അഗ്രഹാരത്തിലെ ദ്രൗപതി

(ലോക വനിതാദിന ആശംസകൾ)

അഗ്രഹാരത്തിലെ ദ്രൗപദി


മൊബൈൽ ഫോൺ നിർത്താതെ അടിയ്ക്കുന്നത് കേട്ടാണ് അപർണ്ണ ഉണർന്നത്.പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ട് അവൾ കൈയ്യെത്തിച്ചു ഫോൺ എടുത്തപ്പോഴേയ്ക്കും കട്ട് ആയി. രാജീവ് ആണ് .പതിവില്ലാതെ അവൻ എന്താ ഇപ്പോൾ ?.സാധാരണ രാത്രിയാണല്ലോ വിളിയ്ക്കാറുള്ളത്.പാതിരാത്രി വരെയുള്ള ചാറ്റിങ്ങും വിഡിയോ കാളും കഴിഞ്ഞു ഒന്ന് മയങ്ങിയത് അല്ലെ ഉള്ളു.പെട്ടെന്ന് ഇതെന്താ ഇത്ര അത്യാവശ്യം.
അപർണ്ണ പതുക്കെ ബെഡിൽ നിന്നും താഴെ ഇറങ്ങി മുഖം കഴുകി വന്നു.ഫോൺ എടുത്തു രാജീവിനെ വിളിച്ചു.

ആദ്യ ബെല്ലിൽ തന്നെ രാജീവ് ഫോൺ എടുത്തു.
“എന്താ രാജീവ് ഈ രാവിലെ തന്നെ വിളിച്ചത് .ഞാൻ ഒന്നും ഉറങ്ങിയതും കൂടി ഇല്ല .അതെങ്ങനെയാ ഇന്നലെ എന്തൊക്കെയാണ് വീഡിയോ കാളിൽ കാട്ടികൂട്ടിയത്.”
മറുപടിയായി രാജീവിന്റെ ഗംഭീരസ്വരം മറുതലയ്ക്കിൽ നിന്നും കേട്ടു.അതല്പം പതറിയിരുന്നോ ? ഏയ് തോന്നിയതാവും ..
“അപർണ്ണ,ഒരു അത്യാവശ്യകാര്യം പറയാൻ വേണ്ടിയാണ് വിളിയ്ക്കുന്നത് .നമ്മുടെ ബന്ധം എന്റെ വീട്ടുകാർക്ക് അറിയാം .നിനക്ക് അറിയാമല്ലോ ,അമ്മയുടെ അസുഖം.എത്രയും പെട്ടെന്ന് നിന്നെ രജിസ്റ്റർ വിവാഹം കഴിച്ചു കൂട്ടികൊണ്ട് ചെല്ലാൻ അമ്മ പറഞ്ഞിട്ടുണ്ട്.നാളെ രാവിലേ തന്നെ നീ ഒരുങ്ങി ഇറങ്ങിക്കോളൂ.”
രാജീവിന്റെ വാക്കുകൾ താൻ കേൾക്കാൻ ആഗ്രഹിച്ചിരുന്നത് ആണെങ്കിലും പാലക്കാട് അഗ്രഹാരത്തിൽ കോലം വരച്ചു കഴിഞ്ഞിരുന്ന താൻ ,പെട്ടെന്ന് ബാംഗ്ലൂർ പോലുള്ള ഈ മഹാനഗരത്തിന്റെ മരുമോൾ ആകുന്നത് എങ്ങിനെ.മറുത്തൊന്നും പറയാതെ നിൽക്കുന്ന അപർണ്ണയോടായി രാജീവ് പറഞ്ഞു.”എനിക്കറിയാം ,തന്റെ വിഷമം.എടോ,ഞാനും ഒരു അഗ്രഹാരത്തിൽ ജനിച്ചു വളർന്നത് തന്നെയാണ്.ചെറുപ്പത്തിൽ ഈ മഹാനഗരത്തിൽ വന്നു കൂടിയെന്നെ ഉള്ളു.ഇടയ്ക്കൊക്കെ അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം നാട്ടിൽ പോകും.നീ ഒന്നുകൊണ്ടും പേടിയ്‌ക്കേണ്ട.അവിടെ അച്ഛനെയും അമ്മയെയും നോക്കാൻ നിന്റെ അനുജത്തി ഉണ്ടല്ലോ.തല്ക്കാലം നീ നാളെ രാവിലെ “മടിവാള ജംഗ്ഷനിൽ നിൽക്കു.ഞങ്ങൾ അങ്ങോട്ട് വരാം.ബാക്കിയൊക്കെ വന്നിട്ട്.താൻ പേടിയ്ക്കേണ്ടടോ എന്റെ അമ്മ ഒരു പാവമാണ്.നിന്നെ ഇഷ്ടമാവും.”

യെസ് എന്നോ നോ എന്നോ മറുപടി പറയാതെ അപർണ്ണ കുറച്ചു നേരം ബെഡിൽ ഇരുന്നു.
മൗനം സമ്മതമാണെന്ന് നിനച്ചു രാജീവ് ഫോൺ കട്ട് ചെയ്തു.
അപർണ്ണയുടെ മനസ്സിൽ നാട്ടിൽ ജീവച്ഛവങ്ങൾ ആയി കിടക്കുന്ന മാതാപിതാക്കളുടെ ദയനീയ മുഖം തെളിഞ്ഞു മറുവശത്തു എന്നും തന്നെ നെഞ്ചോട്
ചേർക്കാൻ കൊതിയ്ക്കുന്ന രാജീവ്.
ആരെ കൊള്ളണം ആരെ തള്ളണം.അപർണ്ണ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.പെട്ടെന്ന് അവൾ ഫോൺ എടുത്തു അനുജത്തി അനുരാധയെ വിളിച്ചു.കുറെ നേരം ബെൽ അടിച്ചതിനു ശേഷമാണ് അവൾ അറ്റൻഡ് ചെയ്തത്.
“അനൂ” അപർണ്ണ പതിയെ വിളിച്ചു.”എന്താ ചേച്ചി ,പതിവില്ലാതെ ഈ നേരത്തു,ഇന്ന് ഓഫീസിൽ പോയില്ലേ”കിതച്ചുകൊണ്ട് അനു ചോദിച്ചു.
“നീയെന്തിനാ കിതയ്ക്കുന്നത്”അപർണ്ണ ചോദിച്ചു.”അപ്പായ്ക്ക് കഞ്ഞി കൊടുക്കുകയായിരുന്നു.രാവിലെ തന്നെ ഗുളിക കൊടുക്കാൻ ഉണ്ട്.അവിടെ നിന്നും ഓടി വന്നതാ അതാ,ചേച്ചി വിശേഷം പറയു.”

എല്ലാം പറഞ്ഞു ഒന്ന് പരസ്പരം കരഞ്ഞു തീർന്നപ്പോൾ അപർണ്ണയുടെ മനസ്സൊന്നു ശാന്തമായി.
ഒന്നും പറയാതെ നിൽക്കുന്ന അനുവിനോടായി അപർണ്ണ ചോദിച്ചു.”ചേച്ചി എന്ത് ചെയ്യണം?”
ഗദ്ഗദത്തോടെയും എന്നാൽ ദൃഢതയും ഉള്ള സ്വരത്തോടെ അനു പറഞ്ഞു.” ചേച്ചി പറഞ്ഞതു കേട്ടിട്ട് അയാൾ നല്ലവൻ ആണെന്ന് തോന്നുന്നു.എത്ര കാലം എന്ന് വെച്ചാ ചേച്ചി ഇങ്ങനെ കഷ്ടപ്പെടുന്നത് ,അച്ഛന്റെയും അമ്മയുടെയും കാര്യം ഞാൻ നോക്കിക്കോളാം,ചേച്ചിയെങ്കിലും ഈ നരകത്തിൽ നിന്ന് രക്ഷപ്പെടൂ ” പറഞ്ഞു തീർന്നതും ഒരു ഏങ്ങലടിയോടെ അനു ഫോൺ കട്ട് ചെയ്തു.

പിറ്റേന്ന് രണ്ടും കല്പിച്ചു കുറച്ചു ഡ്രെസ്സുകളുമായി മടിവാള ജംഗ്ഷനിൽ കാത്തുനിന്നു.ബാംഗ്ലൂർ നഗരത്തിലെ മലയാളികളുടെ പറുദീസയാണ് മടിവാള.പരിചയക്കാരിൽ പലരും നോക്കി ചിരിച്ചുകൊണ്ട് കടന്നുപോകുന്നു.അധികം വൈകാതെ തന്നെ രാജീവ് കാറുമായി എത്തി .അപർണ്ണയോട് മുൻസീറ്റിൽ കയറാൻ പറഞ്ഞു.കാറിൽ കയറിയ അപർണ്ണ കണ്ണാടിയിലൂടെ കണ്ടു പുറകിൽ രണ്ടു പേർ.ചോദ്യചിഹ്നത്തോടെ രാജീവിനെ നോക്കിയപ്പോൾ അവൻ പറഞ്ഞു .”സാക്ഷികൾ ആണ് .രണ്ടു പേര് വേണം രജിസ്റ്ററിൽ ഒപ്പിടാൻ .എന്റെ കൂട്ടുക്കാർ ആണ്.എന്നെ പോലെ തന്നെ പാവങ്ങളാ..”

രജിസ്റ്റർ ഓഫീസിൽ നിന്നുള്ള വഴിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞപ്പോൾ
വീണ്ടും അപർണ്ണ രാജീവിനെ നോക്കി.
അവൻ പറഞ്ഞു . “അയ്യോ ,തന്നോട് പറയാൻ മറന്നു.രജിസ്ട്രാർ ഇന്ന് ലീവ് ആണ്.എന്തായാലും താൻ ഇറങ്ങിയത് അല്ലേ.ഫ്ലാറ്റിൽ പോയി അപ്പയെയും അമ്മയെയും കണ്ടു.നാളെ തന്നെ നമുക്ക് വിവാഹം നടത്താം.”രാജീവിന്റെ മുഖത്തുവിരിയുന്ന ഗൂഢമന്ദഹാസം അപർണ്ണ തിരിച്ചറിഞ്ഞില്ല .

രാജീവിന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ തെല്ലൊരു പരിഭ്രമം അപർണ്ണയ്ക്ക് തോന്നാതിരുന്നില്ല .അപ്പയും അമ്മയും ഉണ്ടാകുമല്ലോ എന്നോർത്തപ്പോൾ തെല്ലൊരു ആശ്വാസം തോന്നി.കാളിങ് ബെൽ അടിച്ചിട്ടും ആരും തുറക്കാതായപ്പോൾ രാജീവ് തന്നെ കയ്യിലിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു.സംശയദൃഷ്ടിയോടെ രാജീവിനെ നോക്കിയപ്പോൾ അവൻ പറഞ്ഞു.”ചിലപ്പോൾ അപ്പയും അമ്മയും അമ്പലത്തിൽ പോയതാവും .താൻ വാ” അപർണ്ണയെ ചേർത്ത് പിടിച്ചു രാജീവ് അകത്തേയ്ക്ക് കടന്നു .കൂടെ കൂട്ടുകാരും.
അപർണ്ണയെ ബെഡ് റൂമിൽ ഇരുത്തി രാജീവ് പറഞ്ഞു .” താൻ ഒന്ന് റസ്റ്റ് ചെയ്യൂ.അപ്പോഴേയ്ക്കും ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം.” അല്പസമയത്തിനുള്ളിൽ
കയ്യിൽ ജ്യൂസ് ആയി രാജീവ് എത്തി.മനമില്ലാ മനമോടെ അപർണ്ണ അത് അല്പാല്പമായി മൊത്തികുടിച്ചു.കുടിച്ചു തീർന്നതും തലയിൽ എന്തോ പെരുത്തുകേറുന്നതും ബോധം മറയുന്നതും പോലെ അപർണ്ണയ്ക്ക് തോന്നി.

ബോധം വരുമ്പോൾ അപർണ്ണ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളോടെ കിടക്കയിൽ കിടക്കുകയായിരുന്നു .ശരീരമാസകലം വേദനയാൽ നീറുന്നുമുണ്ട് .ഒരു ഉൾകിടിലത്തോടെ അവൾ തിരിച്ചറിഞ്ഞു താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു .മധുരമുള്ള വാക്കിനാൽ തന്നെ രാജീവ് ചതി കുഴിയിൽ പെടുത്തിയിരുന്നു.ഒരുപക്ഷേ ഇനി ഏതെങ്കിലും ചുവന്ന തെരുവിൽ ആയിരിക്കും തന്റെ ശിഷ്ടജീവിതം.ജീവച്ഛവങ്ങൾ ആയ അപ്പയെയും അമ്മയെയും ഒരു നിമിഷം മറന്നതിന് ദൈവം തന്ന ശിക്ഷ.താൻ ഇപ്പോൾ ഒരു പത്മവ്യൂഹത്തിൽ അകപ്പെട്ടിരിക്കുന്നു.തനിയ്ക്ക് ചുറ്റും അരക്കില്ലം ഒരുങ്ങി കഴിഞ്ഞു.ഇവിടെ ഈ ചുവരുകൾക്കുള്ളിൽ ആരും അറിയാതെ ഒടുങ്ങാൻ ഉള്ളതല്ല തന്റെ ജന്മം.പുനർജ്ജനിക്കണം ദ്രൗപദിയായി ,കാട്ടാളജന്മങ്ങളുടെ ചോരയിൽ ചവിട്ടി ചുടലനൃത്തം ചവിട്ടണം .

എന്ത് ചെയ്യണമെന്നറിയാതെ അപർണ്ണ കുഴങ്ങി.പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.ഒറ്റ ബെല്ലിൽ തന്നെ അവൾ ഫോൺ ചാടിയെടുത്തു .”അനുവാണ്”.അവളോട് എന്ത് പറയും .ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു .പെട്ടെന്ന് മനസ്സിൽ ഒരു ഐഡിയ തോന്നി അവൾ ഫോൺ സൈലന്റ് മോഡിൽ ആക്കി ഫേസ്ബുക് ലൈവ് ഓൺ ആക്കി വച്ച് ആരുമറിയാതെ സുരക്ഷിത സ്ഥാനത്തു വച്ചു.പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു,ചുണ്ടിൽ എരിയുന്ന സിഗരറ്റും കള്ളചിരിയുമായി രാജീവും കൂട്ടുകാരും.അവൾ മുറിയുടെ മൂലയിൽ ഒതുങ്ങി.

സ്വതസിദ്ധമായ പുഞ്ചിരിയോടെ തന്നെ സമീപിച്ച രാജീവിനോട് അപർണ്ണ പൊട്ടിത്തെറിച്ചു.”എന്തിനാണ് ആരോടും ഒരു തെറ്റും ചെയ്യാത്ത എന്നെ ഇത്ര ക്രൂരമായി വഞ്ചിച്ചത്.”
എരിഞ്ഞു തീരാറായ സിഗരറ്റ് അപർണ്ണയുടെ കവിളിൽ അടുപ്പിച്ചു രാജീവ് പറഞ്ഞു. “നീയെന്താ വിചാരിച്ചത് ,നീ എന്റെ ആദ്യത്തെ പെണ്ണാണെന്നോ,നിന്നെ പോലെ എത്രയെത്ര പാവം പെൺകുട്ടികൾ എന്റെ കൈകളിലൂടെ ഈ ചുവന്ന തെരുവിൽ എത്തിയിട്ടുണ്ടെന്നു അറിയാമോ.ഒരിക്കൽ എന്റെ കയ്യിൽ അകപ്പെട്ടാൽ പിന്നെ ആർക്കും രക്ഷപെടാൻ പറ്റില്ല .നീയും പെട്ട് പോയി സുന്ദരിക്കുട്ടി”.

” ഞാൻ പെട്ട്‌ പോയി എന്നത് ശരി തന്നെ.ഇനി ഒരിക്കലും ഒരു പെൺകുട്ടി
പോലും നിന്റെ മുൻപിൽ അടിയറവ് പറയില്ല.” എന്ന അപർണ്ണയുടെ വാക്കിനെ ഖണ്ഡിച്ചുകൊണ്ടു രാജീവ് പറഞ്ഞു . “നിനക്ക് ഞാൻ അഞ്ചു മിനിറ്റ് സമയം തരും.അതിനുള്ളിൽ നീ എന്റെ കൂട്ടുകാരോട് സഹകരിച്ചില്ല എങ്കിൽ നീ വിവരം അറിയും.”

ഒന്നും മിണ്ടാതെ മൂലയിൽ ഒതുങ്ങിയ അപർണ്ണയെ വക വെക്കാതെ രാജീവും കൂട്ടുകാരും അടുത്ത ഗ്ലാസ്സ് മദ്യം കൂടി അകത്താക്കി. പിന്നീട് ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് രാജീവ് അപർണ്ണയുടെ അടുത്തേയ്ക്ക് നീങ്ങി. ഒന്ന് ആഞ്ഞ് വലിച്ചു പുക മുഴുവൻ അവളുടെ മുഖത്തേയ്ക്ക് ഊതി രാജീവ് ചോദിച്ചു .” ഇപ്പോ എന്തായി ആരു വന്നു നിന്നെ രക്ഷിക്കാൻ?”.
രാജീവിന്റെ കൈ തട്ടി മാറ്റി അവന്റെ കരണംനോക്കി അവൾ ആഞ്ഞടിച്ചു.എന്നിട്ട് അലറി “നോക്കിക്കോ നിന്റെ കയ്യിൽ വന്ന അവസാനത്തെ ഇരയാണ് ഞാൻ .ഇന്ന് നിന്റെ അവസാനമാണ്”.
“എടി,നിന്നെ ഞാൻ ” രാജീവ് അലറിക്കൊണ്ട് അപർണ്ണയെ അടിക്കാൻ ഓങ്ങവേ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് രാജീവ് കൈ പിൻവലിച്ചു അലക്ഷ്യമായി വാതിൽ തുറന്നു.
കണ്മുൻപിൽ കണ്ട കാഴ്ച്ച രാജീവിനെ ഞെട്ടിച്ചു .പത്ര ടീവി മാധ്യമങ്ങളോടൊപ്പം പോലീസ് കൈവിലങ്ങുമായി നിൽക്കുന്നു.

വിലങ്ങണിഞ്ഞു പോലീസ്ക്കാരോടൊപ്പം പോകുന്ന രാജീവിനെ നോക്കി അപർണ്ണ പറഞ്ഞു .”സ്ത്രീ അമ്മയാണ് , അവൾ ശക്തിയാണ്. ഒരിക്കലും ഒരു വില്പനചരക്കല്ല”

ശുഭം.

(ലോക വനിതാ ദിനാശംസകൾ )

മഹേഷ് ഇരിഞ്ഞാലക്കുട

One comment

  1. Fantastic article! Your perspective on this topic is truly insightful. For those looking to explore this further, I found an excellent resource that complements your points: READ MORE. I’m eager to hear what others think about this!

Leave a Reply

Your email address will not be published. Required fields are marked *