾ സംസാരിച്ചു നോക്ക്…”

“ഇവളുടെ കാല് പിടിക്കാൻ എന്റെ പട്ടി വരും..”

മനോഹരൻ ആക്രോശിച്ചു..

“ഇത്‌ എന്റെ വീടാ… അമ്മയെ പറഞ്ഞു പറ്റിച്ച് ഇവൾ എഴുതി വാങ്ങിയതാ… സുപ്രീം കോടതിയിൽ വരെ ഞാൻ പോകും.”

കൃഷ്‌ണേന്ദു ചിരിയോടെ ജെസിബി ഡ്രൈവറെ നോക്കി ആംഗ്യം കാണിച്ചു.. രണ്ട് ജെസിബിയും മുന്നോട്ട് വന്നു. അതിന്റെ കൈകൾ വീടിന്റെ മേൽക്കൂരയെ സ്പർശിച്ചു… ഓടുകൾ പൊളിഞ്ഞു താഴേക്ക് വീണു… പ്രതാപന്റെയും മനോഹരന്റെയും ഭാര്യമാർ ഉറക്കെ കരയുകയും തന്നെ ശപിക്കുകയും ചെയ്യുന്നത് അടങ്ങാത്ത സന്തോഷത്തോടെയാണ് കൃഷ്‌ണേന്ദു നോക്കി കണ്ടത്….
പ്രതാപൻ അവളുടെ അടുത്ത് വന്നു..

“ഇതിവിടെ തീർന്നെന്ന് കരുതണ്ട… നിന്നെ വെറുതെ വിടില്ലെടീ….”

അപ്പോഴും അവൾ ചിരിച്ചു..

“നിങ്ങളുടെ ശല്യം കാരണം എന്റെ അമ്മ ആത്മഹത്യ ചെയ്ത, എന്റെ അനിയത്തിയെ പിച്ചി ചീന്തിയ… അമ്മൂമ്മയെ കിടത്തി നരകിപ്പിച്ച വീട് ഇനി വേണ്ട…. ഞാനന്ന് പറഞ്ഞതല്ലേ ഇതിന്റെ മേൽക്കൂര നിലം പൊത്തുന്നത് കാണാൻ ഞാൻ വരുമെന്ന്?.. “

അടങ്ങാത്ത പകയോടെ അവൾ തന്റെ അമ്മാവന്മാരെ നോക്കി…

“എല്ലാം നഷ്ടപ്പെടുന്നതിന്റെ വേദന നിങ്ങളൊക്കെ അറിയണം…. വലിയവീട്ടിൽ നാരായണന്റെ ആൺമക്കൾക്ക് ഇപ്പൊ എന്താ ഉള്ളത്?… ബസുകളും മില്ലും പെട്രോൾ പമ്പും വിറ്റു… ആകെയുള്ളത് ആരും വാങ്ങാനില്ലാത്ത കുറേ പറമ്പാണ്…നിങ്ങളെ ഈ അവസ്ഥയിൽ എത്തിക്കാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടി… ഒരിക്കൽ നിങ്ങൾ ഈ മുറ്റത്ത് വിചാരണ ചെയ്ത എന്റെ അച്ഛന്റെ സഹായം ഉണ്ടായിരുന്നു എല്ലാത്തിനും… മറ്റെല്ലാം ഞാൻ ക്ഷമിക്കും.. പക്ഷേ എന്റെ അനിയത്തിക്ക് സംഭവിച്ചതിന് നിങ്ങളും കൂടിയാ ഉത്തരവാദി…. അത് ഞാൻ പൊറുക്കില്ല… “

വീടും മുറ്റത്തെ ഷെഡും പൂർണ്ണമായും തകർന്നു വീണു… പൊടിപടലങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു… ഒന്നും ചെയ്യാനില്ലാതെ പോലീസുകാർ പരസ്പരം നോക്കി…

“വാ പോകാം…” മഹാദേവൻ കൃഷ്‌ണേന്ദുവിന്റെ തോളിൽ പിടിച്ചു… കാർ മുന്നോട്ട് നീങ്ങവേ അവൾ കണ്ണടച്ചിരുന്നു…ദാരിക നിഗ്രഹത്തിന് ശേഷം കോപം ശമിച്ച ഭദ്രകാളിയെ ആണ് അയാൾക്ക് ഓർമ വന്നത്…അയാൾ അവളെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി…


മാസങ്ങൾക്കു ശേഷം ഒരു സുപ്രഭാതം….

മുറ്റത്ത് വന്നു നിന്ന കാറിൽ നിന്നും മഹാദേവൻ ഇറങ്ങി…

“വാടോ.. എല്ലാവരും തന്നെ കാത്തിരിക്കുകയാ…”

അയാൾ ക്ഷണിച്ചപ്പോൾ തെല്ലു മടിയോടെ ജയേഷ് പുറത്തിറങ്ങി…..അയാളുടെ കൂടെ അകത്തേക്ക് നടക്കുമ്പോൾ തന്റെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നത് അവനറിഞ്ഞു…. ഹാളിൽ എത്തിയപ്പോഴേക്കും വീൽചെയറിൽ നിത്യ അവിടേക്ക് എത്തി… കുറച്ചു നേരം രണ്ടുപേരും പരസ്പരം നോക്കി നിന്നു..

“പോ അവിടുന്ന്.. ഞാൻ മിണ്ടൂല്ല… എന്നെ കാണാൻ സമ്മതിച്ചില്ലല്ലോ…. എന്തോരം പറയാനുണ്ടായിരുന്നു….”

അവൾ പരിഭവിച്ചു…ഓലമടലിന്റെ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന സ്കൂൾ യൂണിഫോമിട്ട പെൺകുട്ടിയെ ജയേഷിന് ഓർമ വന്നു… അവൻ വീൽ ചെയറിന് മുന്നിൽ മുട്ടുകുത്തി ഇരുന്നു..നിത്യ അവന്റെ താടി രോമങ്ങളിലൂടെ വിരലോടിച്ചു..

“മോൾക്ക് സുഖമാണോ?”

“ഏട്ടൻ എനിക്ക് വേണ്ടി ജയിലിൽ കിടക്കുമ്പോ എന്ത് സുഖം??. എന്തിനായിരുന്നു ഏട്ടാ അയാളെ കൊന്നത്?. സ്വന്തം കുടുംബക്കാർക്ക് വേണ്ടാത്തവളല്ലേ ഞാൻ?”

“അങ്ങനെ പറയല്ലേടീ… നീയെന്റെ കുഞ്ഞനിയത്തി അല്ലേ?.. നിന്നെ വേദനിപ്പിച്ചാൽ ഞാൻ നോക്കി നിൽക്കുമോ?..പിന്നെ ജയിലിൽ എനിക്ക് പരമ സുഖമായിരുന്നു… നല്ല ഫുഡ്‌.. എല്ലാർക്കും ഭയങ്കര ബഹുമാനം…”

അവൻ ചിരിക്കാൻ ശ്രമിച്ചു…

“അയ്യട..നല്ല തമാശ… മുകളിലേക്ക് പോ.. ചേച്ചി അവിടുണ്ട്..”

അവൻ എഴുന്നേറ്റു… സെലീന അങ്ങോട്ട് വന്നു..

“ഞാൻ അടുക്കളയിലായിരുന്നു…. ജയേഷിന് വിശക്കുന്നുണ്ടോ?”

അവൻ ഇല്ലെന്ന് തലയാട്ടി..

“അവളെ കണ്ടിട്ട് വാ…”

അവൻ പടികൾ കയറി… മുകളിൽ ആദ്യത്തെ മുറിയിൽ കിടക്ക വിരിക്കുകയായിരുന്നു കൃഷ്‌ണേന്ദു… പിന്നിൽ കാൽപെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു…

“എത്തിയോ?..”

“ഉം…”

“ഞാൻ ഗോവിന്ദട്ടനെ വിളിച്ചിരുന്നു.. രണ്ടു ദിവസം കഴിഞ്ഞേ മോനെ അങ്ങോട്ട് വിടൂ എന്ന് പറഞ്ഞു…. ഈ മുറി ഓക്കേ അല്ലെ?”

ജയേഷ് മറുപടി പറയാതെ അവളുടെ തൊട്ടു മുന്നിൽ ചെന്നു നിന്നു…

“എന്താ ജയേഷേട്ടാ?”

“സ്നേഹം കൊണ്ട് തോല്പിക്കുകയാണല്ലേ?”

“വർഷങ്ങൾക്ക് മുൻപേ എന്നെ തോൽപിച്ചതല്ലേ ജയേഷേട്ടൻ?… എല്ലാവരും അവഗണിച്ച ഒരു പെണ്ണിനേയും അവളുടെ അംഗവൈകല്യമുള്ള അനിയത്തിയെയും സ്നേഹം കൊണ്ട് മൂടിയ ഒരു കാലമുണ്ടായിരുന്നല്ലോ …. ഇന്ന് എനിക്ക് എല്ലാവരും ഉണ്ട്… പക്ഷേ അന്ന് ജയേഷേട്ടൻ കാണിച്ച സ്നേഹത്തിന് ഇതിന്റെ നൂറിരട്ടി ശക്തി ഉണ്ടായിരുന്നു….”

അവൾ ജയേഷിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു…

“ഇനിയെന്നെ വിട്ടു പോകല്ലേ….” അതൊരു യാചനയായിരുന്നു… ജയേഷ് അവൾക്ക് ചുറ്റും കരങ്ങൾ കൊരുത്തു…. തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ് അവരെ തലോടിക്കൊണ്ടിരുന്നു……

❤❤❤❤❤❤

2 comments

  1. A code promo 1xBet est un moyen populaire pour les parieurs d’obtenir des bonus exclusifs sur la plateforme de paris en ligne 1xBet. Ces codes promotionnels offrent divers avantages tels que des bonus de dépôt, des paris gratuits, et des réductions spéciales pour les nouveaux joueurs ainsi que les utilisateurs réguliers.meilleur code promo 1xbet rdc

Leave a Reply

Your email address will not be published. Required fields are marked *