ഗുണ്ടയെ പ്രണയിച്ച ഡോക്ടർ പെണ്ണ്

രചന SMG

“നിരഞ്ജന, ഇന്നല്ലേ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ദിവസം?” രേഷ്മ ചോദിച്ചു.
“അതെ, ഇന്നാണ്,” നിരഞ്ജന കൂട്ടുകാരിക്ക് മറുപടി നൽകി. അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ ഒരു വർഷമായി ജോലി ചെയ്യുന്ന രേഷ്മ, നിരഞ്ജനയുടെ ഏറ്റവും അടുത്ത സുഹൃത്താണ്.

“എടി, ഇന്ന് നല്ല മഴക്കുള്ള കോളുണ്ടല്ലോ?” രേഷ്മ പറഞ്ഞു.
“അതെ, രാവിലെ തന്നെ മഴയാണെന്ന് തോന്നുന്നു.” ഇരുവരും നിരഞ്ജനയുടെ ബൈക്കിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി.

ഹോസ്പിറ്റലിനടുത്തുള്ള കവലയിൽ ഒരു ആൾക്കൂട്ടം കണ്ടപ്പോൾ അവർ ബൈക്ക് നിർത്തി. ആളുകൾക്കിടയിലൂടെ നോക്കിയപ്പോൾ വ്യക്തമല്ലാത്ത ഒരു അടിപിടി കാണാമായിരുന്നു. ബൈക്ക് ഒരു വശത്ത് പാർക്ക് ചെയ്ത് അവർ അവിടേക്ക് ചെന്നു.


കറുത്തിരുണ്ട കാർമേഘങ്ങൾ ആകാശത്ത് നിറഞ്ഞുനിന്നു. ഇടയ്ക്കിടെ മിന്നൽ വെളിച്ചം പാളിമിന്നി, ഇടിമുഴക്കം ഭൂമിയെ വിറപ്പിച്ചു. പെട്ടെന്ന്, പേമാരി തുടങ്ങി. തെരുവോരത്തെ ആളൊഴിഞ്ഞ മൂലയിൽ, തലകുനിച്ച് മഴ നനഞ്ഞുനിന്ന ഒരാളെ ലക്ഷ്യമാക്കി കുറച്ചാളുകൾ പാഞ്ഞടുത്തു. അവർ അവനെ വട്ടംകൂട്ടി, കൈയേറ്റം ചെയ്യാൻ തുടങ്ങി. അവരുടെ പിടിയിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചതും, നാലഞ്ചുപേർ തെറിച്ചു വീണു.

ചെളി നിറഞ്ഞ തറയിൽ നിന്ന് അവൻ ഞെട്ടിയെഴുന്നേറ്റു. വീണുപോയവർ ദേഷ്യത്തിലും ഭയത്തിലും എഴുന്നേറ്റുനിന്നു. അവരുടെ കണ്ണുകളിൽ പക ആളിക്കത്തി.

“അടിക്ക് അവനെ!” കൂട്ടത്തിലൊരാൾ അലറി.

“നിനക്കൊന്നും എന്നെ അറിയില്ല,” അവൻ കനത്ത ശബ്ദത്തിൽ പറഞ്ഞു. ഇടതുകൈകൊണ്ട് നെറ്റിയിലെ മഴത്തുള്ളികൾ തുടച്ചുമാറ്റി. നനഞ്ഞ മുടിയിഴകളിൽ നിന്ന് വെള്ളം അവന്റെ താടിയിലൂടെ ഒലിച്ചിറങ്ങി. അവന്റെ മുഖം കനത്തു, കണ്ണുകൾ രക്തവർണ്ണമായി. മുണ്ട് മടക്കിക്കുത്തി, അവൻ പോരാട്ടത്തിന് തയ്യാറായി.

അലറിക്കൊണ്ട് മുന്നോട്ട് കുതിച്ചുവന്നവന്റെ നെഞ്ചിലേക്ക് അവൻ ആഞ്ഞുചവിട്ടി. ഇടതുവശത്ത് നിന്ന് ഓടിവന്ന മറ്റൊരാളുടെ വയറ്റിൽ ശക്തമായ ഒരിടി കൊടുത്തു. വേദനകൊണ്ട് പുളഞ്ഞ അവൻ നിലത്തേക്ക് വീണു. അടുത്തത്, അവന്റെ നെഞ്ചിലേക്ക് കൈമുട്ടുകൊണ്ട് ആഞ്ഞടിച്ചുകൊണ്ട് അവനെ ദൂരേക്ക് തെറിപ്പിച്ചു. തലയ്ക്ക് അടിക്കാൻ പാഞ്ഞടുത്തവന്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് അവനെ തലകീഴായി ഉയർത്തി ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. “ഇതൊരു മുന്നറിയിപ്പാണ്!” അവൻ അലറി. ചുറ്റും നിന്നവരെ ഓരോരുത്തരെയായി വലിച്ചിട്ട് തല്ലി. കാഴ്ചക്കാർ അവന്റെ പോരാട്ടവീര്യം കണ്ട് ആർപ്പുവിളിച്ചു.

പെട്ടെന്ന്, ഒരാൾ വലിയൊരു കല്ലുമായി അവന്റെ നേർക്ക് പാഞ്ഞടുത്തു. എന്നാൽ, അവന്റെ തീക്ഷ്ണമായ നോട്ടം കണ്ടതും അയാൾ കല്ല് നിലത്തിട്ട് ജീവനും കൊണ്ട് ഓടി മറഞ്ഞു.

“എടി, നമുക്ക് പോകാം. ഇതെല്ലാം കണ്ടുനിന്നാൽ ഇന്ന് ലേറ്റ് ആകും,” രേഷ്മ നിരഞ്ജനയോട് പറഞ്ഞു. അവളും അത് ശരിവെച്ച് ബൈക്കിലേക്ക് നടന്നു നീങ്ങി. “എന്നാലും, എന്തൊരു അടിയായിരുന്നു! ഞാൻ സിനിമയിലൊക്കെയാണ് ഇങ്ങനെ കണ്ടിട്ടുള്ളൂ,” നിരഞ്ജന പറഞ്ഞു. “അതെ, അതെ,” രേഷ്മയും അതേറ്റു പറഞ്ഞു.


ദിവസങ്ങൾക്ക് ശേഷം…

“ഡാ, ദേ ആ വരുന്ന ഡോക്ടർ പെണ്ണിനെ നോക്കിക്കേ! എന്തൊരു ഐശ്വര്യമാടാ!” ബീഡിക്കുറ്റി ആഞ്ഞുവലിച്ച് ആൽബിൻ പറഞ്ഞു.
“നിനക്കെന്തിന്റെ കേടാ ആൽബിൻ? അവളൊരു ഡോക്ടറല്ലേ? നമ്മളൊക്കെ എവിടെ, അവളൊക്കെ എവിടെ?” ചിന്നൻ അവനെ തടഞ്ഞു.
“അവളെന്റെ ഹൃദയം കൊണ്ടുപോയി ചിന്നാ. അവളെ ഞാൻ സ്വന്തമാക്കും,” ആൽബിൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ് ആൽബിൻ. ചെറിയ പ്രായത്തിലേ വഴക്കും ബഹളവുമായി നടന്ന് പഠിപ്പ് പാതിവഴിയിലാക്കി. ആരെയും കൂസാത്ത പ്രകൃതം. ഒറ്റ നോട്ടത്തിൽ ആർക്കും പേടിതോന്നുന്ന രൂപം. കറുത്ത ഷർട്ടും മുണ്ടും, കഴുത്തിൽ ഒരു കനമുള്ള മാല, കൈകളിൽ വലിയ കറുത്ത ബാൻഡുകൾ, മുഖത്ത് എപ്പോഴും ഒരു കലിപ്പ് ഭാവം. എന്നാൽ, ഉള്ളിൽ സ്നേഹത്തിന്റെ ഒരു കടൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് ആൽബിൻ. അത് തിരിച്ചറിഞ്ഞത് ആകെ അവന്റെ അമ്മ മാത്രമാണ്.

അതുവരെ അവന്റെ ജീവിതം ഒരു പ്രത്യേക രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു. ഒരു ദിവസം രാത്രി, വഴക്കിൽ കിട്ടിയ അടിയിൽ തലപൊട്ടി ചോരയൊലിപ്പിച്ച് അടുത്തുള്ള ക്ലിനിക്കിലേക്ക് ഓടുമ്പോളാണ് ഡോ. നിരഞ്ജനയെ അവൻ ആദ്യമായി കാണുന്നത്. വെള്ളക്കോട്ടിട്ട്, ശാന്തമായ മുഖത്തോടെ, ഒരു മാലാഖയെപ്പോലെ അവൾ അവന്റെ മുറിവിൽ മരുന്ന് വെച്ചുപിടിപ്പിക്കുമ്പോൾ, ആദ്യമായി അവന്റെ ഉള്ളിൽ ഒരു പ്രണയം മൊട്ടിട്ടു.

നിരഞ്ജന, പുതുതായി നാട്ടിൽ വന്ന ഡോക്ടറാണ്. പഠനത്തിൽ മിടുക്കി. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. അവൾക്ക് ചുറ്റുമൊരു മായാലോകം തന്നെയുണ്ടെന്ന് ആൽബിന് തോന്നിയിട്ടുണ്ട്. ആരും ഇഷ്ടപ്പെടാത്ത ഒരു ഗുണ്ടയെ അവൾക്ക് എങ്ങനെ ഇഷ്ടപ്പെടാനാണ്? എന്നാലും, അവളുടെ ചിരിയും സംസാരവും അവനെ വല്ലാതെ ആകർഷിച്ചു.

ആൽബിൻ ഇടയ്ക്കിടെ ഓരോ കാരണം പറഞ്ഞ് ക്ലിനിക്കിൽ പോകും. ചിലപ്പോൾ തലവേദന, മറ്റുചിലപ്പോൾ ചെറിയൊരു മുറിവ്. നിരഞ്ജന അതൊക്കെ ചിരിച്ചുകൊണ്ട് ചികിത്സിക്കും. അവൾക്ക് അവനോട് പേടിയുണ്ടായിരുന്നില്ല. അത് ആൽബിന് അത്ഭുതമായിരുന്നു.

ഒരു ദിവസം ആൽബിൻ നേരിട്ട് നിരഞ്ജനയോട് കാര്യം പറഞ്ഞു: “ഡോക്ടറേ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഒരുപാട് ഇഷ്ടം.”
നിരഞ്ജന ഞെട്ടിപ്പോയി. അവൾ അൽപ നേരം ഒന്നും മിണ്ടിയില്ല.
“എനിക്കറിയാം, ഞാൻ ആരാണെന്ന്. നിങ്ങൾ ഡോക്ടറാണ്, ഞാനൊരു ഗുണ്ടയും. എന്നാലും… നിങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ എനിക്കാവുന്നില്ല,” ആൽബിൻ തുടർന്നു.

അൽപ സമയം കഴിഞ്ഞു നിരഞ്ജന പറഞ്ഞു, “ഞാനാരാണെന്നും നിങ്ങൾ ആരാണെന്നും നിങ്ങൾക്ക് വ്യക്തമായി അറിയാമല്ലോ. പിന്നെയെന്തിനാ ഇങ്ങനെ ഒരു സംസാരം? മിസ്റ്റർ, നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളെപ്പോലൊരാളെ ഒരിക്കലും എനിക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ട് നിങ്ങളുടെ മനസ്സിലെ ഈ ആഗ്രഹം അങ്ങ് മറന്നേക്കൂ. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് എനിക്കൊരു ധാരണയുണ്ട്. എന്റെ സങ്കൽപ്പത്തിലെ ആളെ അല്ല നിങ്ങൾ. അതുകൊണ്ട് ക്ഷമിക്കണം.” അല്പം ദേഷ്യത്തോടെ നിരഞ്ജന ക്ലിനിക്കിൽ നിന്ന് ഇറങ്ങിപ്പോയി. ആൽബിൻ നിരാശയോടെ തലതാഴ്ത്തി നിന്നു.

ഇടക്കൊക്കെ ക്ലിനിക്കിൽ പോകുന്ന ആൽബിൻ പിന്നീട് ക്ലിനിക്കിൽ പോയില്ല.

ഒരു ദിവസം നിരഞ്ജന ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ചില സാമൂഹ്യവിരുദ്ധരായ കുറച്ച് ഗുണ്ടകൾ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ഭയന്നുപോയ അവൾ ഉറക്കെ നിലവിളിച്ചു. അപ്രതീക്ഷിതമായി എവിടെനിന്നോ ആൽബിൻ പാഞ്ഞെത്തി.

അവളുടെ കയ്യിൽ പിടിച്ചവനോടായി ആൽബിൻ പറഞ്ഞു: “അവളെ അങ്ങ് വിട്ടേരെ പിള്ളേരെ….”
“ഇല്ലെങ്കിൽ താനെന്തു ചെയ്യും?” ഗുണ്ടയിലൊരുവൻ ചോദിച്ചു.
“വിട്ടില്ലെങ്കിൽ ചേട്ടന് കുറച്ച് ബുദ്ധിമുട്ടേണ്ടി വരും,” ആൽബിൻ ചുറ്റും നിൽക്കുന്നവരോടായി പറഞ്ഞു.
“തല്ലി കൊല്ലാട ഈ ചെറ്റയെ!”നേതാവെന്ന് തോന്നുന്ന ഒരാൾ വിളിച്ചു പറഞ്ഞു .ഗുണ്ടകൾ ഓടിയടുക്കാൻ നോക്കുമ്പോഴേക്കും ഷർട്ടിന് പിന്നിൽ നിന്ന് ഒരു വടിവാൾ ആൽബിൻ ഉയർത്തിയത് കണ്ടതും അവളുടെ കയ്യിൽ നിന്ന് കൈയയച്ച് സാമൂഹ്യവിരുദ്ധർ പേടിച്ച് ഓടിപ്പോയി.

“ഡോക്ടറേ, പേടിക്കേണ്ട. ഞാൻ ഇവിടെയുണ്ട്,” ആൽബിൻ കിതച്ചുകൊണ്ട് പറഞ്ഞു.
അവൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. “ആൽബിൻ, ഞാൻ പേടിച്ചുപോയി.”
“ഞാൻ ആരെയും നിങ്ങളെ നോവിക്കാൻ സമ്മതിക്കില്ല, ഡോക്ടറേ,” അവൻ അവളെ ചേർത്തുപിടിച്ചു.

അവന്റെ പേടിപ്പെടുത്തുന്ന രൂപത്തിൽ അവൾക്കൊരുതരം സ്നേഹം തോന്നി തുടങ്ങിയിരുന്നു. അവന്റെ കണ്ണുകളിൽ കണ്ട ആത്മാർത്ഥത അവളെ വല്ലാതെ ആകർഷിച്ചു.
അന്ന് രാത്രി, നിരഞ്ജന ആൽബിന്റെ വീട്ടിലേക്ക് പോയി. അവന്റെ അമ്മയോട് കാര്യങ്ങൾ സംസാരിച്ചു. ആൽബിന്റെ മനസ്സിലെ നന്മ അവൾ തിരിച്ചറിഞ്ഞിരുന്നു. അവൻ ഒരു നല്ല മനുഷ്യനാണെന്ന് അവൾക്ക് ഉറപ്പായി.

പിറ്റേദിവസം, നിരഞ്ജന ക്ലിനിക്കിൽ വരുമ്പോൾ ആൽബിൻ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. “ഡോക്ടറേ…” അവൻ വിളിച്ചു.
“എന്റെ ആൽബിൻ,” അവൾ അവനെ ചേർത്തുപിടിച്ചു പറഞ്ഞു . “ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഒരുപാട്.”
“ഞാനൊരു ഗുണ്ടയല്ലേ ഡോക്ടറേ,” അവന്റെ കണ്ണിൽ ചെറിയൊരു സങ്കടം.
“എനിക്ക് എന്റെ ഗുണ്ടയെ മതി. എന്റെ മാത്രം കലിപ്പൻ ഗുണ്ട,” അവൾ ചിരിച്ചു.

ആൽബിന്റെ കയ്യിൽ മൃദുവായി തഴുകി അവൾ പറഞ്ഞു, “ഈ കൈകളിൽ എനിക്ക് സുരക്ഷിതത്വം തോന്നുന്നു, എന്റെ കലിപ്പൻ കാമുകൻ.” അവളുടെ തല അവന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ, അവന്റെ ജീവിതത്തിൽ ആദ്യമായി ഒരു പൂർണ്ണത അവൻ അനുഭവിച്ചറിഞ്ഞു. അവൾക്ക് വേണ്ടി ഇനി ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് അവൻ തീരുമാനിച്ചു.

2 comments

Leave a Reply

Your email address will not be published. Required fields are marked *