
രചന വിജയ് സത്യ.
സാമുവലച്ചൻ പള്ളി വക കാറിൽ ഇറങ്ങിയ ഉടനെ ജേക്കബ് മക്കളും ഓടിച്ചെന്ന് അച്ഛനെ സ്വീകരിച്ചു.
വാ… അച്ചോ ഉദ്ഘാടനത്തിന് ഒരു അരമണിക്കൂർ കൂടിയുണ്ട് നമുക്ക് റിസപ്ഷൻ റൂമിൽ ഇരിക്കാം….
മുഖ്യ അതിഥിയായ അച്ഛനെ അവർ റിസപ്ഷൻ റൂമിലേക്ക് നയിച്ചു..
സാമുവൽ അച്ഛന്റെ കൂടെ കപ്യാര് വറിതും ഉണ്ടായിരുന്നു..ജേക്കബ് മുതലാളിയും മക്കളും കവലയിൽ പുതുതായി തുടങ്ങിയ ഫാൻസി കടയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അച്ഛനും കപ്പിയാരും..
അച്ഛന്റെ കൂടെ കാറിൽ വന്നെങ്കിലും ജനങ്ങൾ ഒരുപാട് തിങ്ങിനിറഞ്ഞ ആ അന്തരീക്ഷത്തിൽ അച്ഛനെ ഒപ്പം നടക്കാൻ വറീദ് കപ്യാർക്കു ഒരു ചമ്മൽ..
വറീതും വരൂ…
റിസപ്ഷൻ റൂമിലേക്ക് നടന്നുപോകുന്ന അച്ഛന്റെ കൂടെ കാപ്യര് വറീത് ഒപ്പം കൂടി നടന്നു.
റിസപ്ഷൻ റൂമിനകത്ത് കയറിയപ്പോൾ അവിടെ ഉദ്ഘാടനത്തിന് എത്തിയ പ്രമുഖ നടി ഉണ്ടായിരുന്നു..
അച്ഛനെ കണ്ടവർ കൈകൂപ്പി..
സാമുവൽ അച്ഛനും അവർക്ക് പ്രത്യഭിവാദനം ചെയ്തു.
അച്ഛൻ റിസപ്ഷൻ റൂമിൽ നിന്ന് സോഫ്റ്റ് ഭക്ഷണവും കഴിച്ച് കഴിഞ്ഞപ്പോഴേക്കും ഉദ്ഘാടനത്തിന് സമയമായി..
പഞ്ചാരിമേളം മുഴങ്ങി…
പ്രമുഖ നടി റിബൺ കട്ട് ചെയ്തു ഫാൻസി ഉദ്ഘാടനം ചെയ്തു…
എല്ലാവരും അകത്തു കയറി..
ഫാൻസി കടയുടെ അകത്തുകയറി അന്തംവിട്ടു നോക്കി വറീത് അതിന്റെ വലിപ്പവും ഭംഗിയും കണ്ട് അറിയാതെ പറഞ്ഞു പോയി…
അയ്യോ സൂപ്പർ മാർക്കറ്റ് പോലുള്ള ഫാൻസി കടയോ… എന്തോരം ഷട്ടറുകൾ… ഇത് എത്ര സ്ക്വയർ ഫീറ്റ്…
വറീത് ഉച്ചത്തിൽ ചോദ്യ രൂപേണ ചോദിച്ചു. മുതലാളി ജേക്കപ്പത് ശ്രദ്ധിച്ചു.
വറീത് ഒന്ന് വായടക്ക്… നമ്മൾ ഇവിടെ വിഐപിയാണ് അതിന്റെ അന്തസ്സിൽ വേണം വർത്തമാനം പറയാൻ. ഞാൻ ഇന്നലെ വെഞ്ചരിപ്പിന് വന്നപ്പോൾ അതിനകത്ത് മൊത്തം കണ്ടിരുന്നു…
അച്ഛൻ കപ്യാര് വറീതിന്റെ ചെവിയിൽ അടക്കം പറഞ്ഞു..
എങ്കിലും എല്ലാവരും കേൾക്കേ ജേക്കബ് മുതലാളി അതിനു മറുപടി പറഞ്ഞു..
അതേ.. കപ്യാരെ ഇപ്പോൾ ഇതാണ് ഫാഷൻ.. അഞ്ചട്ടായിരം സ്ക്വയർ ഫീറ്റ് ഉണ്ട്…
സാമുവേൽ അച്ഛൻ പറഞ്ഞു..
അതെയതെ..
ജേക്കബ് മുതലാളി സാമുവൽ അച്ഛന് പോകാൻ നേരം പള്ളിക്ക് ഡൊണേഷനായി പത്തായിരം രൂപയുടെ ചെക്കും കൂടാതെ പള്ളിയിൽ തൂക്കാൻ ഒരു നക്ഷത്രവും കൊടുത്തു..
അതുപോലെതന്നെ ഉദ്ഘാടനത്തിന് എത്തിയ നടിക്കും ഒട്ടേറെ സമ്മാനവും പറഞ്ഞുറപ്പിച്ച റമ്മിങ്റേഷനും കൊടുത്ത് ജേക്കബ് അവരെ യാത്രയാക്കി..
ദൂരെ മാറിനിന്ന് ഫോൺ ചെയ്യുകയായിരുന്നു കപ്പ്യാരുടെ അടുത്തേക്ക് ജോക്കപ്പ് മുതലാളി നടന്നു ചെന്നു..
ജേക്കബ് മുതലാളി കപ്യാർ വരീതിന്റെ കൈയിൽ 2000 രൂപ നൽകി..
കപ്യാരെ ഇത് ഒരു സന്തോഷത്തിന്…
കപ്യാര് വാങ്ങി വേഗം ളോഹയുടെ കീശയിലിട്ടു..
സന്തോഷമായി.
വറീത് പറഞ്ഞു..
വറീദ് കാപ്യരെ സന്തോഷം മാത്രം പോരാ… ഇനി തൊട്ട്
പള്ളിപ്പെരുന്നാളിനും ക്രിസ്മസിനും ഈസ്റ്ററിനും പള്ളി വാർഷികത്തിനും ഞങ്ങളുടെ ഈ ഫാൻസിഷോപ്പിൽ നിന്ന് തന്നെ നക്ഷത്രങ്ങളും തോരണങ്ങളും മറ്റു ഡെക്കറേഷനും ഒക്കെ വാങ്ങിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണം.. ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ കുട്ടികളും സ്ത്രീകളും ഏന്തുന്ന മെഴുകുതിരി കൂടാരങ്ങളും ഉണ്ട്..
ജേക്കബ് അതിപ്പോൾ എങ്ങനെ ഉറപ്പ് പറയാൻ പറ്റുക….. പാരമ്പര്യമായി മേരിക്കുട്ടിയാണ് അതൊക്കെ ചെയ്തു തരുന്നത്.. ആ പെൺകുട്ടി ഉണ്ടാക്കുന്ന നക്ഷത്രങ്ങളും അതിന്റെ അമ്മച്ചി സാറ തയ്യൽ മെഷീൻ വച്ച് ഉണ്ടാക്കുന്ന തോരണങ്ങളുമാണ് സ്ഥിരമായി പള്ളിപ്പെരുന്നാളിനും പള്ളിയിൽ വരുന്ന മറ്റു ആഘോഷങ്ങൾക്കും ഉപയോഗിക്കുന്നത്.
അത് പിന്നെ എനിക്കറിയത്തില്ലയോ…. അതൊക്കെ മാറണം വറീതെ… അതൊക്കെ മാറ്റാൻ വേണ്ടിയാണ് ഈ കാശ്… അത് പിന്നെ നിറമങ്ങിയ കടലാസും ചക്കപ്പശയും ഒക്കെ ഉപയോഗിച്ചു ആ മേരിക്കുഞ്ഞും അതിന്റെ തള്ളയും
കയ്യിൽ ഉണ്ടാക്കുന്നതിനേക്കാളും നല്ല മിഷനിൽ അടിക്കുന്ന നക്ഷത്രങ്ങളാണ് ഇവിടെ ഉള്ളത്.. സാമ്പിൾ ഒരെണ്ണം ഞാൻ അച്ഛന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്.. അത് അവിടെ കത്തിക്കുമ്പോൾ അറിയാം.. അതിന്റെ ഒരു ദിവ്യ ജ്യോതിസ്സ്…
ഞാൻ ശ്രമിക്കാം ജേക്കബ്..
ശ്രമിച്ചാൽ പോരാ.. ഉറപ്പായും ഓർഡർ കിട്ടണം…
ഇന്ന് തൊട്ട് ഞങ്ങളും ഇവിടെ സാധനങ്ങൾ വിൽക്കാൻ ഉണ്ടാകുമ്പോൾ ഏകപക്ഷീയമായി പള്ളിയിൽ നിന്നും ഒരാളുടെ അടുത്തുനിന്ന് പ്രത്യേക താല്പര്യം വെച്ച് സാധനങ്ങൾ വാങ്ങണത് ശരിയല്ലല്ലോ..
അത് ശരിയാണ് ജേക്കബ് പറഞ്ഞത്.. ഞാൻ നോക്കട്ടെ മാക്സിമം ട്രൈ ചെയ്യാം..
വറീത് കാപ്യാര് വീട്ടിലെത്തി ഭാര്യയെ കാശ് ഏൽപ്പിച്ചു.
പോയവർക്കൊക്കെ കാശുണ്ടോ..
ഭാര്യ കത്രിന ചോദിച്ചു.
ഏയ് ഇത് പോയതുകൊണ്ട് കിട്ടിയതല്ല.. മേരിക്കുഞ്ഞിന്റെയും തള്ള സാറയുടെയും വയറ്റത്തടിക്കാൻ വേണ്ടി ഏൽപ്പിച്ച കാശ്…
വയറ്റത്തു അടിക്കാനോ… എന്താ മനുഷ്യ ഈ പറയണത്..
അതേയ്…. കത്രിന… ഇനി തൊട്ട് പള്ളിയിലെ പെരുന്നാളിനും മറ്റും വേണ്ടുന്ന നക്ഷത്രങ്ങളും കൊടി തോരണങ്ങളും പുതുതായി തുടങ്ങിയ ജേക്കബിന്റെ ഫാൻസി കടയിൽ നിന്ന് വാങ്ങിക്കാൻ ഞാൻ പള്ളിക്കമ്മിറ്റിയിൽ റെക്കമെന്റ് ചെയ്യ്യാൻ വേണ്ടി കൈ മണിയായി തന്നത്..
അല്ലേലും ആ മേരിക്കുഞ്ഞിന്റെയും സറായുടെയും നക്ഷത്രങ്ങളും കോപ്പും കണ്ടു മടുത്തു.. ഇപ്പോ എന്തോരം നല്ല സാധനങ്ങളാ മാർക്കറ്റിൽ കിട്ടുന്നത്.. പള്ളിയിൽ ഇനി തൊട്ട് അതൊക്കെ ഉപയോഗിക്കട്ടെ മനുഷ്യ… നിങ്ങൾക്ക് അതിൽ എന്താ ദണ്ണം… ചുമ്മാ ഒരു വാക്ക് പറയാൻ പറയാനായി കാശും കിട്ടിയല്ലോ… ഇനി പള്ളി കമ്മിറ്റിയിൽ മീറ്റിംഗ് കൂടാൻ നേരം ജേക്കബ് മുതലാളി പറഞ്ഞ കാര്യം അങ്ങ് നേരെ നിന്ന് അവതരിപ്പിച്ചാൽ പോരെ..
ഹും നോക്കട്ടെ…
പ്രശസ്ത നടി ഉണ്ണിമായ സ്വന്തം നാട്ടിലെ തൊട്ടടുത്ത ഫാൻസി കട ഉദ്ഘാടനത്തിന് വന്നിട്ട് പോലും കപ്യാര് വറീതിന്റെ മകനായ മനു അന്ന് വീട്ടിൽ തന്നെ ചടഞ്ഞു കൂടുകയായിരുന്നു..തന്റെ കാമുകി മേരി കുഞ്ഞിനോട് സൊള്ളുകയായിരുന്ന മനു അപ്പച്ഛനും അമ്മച്ചിയുടെയും സംസാരം കേട്ടു..
തന്റെ പെണ്ണിന്റെ കുടുംബത്തിന് പാര വെക്കാനുള്ള ഐഡിയയും ആയിട്ടാണല്ലോ അപ്പച്ചൻ കപ്യാര് ഉദ്ഘാടനവും കഴിഞ്ഞു വന്നെത്തിയിരിക്കുന്നത്..
എടീ മേരിക്കുഞ്ഞെ… ഇന്ന് ഉദ്ഘാടനം കഴിഞ്ഞ ആ ഫാൻസി ഉണ്ടല്ലോ… അത് നിന്റെയും നിന്റെ അമ്മച്ചി സാറമ്മയുടെയും കഞ്ഞികുടി മുട്ടിക്കും എന്നാണ് തോന്നുന്നത്..
എങ്ങനെ…
ഈസ്റ്ററിനും ക്രിസ്മസിനും പള്ളി പെരുന്നാളിനും ഒക്കെ നിങ്ങൾ ഉണ്ടാക്കുന്ന നക്ഷത്രങ്ങൾ ഇനി വാങ്ങുമെന്ന് തോന്നുന്നില്ല.. അപ്പച്ചനു കൈ മണിയായി കാശു കൊടുത്തിരിക്കുകയാണ് അതിന്റെ മുതലാളി ജേക്കബ്.. ഇനി തൊട്ട് അയാളുടെ കടയിൽ നിന്ന് എല്ലാം വാങ്ങിക്കാമെന്ന് പറഞ്ഞു..
അയ്യോ… മനു… അമ്മച്ചിയുടെ തയ്യലിന് പുറമേ ഇടയ്ക്കിടക്ക് പള്ളിയിൽ നിന്ന് കിട്ടുന്ന ആ വരുമാനം കൊണ്ട് ഞങ്ങൾ അല്ലൽ ഇല്ലാണ്ട് കഴിയുന്നത്.. ഇനിയിപ്പോ എന്ത് ചെയ്യും..
ഇനിയിപ്പോ പള്ളിപ്പെരുന്നാൾ അല്ലേ വരുന്നത് നോക്കാം.. കാശു വാങ്ങിയ കൂറു കൊണ്ട് അപ്പച്ചൻ ചിലപ്പോൾ മീറ്റിംഗിൽ അവതരിപ്പിക്കും.. മേരിക്കുഞ്ഞ് പേടിക്കേണ്ട ഞങ്ങൾ ശക്തിയായി എതിർക്കും… അഥവാ അങ്ങനെയൊരു തീരുമാനം വന്നാൽ കൊട്ടേഷൻ വെപ്പിക്കാം.. എനിക്ക് തോന്നുന്നത് മേരിക്കുഞ്ഞിന്റെ റേറ്റിനനുസരിച്ച് അയാൾക്ക് സാധനങ്ങൾ തരാൻ പറ്റില്ലന്നാണ്..
അതേ… മനു.. ഏതായാലും പെരുന്നാൾ വരട്ടെ നോക്കാം..
മാസങ്ങൾ കടന്നുപോയി..
പെരുന്നാളിന് ഇനി ആഴ്ചകളെ ഉള്ളൂ..
പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിൽ അതിന്റെ നടത്തിപ്പിനായുള്ള ആഘോഷ കമ്മിറ്റി കൂടി..പ്രതീക്ഷിച്ചതുപോലെ കപ്യാര് മാറിയത് മീറ്റിങ്ങിൽ ജേക്കബിന്റെ ഫാൻസിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതിയെന്ന് കാര്യം നിർദേശിച്ചു..
മനു കൂട്ടരും അതിനെ നിഷേധിച്ചു…
പതിവായി സാറമ്മച്ചി യുടെ കുടുംബത്തിനാണ് ഇതിന്റെ ഓർഡർ നൽകുക. പള്ളിയും അതിന്റെ ആചാരങ്ങളുമായുള്ള കാര്യമാകുമ്പോൾ പരമ്പരാഗതമായ ശീലങ്ങളൊക്കെ മാറ്റുന്നത് ശരിയല്ലെന്ന് അവനും പിള്ളേരും വാദിച്ചു..
അതിലൊന്നും കഴമ്പില്ലെന്നും കണ്ടു മടുത്ത പഴഞ്ചൻ വസ്തുക്കളെയും പ്രാകൃത രീതിയേയും മാറ്റണമെന്നും ഭംഗിയും മനോഹാരിതയും ആണ് ആഘോഷങ്ങളുടെ മുതൽക്കൂട്ട് എന്നും അതിനായി മാർക്കറ്റിൽ കിട്ടുന്ന നല്ല നല്ല നക്ഷത്രങ്ങളും തോരണങ്ങളും ഡെക്കറേഷൻ വിളക്കു കൂടങ്ങളും വാങ്ങിക്കണമെന്ന് ഒരു കൂട്ടർ വാദിച്ചു..
അങ്ങനെയാണെങ്കിൽ കൊട്ടേഷൻ സ്വീകരിക്കാം.. ആരാണ് പള്ളിക്ക് വേണ്ടി ചെറിയ തുകയ്ക്ക് ചെയ്തു തരുന്നത് അവർക്ക് നൽകാം ഓർഡർ..
എന്നായി ഒരു തീരുമാനം..
വിവരം ജേക്കബ് മുതലാളി അറിഞ്ഞു..
രണ്ട് ലക്ഷം രൂപയുടെ ഒരു കൊട്ടേഷൻ കവറിലിട്ട് ഒട്ടിച്ച് അയാൾ പള്ളിക്കമ്മിറ്റിക്ക് നൽകി..
വെറും 90000 രൂപക്ക് ചെയ്തു തരാം എന്ന് മേരിക്കുഞ്ഞും എഴുതി കവറിലിട്ട് ഒട്ടിച്ച് കമ്മിറ്റിക്ക് കൊട്ടേഷൻ നൽകി..
കമ്മിറ്റി കൊട്ടേഷൻ കവർ പൊട്ടിച്ച് നോക്കി.. നിയമപ്രകാരം തന്നെ കൊട്ടേഷൻ മേരിക്കുഞ്ഞിന് കിട്ടി..
സംഭവം അറിഞ്ഞു ജേക്കബ് മുതലാളി കലിപ്പിലായി..
അയാൾ പിന്നാമ്പുറത്തു നിന്നും പദ്ധതികൾ ആസൂത്രണം ചെയ്തു..
മേരിക്കുഞ്ഞും അമ്മച്ചി സാറയും ഈ നക്ഷത്രങ്ങളും കോപ്പുകളും ഉണ്ടാക്കാൻ പാടില്ല..
കൃത്യസമയത്ത് സാധനങ്ങൾ കിട്ടാതെ വരുമ്പോൾ തന്റെ കടയിലേക്ക് തന്നെ കമ്മിറ്റി വരും ഓരോന്നിനും റീറ്റെയിൽ കാശു കൊടുത്തു വാങ്ങിക്കേണ്ടിവരും..
ആഘോഷ കമ്മിറ്റിയിൽ നിന്നും ഒരു തുക അഡ്വാൻസ് ലഭിച്ചത് പ്രകാരം നക്ഷത്രങ്ങൾക്കും ലൈറ്റ് കൂടങ്ങൾക്കും വേണ്ടുന്ന വർണ്ണ പേപ്പറുകളും പശയും പ്ലാസ്റ്റിക് സ്റ്റിക്കുകളും വാങ്ങിക്കാൻ മനുവിന്റെ ബൈക്കിൽ മേരിക്കുഞ്ഞു പട്ടണത്തിലേക്ക് പോയി.
യാത്രയ്ക്കിടയിൽ മനു ചോദിച്ചു..
അല്ലഡി മേരി… നീ എന്തിനാ അത്രയും ചെറിയ കൊട്ടേഷൻ എഴുതിക്കൊടുത്തത്… ആ തുകയ്ക്ക് നിനക്ക് എല്ലാം ആകുമോ..
നിനക്കൊരു ഒന്നരലക്ഷം എഴുതാമായിരുന്നില്ലേ… എങ്കിൽപോലും നിനക്ക് തന്നെ കിട്ടുമായിരുന്നല്ലോ..
എടാ മനു… ജനങ്ങളുടെ കാശ് അങ്ങനെ തിന്നാൻ പാടില്ല… ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന അതേ നക്ഷത്രങ്ങളുടെ ക്വാളിറ്റിയിലാണ് ഞങ്ങൾ സ്റ്റാറുകളും വിളക്കും കൂടാരങ്ങളും ഉണ്ടാക്കുന്നതെന്ന് നിനക്കറിയാമല്ലോ..
പിന്നിലാണ്ട് അതെ…
അത്തരം നക്ഷത്രങ്ങളും മറ്റും ഒരുക്കാൻ വേണ്ട പ്രാഥമിക സാധനങ്ങൾക്ക് 40,000 രൂപ വേണം.. പിന്നെ തോരണങ്ങൾക്കും സ്റ്റിക്കുകളും പക്ഷേ ഒക്കെയായി ഇരുപതിനായിരം.. ഞങ്ങൾ രണ്ടു പേരുടെ 10 12 ദിവസത്തെ പണിക്കൂലിയും കൂട്ടി കൊണ്ടു തൂക്കേണ്ട ചെലവിലേക്കും ആയി മുപ്പതിനായിരം.. 90 ആയിരം കറക്ടായില്ലേ… അതുമതി ലാഭമൊന്നും വേണ്ട..
എനിക്ക് ചായ വാങ്ങിച്ചു തരില്ലേ..
മനു കുസൃതിയോടെ ചോദിച്ചു..
വാടാ… കുടിക്കാം .. ഇവിടെ നിർത്ത്
അടുത്തു കണ്ട ടീ ഷോപ്പിൽ കയറി അവർ.
നാട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു അവളെ പിന്തുടർന്നുകൊണ്ട് രണ്ടു കണ്ണുകൾ അവൾക്ക് പിന്നാലെ ഉണ്ടായിരുന്നു..
കളി പറഞ്ഞും സൊറ പറഞ്ഞും സല്ലപിച്ചു കൊണ്ടു അവർ ചായ കഴിക്കുന്നത് ആ നേത്രങ്ങൾ നിരന്തരം ഒളിഞ്ഞുനിന്നു വീക്ഷിക്കുന്നുണ്ടായിരുന്നു..
മേരിക്കുഞ്ഞു കാരണം കൊട്ടേഷൻ നഷ്ടപ്പെട്ടതിലുള്ള അരിശം മൂലം അവളുടെ തൊഴിൽ തടസ്സപ്പെടുത്താനും മേരിക്കുട്ടിയെ അപായപ്പെടുത്താനും ജേക്കബ് മുതലാളി ആരെയോ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു..
കപ്യാരുടെ മകൻ മനുവിന്റെ ബൈക്കിലാണ് വരുന്നതെന്നുള്ള ഒരൊറ്റ കാരണം കൊണ്ട് നിൽക്കട്ടെ നിൽക്കട്ടെ എന്ന് ജേക്കബ് പല അവസരങ്ങളിലും ആ ടീമിനെ കൃത്യ നിർവഹണത്തിൽ തടസ്സം നിന്നത് കൊണ്ടാണ് ഇപ്പോഴും അവൾ ജീവനോടെ ഇരിക്കുന്നത്..
മുതലാളി ഇനിയൊരു അവസരം ലഭിക്കില്ല. അവൾ സാധനങ്ങളുമായി വീട്ടിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ അവിടെ കുത്തിയിരുന്ന് അതിന്റെ നിർമ്മാണം തുടങ്ങും.. പിന്നെ പള്ളി പെരുന്നാളിന് തലേന്നാൾ വന്നു അതൊക്കെ അലങ്കരിക്കുമ്പോൾ മാത്രമേ കാണുകയുള്ളൂ അപ്പോൾ കണ്ടിട്ട് എന്ത് കാര്യം..
അതല്ല… ആ കപ്യാരുടെ മകൻ കൂടെ ഉണ്ടാകുമ്പോൾ കൃത്യം ചെയ്യുന്നത് ശരിയല്ല.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കപ്യാർ നമുക്ക് എതിരായാൽ ഉള്ളു കളിയൊക്കെ പുറത്താകും… നമ്മൾ കുടുങ്ങും…
ചായ കുടി ഒക്കെ കഴിഞ്ഞ് അവർക്ക് വേണ്ടന്ന സാധനങ്ങളൊക്കെ പട്ടണത്തിൽ നിന്നും പർച്ചേസ് ചെയ്തു അവർ വീണ്ടും ബൈക്കിൽ നാട്ടിലേക്ക് തിരിച്ചു..
മുതലാളി അവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്..
ജസ്റ്റ് അരമണിക്കൂർ കൊണ്ട് അവർ വീട്ടിലേക്ക് എത്തിച്ചേരും.. പിന്നെ നമ്മുടെ പദ്ധതികളൊക്കെ പാളും..
വീട്ടിലെ മണിമാളികയിൽ ഇരുന്നു എന്ത് ചെയ്യണമെന്നറിയാതെ ജേക്കബ് ഒരു നിമിഷം ആലോചിച്ചു.. തന്റെ മുന്നിലുള്ള പല തടസ്സങ്ങളും നീക്കിയാണ് താൻ തന്റെ ബിസിനസ് സാമ്രാജ്യം ഉയർത്തിയത്. ഇനിയിപ്പോ നോക്കിയിട്ട് കാര്യമില്ല..
അയാൾ മനുവിനെയും മേരിക്കുഞ്ഞിനെയും പിന്തുടർന്ന് പോകുന്ന ആ ടിപ്പർ ലോറിക്കാരന് നിർദ്ദേശം നൽകി..
അവൾ പിറകിലല്ലേ ഉള്ളത്… അവളെ നോക്കി ചാമ്പിക്കോ…പയ്യൻ രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെടട്ടെ..
മേരിക്കുഞ്ഞിനെ തീർക്കാനായി നടക്കുന്ന കാപാലികൾക്ക്
അയാൾ അന്തിമ ഓർഡർ നൽകി..
അങ്ങോട്ട് പോകുമ്പോഴും, ഇങ്ങോട്ട് വരുമ്പോഴും ഒരു ടിപ്പർ ലോറി പിറകിലുള്ളത് മേരിക്കുഞ്ഞിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.. അവൾ അതത്ര കാര്യമാക്കിയില്ല..
ഒരു പ്രത്യേക സ്പീഡിൽ പിറകിൽ ഉണ്ടായിരുന്ന ആ വണ്ടി ഇപ്പോൾ ഇരച്ചു വരുന്നതുകൊണ്ട് അവൾ മനുവിനോട് പറഞ്ഞു…
എടാ മനു ഒരു ടിപ്പർ ലോറി നമ്മളെ നേരത്തെ പോകുമ്പോൾ തൊട്ട് ഉണ്ട് പിന്തുടരുന്നത്.. നേരത്തെ അങ്ങോട്ട് പോകുമ്പോഴും നമ്മുടെ പിറകിൽ ഉണ്ടായിരുന്നു.. ദേ ഇത് ഇപ്പോൾ… ഇപ്പോൾ വളരെ സ്പീഡിൽ വരികയാണ് നീയൊന്ന് മുന്നോട്ട് വേഗത്തിൽ എടുത്തെ…
അപ്പോഴാണ് മനു അത് ശ്രദ്ധിച്ചത്…
അവൻ തന്റെ ബൈക്ക് അല്പം വേഗതയിൽ എടുത്തു..
ടിപ്പർ ലോറിയും അതേ വേഗതയിൽ പിന്തുടരുന്നുണ്ട്.. എന്നവൻ മനസ്സിലാക്കി.
കടന്നുപോകാൻ ശ്രമിക്കുന്നതാണെങ്കിൽ അല്പം സൈഡു കൊടുത്തേക്കാം എന്ന് കരുതി അവൻ അല്പം സൈഡിലേക്ക് ആക്കി ബൈക്ക്..
പക്ഷേ ഓവർടേക്ക് അല്ല ലക്ഷ്യം..ടിപ്പർ ലോറി കുറേക്കൂടി വേഗതയിലേക്ക് അവരെ ഇടിക്കാൻ ആഞ്ഞു…
അതിന്റെ ബംബർ മേരിക്കുഞ്ഞിന്റെ തൊട്ട് സമീപത്തൊക്കെ എത്തി.
മനുവിന്റെ ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ എങ്ങാനും ബോണറ്റ് കൊണ്ടു എന്നു തോന്നുന്നു..
അപ്പോൾ മനുവിനെ മനസ്സിലായി ഇടിച്ചു കൊല്ലാൻ തന്നെ പരിപാടി…
ഇനി നോക്കിയിട്ട് കാര്യമില്ല…
അബദ്ധത്തിൽ എങ്ങാനും ബൈക്കിന്റെ മുമ്പിലോ പിന്നിലോപ്പെടുമ്പോൾ ഇടിക്കാം എന്നല്ലാതെ എഫ്സഡ് പോലുള്ള ഒരു ബൈക്കിനെ പിന്തുടർന്ന് പോയി ഇരിക്കാൻ ഒന്നും ഒരു ലോറിക്കും ആവില്ല..
അതുകൊണ്ടുതന്നെ മനു വളരെ വേഗതയിൽ ഓടിച്ചു പോയി…
ലോറിക്കാരനെ കടുത്ത നിരാശയോടെ വല്ല ട്രാഫിക് ജാം ഉള്ള സ്ഥലത്തുനിന്നും പിടിക്കാം എന്ന് വ്യാഗ്രതയിൽ അവരെ ഫോളോ ചെയ്തു..
ഇതിനിടയിൽ മനു തന്നെ കൂട്ടുകാരെ ഫോൺ ചെയ്തു വിളിച്ചു..
ഒരു റിപ്പർ ലോറി തങ്ങളെ അപായപ്പെടുത്താൻ വരുന്നുണ്ടെന്ന് അത് തടഞ്ഞുനിർത്തി പെരുമാറണമെന്നും അവൻ നിർദ്ദേശം നൽകി..
മനു വിളിച്ചുപറഞ്ഞതനുസരിച്ച് എന്തിനും തയ്യാറുള്ള അവന്റെ കുറച്ച് കൂട്ടുകാരൊക്കെ ഒരു ജീപ്പിൽ അവൻ നിർദ്ദേശിച്ച സ്ഥലത്തേക്ക് ചേർന്നുനിന്നു..
ദൂരെ നിന്നും ടിപ്പർ ലോറി കടന്നുവരുന്നത് കണ്ടു.. മനുവും മറിയയും തങ്ങളുടെ വഴിക്ക് രഹസ്യമായ ഒരു സ്ഥലത്ത് ഒളിപ്പിച്ചുവെച്ചു മാറിനിന്നു..
ടിപ്പർ ലോറി വരുന്ന സമയത്ത് ജീപ്പ് കുറുകെ ഇട്ടു നിർത്തി..
വേറെന്തോ സംഭവമായിരിക്കും എന്ന് കരുതി ടിപ്പർ ലോറി ഡ്രൈവർ നിർത്തി..
അയാൾ നിർത്തേണ്ട താമസം.. മനുവിന്റെ കൂട്ടുകാർ ഇരച്ചുകയറി അയല ഡ്രൈവിംഗ് സീറ്റിൽ നിന്നും വലിച്ചു പുറത്തിട്ടു..
പറയടാ പുലയാടി മോനെ മേരിക്കുഞ്ഞിനെയും മനുവിനെയും കൊലപ്പെടുത്താൻ ആരാ നിനക്ക് കൊട്ടേഷൻ തന്നത്..
ടിപ്പർ ലോറിയുടെ ഡ്രൈവറുടെ മുഖത്തും തലയിലും
ചടപട എന്ന ഇടിയുടെ പൂരം ആയിരുന്നു..
ആരും പറഞ്ഞു പോകും..
ജേക്കബ് മുതലാളി പറഞ്ഞിട്ടാണെ.. അയ്യോ എന്നെ കൊല്ലല്ലേ..
ഇല്ലടാ നിന്നെ കൊല്ലില്ല തല്ലി പരുവമാക്കുന്നതേ ഉള്ളൂ.. എല്ലാവരും കൂടി അയാളെ ഇഞ്ച പരുവം ആക്കി..
തുടർന്ന് പോലീസിനെ വിളിച്ചു..
പോലീസ് എത്തി. അവർ കാര്യങ്ങൾ പറഞ്ഞു..
അവർ അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ടു പോകുമ്പോഴും ഈ ടിപ്പർ ലോറി ഫോളോ ചെയ്തതിന്റെ തെളിവുകൾ ഉണ്ട്.. സൈഡ് നൽകി മുന്നോട്ടു പോകാൻ വിട്ടപ്പോൾ ടിപ്പർ ലോറി കേറി പോകാതെ ഇടിക്കാനാഞ്ഞു നമ്പർ പ്ലേറ്റ് ചുളുങ്ങിയതൊക്കെ പോലീസ് കണ്ടു..
കൊട്ടേഷൻ ലഭിക്കാത്തതുകൊണ്ട് ജേക്കബ് മുതലാളിയാണ് ചെയ്തതെന്ന് കാര്യം നാട്ടിൽ പാട്ടായി.. പോലീസ് അയാളെ വധശ്രമത്തിന്റെ പേരിൽ കേസെടുത്തു..
പള്ളിപ്പെരുന്നാൾ വന്നണഞ്ഞു.. മേരിക്കുഞ്ഞിന്റെ കര വിരുതിൽ വിരിഞ്ഞ നക്ഷത്രങ്ങൾ പള്ളി മുറ്റത്തും പരിസരത്തും കണ്ണു തുറന്നു.. ഘോഷയാത്രയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കരങ്ങളിൽ അവൾ ഉണ്ടാക്കിയ വിളക്ക് കൂടാരങ്ങൾ വർണ്ണ ശബളിമ ഒരുക്കി അന്തരീക്ഷം മനോഹരമാക്കി
ഇപ്രാവശ്യം മേരിക്കുഞ്ഞിന്റെ നക്ഷത്രങ്ങളും വർണ്ണ വിളക്ക് കൂടാരങ്ങളും എന്തു ഭംഗിയാണ് അല്ലേ…
അവൾ മേരിക്കുഞ്ഞു മാത്രമല്ല നമ്മുടെ പള്ളി കുഞ്ഞല്ലേ..
സ്ത്രീകൾ വാത്സല്യപൂർവ്വം പറഞ്ഞ് ചിരിച്ചു
അതിന്റെ ഭംഗിയൊക്കെ കണ്ടു നടന്നു നീങ്ങുന്ന മനുവിനെ കണ്ടു മേരിക്കുഞ്ഞു ചോദിച്ചു..
അന്ന് മനുവിന്റെ കൂടെ അല്ലാതെ ഞാൻ പട്ടണത്തിൽ പോയിരുന്നുവെങ്കിൽ എന്നെ അവർ തീർക്കുമായിരുന്നു അല്ലേ…മനു..
ഓ പിന്നെ കോപ്പ്…. അയാളോട് ഒന്ന് പോകാൻ പറ… മേരിക്കുഞ്ഞു എന്റെ ജീവനല്ലേ… അപ്പോൾ എന്നോട് ഒന്നിച്ചല്ലേ അവൾ എന്നും ഉണ്ടാവുക..
അതുകേട്ട് അവൾ അവനോട് ചേർന്ന്നിന്നു ആ ഘോഷ ത്രയിൽ നടന്നു..
നഗരപ്രദക്ഷിണം കഴിഞ്ഞ് അത് പള്ളിമുറ്റത്ത് വീണ്ടും വന്നുചേർന്നു..
വാ… നമുക്ക് ചന്തയിലേക്ക് പോകാം.. നിനക്ക് കമ്മലും മാലയും പൊട്ടുമൊക്കെ വേണ്ടേ
പിന്നല്ലാതെ…
അവൾ അവന്റെ കൈപിടിച്ച് തിരക്കുള്ള ചന്തയിലേക്ക് നടക്കാൻ ഒരുങ്ങവേ….
നിൽക്ക്…എവിടെയാ രണ്ടുപേരും ധൃതിയിൽ..
ശബ്ദം കേട്ട് അവർ ഞെട്ടിപ്പോയി..
സാമുവൽ അച്ഛനും മനുവിന്റെ അച്ഛൻ കപ്യാര് വറിതും..
ഞങ്ങളൊന്ന് ചന്തയിലേക്ക്…
രണ്ടുപേരും ഒരുമിച്ച് പേടിയോടെ പറഞ്ഞു..
അയ്യോ പേടിക്കേണ്ട… മേരിക്കുഞ്ഞെ ഇതൊക്കെ ഭംഗിയായിട്ടുണ്ട് എന്ന് എല്ലാ ഭാഗത്തുനിന്നും നല്ല അഭിപ്രായങ്ങൾ ഉയരുകയാണ്.. എനിക്കും തോന്നി ഇപ്രാവശ്യത്തെ ഗംഭീരം ആയിട്ടുണ്ട്.. ആ പ്രശംസ പറയാനാ ഞാൻ വന്നത്..
താങ്ക്സ് അച്ചോ…
താങ്ക്സ് ഒന്നും വേണ്ട… നാളെ രാവിലെ വന്നു ബാക്കിയുള്ള കാശും വാങ്ങി പൊയ്ക്കോളൂ…
ഉം… ഉവ്വ് അച്ചോ…
അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ശരി ഇനി പൊക്കോ രണ്ടു ഇണ പ്രാവുകളും.. ആകെ കിട്ടുന്ന ഒരു പെരുന്നാൾ അല്ലേ ആഘോഷിച്ചോ…
അതു കേട്ട മനു അപ്പച്ഛൻ കപ്യാര് വറീതിനെ നോക്കി..
അയാളുടെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു..
സാമുവൽ അച്ഛനും അപ്പച്ചൻ വറീതും നടന്നു നീങ്ങിയപ്പോൾ
മേരിക്കുഞ്ഞിനും മനുവിനും ഒരു പ്രത്യേക എനർജി വന്നതു പോലെയായി. അവരുടെ പ്രണയത്തെ ആരൊക്കെയോ അംഗീകരിക്കുന്ന ഒരു ആത്മവിശ്വാസം അവരിൽ ഉണ്ടായി..
വാ
കൈകോർത്തു
അവർ ചന്തയിലേക്ക് നടന്ന നീങ്ങി..